ഭാരതീയ ന്യായ സംഹിതയില് 358 വകുപ്പുകളിലായി ഇരുനൂറിലെ കുറ്റകൃത്യങ്ങളുണ്ട്. കുറ്റത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച്, സാമൂഹിക സേവനം മുതല് വധശിക്ഷ വരെയുള്ള ശിക്ഷകളെക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ, പൊതുബോധത്തിന്റെ താല്പര്യം ഒരു വിധം കുറ്റവാളികളെയൊക്കെ തല്ക്ഷണം കൊന്നു കളയണമെന്നാണ്. രണ്ടുതവണ ആള്ക്കൂട്ട കൊലപാതകം നടന്ന പാലക്കാട്ടു നിന്നുതന്നെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഒരു ആള്ക്കൂട്ട കൊലപാതകം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്, പ്രതികളെ ശിക്ഷിച്ച മണ്ണാര്ക്കാട് പട്ടികജാതി-വര്ഗ പ്രത്യേക കോടതി വിധിയിലെ 'ആള്ക്കൂട്ട വിചാരണ ഇത് അവസാനത്തേതാകട്ടെ' എന്ന വാചകം ഉദ്ധരിച്ചു കൊണ്ടാണ് 'വീണ്ടും മധു' എന്ന തലക്കെട്ടില് മലയാള മനോരമ ഒന്നാം പേജ് വാര്ത്ത പ്രസിദ്ധീകരിച്ചത്. ഈ ആള്ക്കൂട്ട വിചാരണയുടെ വെര്ച്വല് രൂപമാണ് സോഷ്യല് മീഡിയയില് നടക്കുന്നത്. പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളും അതിനു കൂട്ടുനില്ക്കുന്നുവെന്നു പറയേണ്ടി വരുന്നതില് ഖേദമുണ്ട്.
പ്രണയിച്ച പെണ്കുട്ടിയെ ബ്ലാക്ക് മെയില് ചെയ്ത് പണവും സ്വര്ണവും തട്ടിയെന്ന പരാതിയില് പൊലീസ് പിടിച്ചുകൊണ്ടുപോവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത യുവാവിന്റെ കുടുംബത്തിനു നീതി കിട്ടണമെന്നു വാദിച്ചവര് തന്നെ പെണ്കുട്ടിയുടെ വീട്ടുകാരുടെ പരാതി പുറത്തു വന്നതോടെ ആ കുടുംബത്തിനു എതിരായി. ചെറുപ്പക്കാരന് കൊല്ലപ്പെടേണ്ടവന് തന്നെ എന്നായി ആള്ക്കൂട്ടം. മരിച്ചിട്ടും അയാളെ കൊന്നു കൊണ്ടിരിക്കുന്നു. മദ്യപിച്ച് അമിത വേഗത്തില് വാഹനമോടിച്ച്, മൂന്നു പേരുടെ മരണത്തിനിടയാക്കിയ സുഹൈല് സജീവിനെയും കയ്യില് കിട്ടിയാല് കൊന്നു കളയണമെന്ന ആഗ്രഹമാണ് പൊതുബോധത്തിനുള്ളത്. അതുകൊണ്ടാണ്, സുഹൈലിനെ ബോര്സ്റ്റല് സ്കൂളിലേക്ക് അയച്ചുവെന്ന വാര്ത്ത പോലും ആള്ക്കൂട്ടത്തെ ഒന്നാകെ അരിശം കൊള്ളിക്കുന്നത്.
കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളെ ശിക്ഷിക്കാനും പൊലീസും ഭരണകൂടങ്ങളും ശ്രമിക്കില്ല എന്നല്ല, കുറ്റം ചെയ്തവര് പോലും അര്ഹിക്കുന്ന ചില മനുഷ്യാവകാശങ്ങളുണ്ട്. അത് ഭരണഘടന നേരിട്ട് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആ അവകാശങ്ങളും ആനുകൂല്യങ്ങളുമുള്ളതുകൊണ്ടാണ് നിരപരാധികള്ക്ക് പൊലീസിനേയും ഭരണകൂടത്തേയും അതിജീവിച്ച് രക്ഷപ്പെടാന് കഴിയുന്നത്. അര്ഹിക്കുന്ന ശിക്ഷ മാത്രം കുറ്റവാളികള്ക്ക് ലഭ്യമാക്കാൻ കഴിയുന്നതും.
കൂട്ടില് നില്ക്കുന്ന പ്രതി നിരപരാധിയാണെന്ന അനുമാനത്തിലാണ് കോടതി വിചാരണ നടപടികള് ആരംഭിക്കുന്നത്. കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. സംശയാതീതമായി തന്നെ തെളിയിക്കണം. ഇല്ലെങ്കില് സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതിയെ വിട്ടയക്കാനുള്ള അധികാരം കോടതികള്ക്കുണ്ട്. കുറ്റക്കാരനല്ലെന്ന അനുമാനം (presumption of innocence) എന്ന സങ്കല്പം ആധുനിക നീതി ന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണ്.
കുറ്റാരോപിതര്ക്ക് ഭരണഘടന നല്കുന്ന ചില ആനൂകൂല്യങ്ങളും അവകാശങ്ങളും നോക്കാം
ആര്ട്ടിക്കിള് 20(1): എക്സ് പോസ്റ്റ് ഫാക്ടോ നിയമങ്ങള്ക്കെതിരെയുള്ള സംരക്ഷണം: ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുമ്പോള് നിലവിലുള്ള നിയമപ്രകാരം അത് കുറ്റകരമല്ലെങ്കില്, പിന്നീട് ഒരു നിയമം നിര്മ്മിച്ച് ആ വ്യക്തിയെ ശിക്ഷിക്കാന് പാടില്ല. അതുപോലെ, കുറ്റം ചെയ്യുമ്പോള് ഉണ്ടായിരുന്ന പരമാവധി ശിക്ഷയേക്കാള് കൂടുതല് ശിക്ഷ പിന്നീട് നിയമം മാറ്റി നല്കാനും പാടില്ല.
ആര്ട്ടിക്കിള് 20(2): ഇരട്ട ശിക്ഷാ നിരോധനം: ഒരു വ്യക്തിയെ ഒരേ കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല. ഒരു തവണ ശിക്ഷ അനുഭവിച്ച കുറ്റത്തിന് വീണ്ടും ശിക്ഷിക്കാന് നിയമം അനുവദിക്കുന്നില്ല.
ആര്ട്ടിക്കിള് 20(3): സ്വയം കുറ്റസമ്മതം നടത്താതിരിക്കാനുള്ള അവകാശം: ഒരു കുറ്റകൃത്യത്തില് ആരോപണവിധേയനായ വ്യക്തിയെ തനിക്കെതിരെ തന്നെ സാക്ഷി പറയാന് (കുറ്റസമ്മതം നടത്താന്) നിര്ബന്ധിക്കാന് പാടില്ല. പൊലീസിനോട് പറയുന്ന കുറ്റസമ്മത മൊഴികള് കോടതിയില് തെളിവായി സ്വീകരിക്കാത്തതിന് പിന്നിലെ അടിസ്ഥാനം ഈ അവകാശമാണ്. ഇങ്ങനെ സ്വയം കുറ്റസമ്മതം നടത്താന് തയാറാകാത്തവരെ കുറിച്ചാണ് പലപ്പോഴും പൊലീസും മാധ്യമങ്ങളും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നു മുറവിളി കൂട്ടുന്നത്.
ആര്ട്ടിക്കിള് 21: ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം: ഇന്ത്യന് ഭരണഘടനയിലെ ഏറ്റവും വിശാലമായ ഈ അവകാശം കുറ്റാരോപിതര്ക്കും തടവുകാര്ക്കും ഒരുപോലെ ബാധകമാണ്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളിലൂടെയല്ലാതെ (Procedure established by law) ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഹനിക്കാന് പാടില്ല. ഈ ആര്ട്ടിക്കിളിന്റെ അടിസ്ഥാനത്തില് സുപ്രീം കോടതി കുറ്റാരോപിതര്ക്ക് പല അവകാശങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം (Right to Speedy Trial): വിചാരണ നീട്ടിക്കൊണ്ടുപോയി ഒരാളെ വര്ഷങ്ങളോളം ജയിലിലിടാന് പാടില്ല. പക്ഷേ, ഇന്നും വിചാരണ കൂടാതെ അനേകം പേര് തടവറകളില് കഴിയുന്നുവെന്നത് വേറെ പരമാര്ഥം.
സൗജന്യ നിയമസഹായം (Right to Free Legal Aid): സ്വന്തമായി അഭിഭാഷകനെ വയ്ക്കാന് സാമ്പത്തിക ശേഷിയില്ലാത്ത കുറ്റാരോപിതര്ക്ക് സര്ക്കാര് ചിലവില് നിയമസഹായം നല്കണം. ലീഗല് സര്വീസസ് അതോറിറ്റികള് രൂപീകരിച്ചിരിക്കുന്നത് ഈ അവകാശം കുറ്റാരോപിതര്ക്ക് ലഭ്യമാക്കാനാണ്.
ക്രൂരമായ പീഡനങ്ങള്ക്കെതിരെയുള്ള അവകാശം (Right against Cruel and Unusual Punishment): കസ്റ്റഡി പീഡനങ്ങളും (Custodial Torture) മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും ഈ അവകാശത്തിന്റെ ലംഘനമാണ്.
ആര്ട്ടിക്കിള് 22: അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള സംരക്ഷണം: അറസ്റ്റ് ചെയ്യുമ്പോള് പാലിക്കേണ്ട ഭരണഘടനാപരമായ കടമകളും പ്രതിയുടെ അവകാശങ്ങളും ഭരണഘടനയില് വ്യക്തമാണ്.
ആര്ട്ടിക്കിള് 22(1)- അറസ്റ്റിന്റെ കാരണം അറിയാനുള്ള അവകാശം.
ആര്ട്ടിക്കിള് 22(1)- അഭിഭാഷകനെ കാണാനുള്ള അവകാശം.
ആര്ട്ടിക്കിള് 22(2)- 24 മണിക്കൂറിനുള്ളില് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കണം: അറസ്റ്റ് ചെയ്ത വ്യക്തിയെ യാത്രയ്ക്കെടുക്കുന്ന സമയം ഒഴിവാക്കി, 24 മണിക്കൂറിനുള്ളില് ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കണം. മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതിയില്ലാതെ ഈ സമയപരിധി കഴിഞ്ഞ് പൊലീസ് കസ്റ്റഡിയില് വെക്കാന് പാടില്ല.
നെടുമ്പാശ്ശേരി വാഹാനാപകട കേസിലെ പ്രതിയെ ബോര്സ്റ്റല് സ്കൂളില് അയച്ചത് എന്തോ വലിയ പാതകമാണെന്ന മട്ടില് മാധ്യമങ്ങളിലും വാര്ത്ത വന്നിരുന്നു. അത് കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളെ വരെ അസ്വസ്ഥരാക്കി. ഇവിടെയും മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. കുറ്റക്കാരാണെന്നു കണ്ടെത്തുന്ന പ്രതികള്ക്ക് കോടതികള് ശിക്ഷ വിധിക്കും. അവര് പിന്നീട് ജയിലുകളിലാണ് കഴിയുന്നത്. വിചാരണ തടവുകാരും ജയിലുകളിലാണ് കഴിയുന്നത്. ഈ ജയിലുകള് പ്രവര്ത്തിക്കുന്നത് പലതരം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ജയിലില് കഴിയുന്നവരുടെ മനുഷ്യാവകാശങ്ങള് സംരക്ഷിക്കേണ്ടതും ഭരണകൂടങ്ങളുടെ കര്തവ്യമാണല്ലോ.
കേന്ദ്ര പ്രിസണ്സ് ആക്ട് (1894), കേരള പ്രിസണ്സ് ആന്ഡ് കറക്ഷണല് സര്വീസസ് (മാനേജ്മെന്റ്) ആക്ട് (2010), അതിന്റെ 2014-ലെ നിര്വ്വഹണ ചട്ടങ്ങള്, കേരള ബോര്സ്റ്റല് സ്കൂള് ആക്ട് (1961) എന്നീ നിയമങ്ങള് അനുസരിച്ചാണ് ജയിലുകള് പ്രവര്ത്തിക്കുന്നതും അന്തേവാസികളെ കൈകാര്യം ചെയ്യുന്നതും. നീതി നിര്വഹണം നടപ്പാക്കുമ്പോള് കുറ്റകൃത്യങ്ങളില് ഏര്പ്പെടുന്ന വ്യക്തികളുടെ പ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. കുട്ടികളെയും കൗമാരക്കാരെയും സാധാരണ ക്രിമിനലുകളായി കണ്ട് കടുത്ത ശിക്ഷകള്ക്ക് വിധേയമാക്കുന്നതിന് പകരം, അവരെ തിരുത്തി പുനരധിവസിപ്പിക്കുക എന്ന മാനവിക സമീപനമാണ് ഇന്ത്യന് നിയമങ്ങള് വിഭാവനം ചെയ്യുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില് കുറ്റവാളികളെ വിവിധ വിഭാഗങ്ങളായി തിരിക്കുകയും അവര്ക്കായി പ്രത്യേക നിയമങ്ങളും തിരുത്തല് കേന്ദ്രങ്ങളും രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര നിയമമായ ദി പ്രിസണ്സ് ആക്ടിന്റെ 27 (1) വകുപ്പു പ്രകാരം 18 മുതല് 21 വരെ പ്രായമുള്ള പുരുഷ തടവുകാരെ മുതിര്ന്ന കുറ്റവാളികളുമായി സമ്പര്ക്കം വരാത്ത രീതിയില് പൂര്ണ്ണമായും വേര്തിരിച്ച് പാര്പ്പിക്കാനുള്ള ക്രമീകരണങ്ങള് ജയിലുകളില് നിര്ബന്ധമായും ഒരുക്കണം.
കേരള പ്രിസണ്സ് ആന്ഡ് കറക്ഷണല് സര്വീസസ് (മാനേജ്മെന്റ്) ആക്ട് 2010 സെക്ഷന് 2(ii) അനുസരിച്ച്, 18 വയസ്സ് തികഞ്ഞതും എന്നാല് 21 വയസ്സ് കവിയാത്തതുമായ തടവുകാരെ കൗമാര കുറ്റവാളി (Adolescent Offender) എന്ന വിഭാഗത്തിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.
മുന്കാലങ്ങളില് ഇത്തരക്കാരെ പാര്പ്പിച്ചിരുന്ന കേന്ദ്രങ്ങളെ മലയാളത്തില് 'ദുര്ഗുണ പരിഹാര പാഠശാലകള്' എന്നാണ് ഔദ്യോഗികമായി വിളിച്ചിരുന്നതെങ്കിലും ഈ പേര് നിയമപരമായും ഔദ്യോഗികമായും ഇപ്പോള് ഒഴിവാക്കിയിട്ടുണ്ട്. ബോര്സ്റ്റല് സ്കൂള്' (Borstal School) അല്ലെങ്കില് പൊതുവായി 'തിരുത്തല് കേന്ദ്രങ്ങള്' (Correctional Homes) എന്നാണ് ഇവ അറിയപ്പെടുന്നത്. കാക്കനാട് ജയിലിനോട് ചേര്ന്ന് തൃക്കാക്കരയിലാണ് കേരളത്തിലെ ഏക ബോര്സ്റ്റല് സ്കൂള് പ്രവര്ത്തിക്കുന്നത്.
കേരള ബോര്സ്റ്റല് സ്കൂള്സ് ആക്ട് പ്രകാരമാണ് ബോര്സ്റ്റല് സ്കൂളുകളുടെ പ്രവര്ത്തനം. ഇതിലെ വകുപ്പ് 28 പ്രകാരം, കൗമാരപ്രായത്തില് ബോര്സ്റ്റല് സ്കൂളില് കഴിയേണ്ടി വന്നതിന്റെ പേരില് ആ വ്യക്തിക്ക് ഭാവിയില് സര്ക്കാര് ജോലിക്കോ മറ്റ് ഔദ്യോഗിക കാര്യങ്ങള്ക്കോ യാതൊരുവിധ അയോഗ്യതയും ഉണ്ടാകാന് പാടില്ലെന്ന് വരെ അനുശാസിക്കുന്നുണ്ട്. ശിക്ഷിക്കുക എന്നതിലുപരി ഇവര്ക്ക് കായിക വ്യായാമങ്ങള്, തൊഴില് അധിഷ്ഠിത പരിശീലനങ്ങള്, പൊതുവിദ്യാഭ്യാസം, നിരന്തരമായ കൗണ്സിലിംഗ് എന്നിവ നല്കി പുനരധിവസിപ്പിക്കുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.
വേദനിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. കുറ്റാരോപിതരെ മതത്തിന്റെ അടിസ്ഥാനത്തില് കൂടി വിചാരണ ചെയ്യാന് ആള്ക്കൂട്ടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇക്കാര്യം നമ്മള് കാണാതിരിക്കേണ്ടതില്ല. കൊടുങ്ങല്ലൂരില് ആത്മഹത്യ ചെയ്ത ചെറുപ്പക്കാരനും സുഹൈല് സജീവിനും എതിരെ വരുന്ന സോഷ്യല് മീഡിയ കമന്റുകള് ശ്രദ്ധിച്ചാല് ഇതു ബോധ്യമാകും. ഇന്നലെ അങ്കമാലി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതിയില് സുഹൈലിന്റെ ജാമ്യാപേക്ഷയില് വാദിക്കവെ, അയാളുടെ അഭിഭാഷകന് മതത്തിന്റെ പേരില് നടന്ന പോതുബോധ സൃഷ്ടിയെ പറ്റി സൂചിപ്പിച്ചിരുന്നു.
നിയമം കുറ്റവാളികളെ ശിക്ഷിക്കാന് മാത്രമുള്ളതല്ല, നിരപരാധികളെ രക്ഷിക്കാന് കൂടിയുള്ളതാണ്. കുറ്റവാളികള്ക്ക് അര്ഹിക്കുന്ന ശിക്ഷ നല്കാനും അനര്ഹമായ ശിക്ഷയില് നിന്ന് രക്ഷിക്കാനും കൂടിയുള്ളതാണ് നിയമം. പക്ഷേ, ഡിഫന്സ് (പ്രതിഭാഗം) വക്കീലുമാരെ വരെ കല്ലെറിയാന് കല്പിക്കുന്നതാണ് നമ്മുടെ പൊതുബോധം. നിരപരാധികള്ക്ക് നീതി ലഭ്യമാക്കുന്നതും കുറ്റവാളികള്ക്ക് അര്ഹിക്കുന്ന ശിക്ഷ മാത്രം ലഭ്യമാക്കുന്നതും ഡിഫന്സ് വക്കീലന്മാരാണ് എന്ന് ഓര്ക്കുന്നത് നല്ലതാണ്.
In this opinion article, P.T. Muhammad Sadiq examines the growing culture of public outrage and trial by social media in Kerala, arguing that public sentiment increasingly demands immediate death for anyone accused of a crime. Citing recent incidents of mob lynching in Palakkad, the suicide of a young man accused of blackmailing his girlfriend, and the Nedumbassery fatal road accident case involving Suhail Sajeev, the article highlights how public opinion can quickly shift from demanding justice for one family to condemning another before the legal process is complete.