ചരിത്രം, കഴിഞ്ഞുപോയ കാലത്തിന്റെ രേഖപ്പെടുത്തലുകളാണെന്നത് പോലെ അത് ഓരോ കാലഘട്ടത്തിലെ ഭരണകൂടങ്ങളും തങ്ങളുടെ വർത്തമാനകാലത്തെ ന്യായീകരിക്കാനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ആയുധം കൂടിയാണ്. വർത്തമാന ഇന്ത്യയിൽ അത് സംഘപരിവാറിന്റെ ആയുധമാണ്. അപനിർമിക്കാനും തിരുത്തിയെഴുതാനുമായാണ് സംഘപരിവാർ ചരിത്രത്തെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അതിനായവർ രൂപപ്പെടുത്തിയിരിക്കുന്നത് ദീർഘകാല പദ്ധതികളാണ്. പാഠപുസ്തകങ്ങളെയാണ് ചരിത്രത്തിന്റെ തിരുത്തലുകൾക്കായി പ്രധാനമായും ഹിന്ദുത്വ ഉപയോഗിക്കുന്നത്. സമകാലിക ഇന്ത്യയിൽ ഭരണകൂടം നടത്തുന്ന തിരുത്തിയെഴുതലുകൾ കേവലം അക്കാദമികമായൊരു പ്രക്രിയ മാത്രമല്ല. ആഴത്തിൽ വേരുകൾ സ്ഥാപിച്ച് കൊണ്ടും കൃത്രിമമായി ചരിത്രത്തിന്റെ പിൻബലം ഉണ്ടാക്കിക്കൊണ്ടും ഹിന്ദുത്വ ദേശീയതയെ സ്ഥാപിച്ചെടുക്കാനുള്ള ബോധപൂർവ്വമായ ഒരു ശ്രമമാണത്.
ഒരു പ്രത്യയശാസ്ത്രത്തെ മുന്നിൽ വെച്ചുകൊണ്ട് ചെരിപ്പിനനുസരിച്ച് കാല് വെട്ടുന്നത് പോലെ ചരിത്രത്തെ തോന്നിയത് പോലെ വെട്ടി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉടൽ അതിലിറങ്ങാൻ പാകത്തിനുള്ള ഒരു അച്ചുകൂടം ഒരുക്കലാണ്. ചരിത്രത്തെ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുക്കി നിർത്തുമ്പോൾ, ചരിത്രത്തിലെ സംഭവങ്ങൾ, മനുഷ്യർ, സിദ്ധാന്തങ്ങൾ, പാഠങ്ങൾ, അനുഭവങ്ങൾ, പങ്കുവെക്കുന്ന അറിവുകൾ എന്നിവയെല്ലാം എല്ലാ കാലത്തേക്കുമായി കവർന്നെടുക്കാൻ ഹിന്ദുത്വക്ക് സാധിക്കും.
ജനതയുടെ ചരിത്രബോധത്തെ അട്ടിമറിച്ച് കൊണ്ട് മാത്രമേ ദേശീയതയുടെ തിരുത്തുകൾ സാധ്യമാക്കാൻ കഴിയുകയുള്ളൂ എന്ന് സംഘപരിവാർ തിരിച്ചറിയുന്നുണ്ട്. അതിന് വേണ്ടിയാണ് അക്കാദമികമായ ചരിത്രപാഠങ്ങളിൽ അവർ ജാഗ്രതയോടെ ഇടപെട്ട് കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ മണ്ടത്തരങ്ങളെന്നും അന്ധവിശ്വാസങ്ങളെന്നും തോന്നുന്നവയുടെ പ്രചാരകരായി ചില ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും അക്കാദമീഷ്യന്മാരും രംഗത്ത് വരുന്നത് അവർക്ക് ബൗദ്ധിക ശോഷണം സംഭവിക്കുന്നത് കൊണ്ടല്ല. ഹിന്ദുത്വ ആവിഷ്കരിച്ചിരിക്കുന്ന വലിയൊരു പദ്ധതിയുടെ ഭാഗമാണതും. ചരിത്രത്തെ മിത്തുകളുമായി ലയിപ്പിക്കുകയും, ശാസ്ത്രീയമായ തെളിവുകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വളച്ചൊടിക്കുകയും, ചരിത്രപുരുഷന്മാരെ വിസ്മരിക്കുകയും ചെയ്യുന്നതിലൂടെ ഒരു പുതിയ ദേശീയബോധം നിർമ്മിച്ചെടുക്കാനാണ് അവരിലൂടെ സമകാലിക ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
സങ്കീർണ്ണമായ ഇന്ത്യൻ ചരിത്രത്തെ ആര്യ-ദ്രാവിഡ വിഭജനം, ഹിന്ദുമതവും ഇതര മതങ്ങളും തമ്മിലുള്ള സംഘർഷം, സുവർണകാലവും അധിനിവേശകാലവും അല്ലെങ്കിൽ ഉണ്ടായിരുന്നവരും വന്നവരും തുടങ്ങിയ ബൈനറികളിലൂടെ ലളിതവൽക്കരിച്ച് കൊണ്ടാണ് ഹിന്ദുത്വ ചരിത്രത്തിലേക്കുള്ള അവരുടെ കടന്ന് വരവ് സാധ്യമാക്കുന്നത്. അതിനായി പാഠ പുസ്തകത്തിൻ്റെ ചരിത്രാഖ്യാനങ്ങളെ അധികാരം ഉപയോഗിച്ച് തിരുത്തുവാനുള്ള ഒരു പദ്ധതിയാണ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. പാഠപുസ്തകങ്ങൾ ഒരു രാഷ്ട്രത്തിന്റെ ഭാവി തലമുറയുടെ ചിന്താരീതിയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവയാണ്. ചരിത്രത്തിലെ അസ്വസ്ഥജനകമായ ഏടുകളെ നീക്കം ചെയ്യുകയോ, ഭരണാധികാരികളുടെ വ്യക്തിത്വത്തെ അതിമാനുഷികമായി അവതരിപ്പിക്കുകയോ, വൈവിധ്യങ്ങളെ ഏകശിലാരൂപമാക്കാൻ ശ്രമിക്കുകയോ ചെയ്ത് കൊണ്ടാണ് ഹിന്ദുത്വ അതിൽ പുനരാഖ്യാനങ്ങൾ നടത്തുന്നത്. പാഠപുസ്തകങ്ങളിൽ വരുത്തുന്ന ഈ മാറ്റങ്ങൾ കേവലം വിവരങ്ങൾ വെട്ടിമാറ്റലുകൾ മാത്രമല്ല. അത് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിനനുസൃതമായ ചരിത്രവായനയെ കുട്ടികളിലേക്ക് കുത്തിവെക്കലാണ്. ചോദ്യം ചെയ്യാനുള്ള കഴിവ് നശിപ്പിക്കുകയും, പാഠപുസ്തകത്തിലെ വിവരങ്ങളെ അന്തിമ സത്യമായി സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നതിലൂടെ ചിന്താശേഷിയുള്ള ഒരു സമൂഹത്തിന് പകരം, അനുസരണയുള്ള പൗരന്മാരെ വളർത്തിയെടുക്കാനാണ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ, പ്രത്യേകിച്ച് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ചരിത്രത്തെയും സാമൂഹിക ശാസ്ത്രത്തെയും കാവിവൽക്കരിക്കുന്നു എന്ന ആരോപണമാണ് ഇതിനെതിരെ പ്രധാനമായും ഉയരുന്നത്. പാഠപുസ്തക പരിഷ്കരണത്തിന്റെ പിന്നിലെ യുക്തിയായി
സർക്കാർ വാദിക്കുന്നത് ഇന്ത്യയുടെ സാംസ്കാരികമായ തിരിച്ച് പിടിക്കലാണ്. വസ്‌തുനിഷ്ഠമല്ലാത്തതും കൊളോണിയൽ മനോഭാവമുള്ളതുമായ ചരിത്രത്തെ മാറ്റി, ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വം കുട്ടികളിൽ എത്തിക്കുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യമെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഒരു പ്രത്യയശാസ്ത്രത്തെ മുന്നിൽ വെച്ചുകൊണ്ട് ചെരിപ്പിനനുസരിച്ച് കാല് വെട്ടുന്നത് പോലെ ചരിത്രത്തെ തോന്നിയത് പോലെ വെട്ടി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ഉടൽ അതിലിറങ്ങാൻ പാകത്തിനുള്ള ഒരു അച്ചുകൂടം ഒരുക്കലാണ്. ചരിത്രത്തെ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുക്കി നിർത്തുമ്പോൾ, ചരിത്രത്തിലെ സംഭവങ്ങൾ, മനുഷ്യർ, സിദ്ധാന്തങ്ങൾ, പാഠങ്ങൾ, അനുഭവങ്ങൾ, പങ്കുവെക്കുന്ന അറിവുകൾ എന്നിവയെല്ലാം എല്ലാ കാലത്തേക്കുമായി കവർന്നെടുക്കാൻ ഹിന്ദുത്വക്ക് സാധിക്കും.
മുഗളരില്ലാത്ത ഇന്ത്യ
പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകമായ തീംസ് ഇൻ ഇന്ത്യൻ ഹിസ്റ്ററി പാർട്ട് രണ്ടിൽ നിന്ന് മുഗൾ ഭരണത്തെക്കുറിച്ചുള്ള കിംഗ്സ് ആൻഡ് ക്രോണിക്കിൾസ് എന്ന അധ്യായം പൂർണ്ണമായും ഒഴിവാക്കിയാണ് മധ്യകാല ഇന്ത്യാ ചരിത്രത്തോടുള്ള അമർഷം സംഘപരിവാർ തീർത്തിരിക്കുന്നത്. ചരിത്രത്തിൻമേലുള്ള കടും വെട്ടിൻ്റെ ഒരു സ്പഷ്ടമായ ഉദാഹരണം കൂടിയാണത്. മുഗൾ ഭരണാധികാരികൾ ഗോൾവാൾക്കറുടെ ഹിന്ദുത്വ സിദ്ധാന്തപ്രകാരം ഭാരതീയമല്ല. കാരണം അവർ മുസ്‌ലിംകളാണ്. മുസ്‌ലിം ഭരണാധികാരികൾ രാജ്യത്തിന് നൽകിയ സംഭാവനകളും ഇന്ത്യയെന്ന രാജ്യത്തെ രൂപപ്പെടുത്തിയ രാഷ്ട്രീയ സംഘാടനങ്ങളിൽ അവർ നടത്തിയ മുന്നേറ്റങ്ങളും പഠിക്കാത്ത ഒരു പുതു തലമുറയെ സംഘപരിവാറിന് ആവശ്യമുണ്ട്. അവരിലൂടെയാണ് ഹിന്ദുത്വ ദേശീയതയെ സ്ഥാപിക്കാൻ സംഘപരിവാർ ഉദ്ദേശിക്കുന്നത്. പാനിപ്പത്ത് യുദ്ധങ്ങളെയും ഹുമയൂണും അക്ബറും ഷാജഹാനുമടക്കം മുഗൾ സാമ്രാജ്യത്തിന്റെ ഭരണാധികാരികളെയും അവരുടെ ഭരണസംവിധാനത്തെയും ചരിത്ര സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് പൂർണമായും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ഹിന്ദുത്വ നിരന്തരം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ഹിന്ദു മുസ്‌ലിം സംഘർഷങ്ങൾക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികൾ മധ്യകാല ഇന്ത്യാ ചരിത്രത്തിലുണ്ട്. പാരമ്പര്യത്തെക്കുറിച്ചുള്ള ഹിന്ദുത്വയുടെ അവകാശവാദങ്ങളെ മധ്യകാല ചരിത്രം തകർത്ത് കളഞ്ഞേക്കുമോ എന്നൊരാശങ്കയും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ഹിന്ദുത്വയുടെ ചരിത്രത്തോടുള്ള ആകുലതകൾ മൂർത്തമാകുന്നത്.
ഇന്ത്യയുടെ ആഗോളതലത്തിലുള്ള സ്വാധീനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് അവതരിപ്പിക്കുകയും ചെയ്തു കൊണ്ടാണ് രാജ്യത്തിൻ്റെ ആഗോള ബന്ധങ്ങളുടെ ചരിത്രത്തെ ഹിന്ദുത്വ മാറ്റിയെഴുത്തിക്കൊണ്ടിരിക്കുന്നത്
ഗാന്ധി വധം; ഹിന്ദുത്വയുടെ ചരിത്രഭയം
സംഘപരിവാറിൻ്റെ ഹിന്ദുത്വ ആശയങ്ങൾക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ഗാന്ധി വധം. ഒരേസമയം ഗാന്ധിവധം ഒരു നേട്ടമായും കോട്ടമായും അവർ സ്വയം വിലയിരുത്തുന്നുണ്ട്. സവർക്കറടക്കമുള്ള ഹിന്ദുത്വയുടെ നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഗാന്ധി വധം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഗാന്ധി വധത്തെത്തുടർന്ന് ആർ എസ് എസ് നിരോധിക്കപ്പെടുകയും ചെയ്തു.
ഗാന്ധിജിയുടെ വധത്തെയും തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ചതിനെയും കുറിച്ചുള്ള പരാമർശങ്ങളും പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അനേകം ഒഴിവാക്കലുകളാണ് പാഠപുസ്തകങ്ങളിൽ വരുത്തിയിരിക്കുന്നത്. ഗാന്ധിജി ആർ എസ് എസിനോട് സ്വീകരിച്ച നിലപാടുകളും ഗാന്ധിജിയുടെ ആശയങ്ങൾ ആർ.എസ്.എസിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്ന പരാമർശങ്ങളുള്ള ഭാഗങ്ങളും ഒഴിവാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഗാന്ധി ഘാതകനായ നാഥുറാം വിനായക ഗോഡ്‌സെയെക്കുറിച്ചുള്ള പരാമർശങ്ങൾ ലഘൂകരിക്കുകയും ഗോഡ്‌സെ ബ്രാഹ്മണമായിരുന്നു എന്ന് വിശേഷിപ്പിച്ചിരുന്ന ഭാഗം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഗോഡ്‌സെയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ ചരിത്രത്തിന് ആവശ്യമില്ലെന്നായിരുന്നു ഇതിന് നൽകിയ വിശദീകരണം. ചുരുക്കത്തിൽ, സംഘപരിവാർ, തങ്ങൾക്ക് ബാധ്യതയാകുന്ന നിലയിലും ഹിന്ദുത്വയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലും പാഠപുസ്തകങ്ങളിൽ ഉൾപ്പെട്ട മുഴുവൻ ചരിത്ര ഭാഗങ്ങളെയും തെരഞ്ഞ് പിടിച്ച് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്ത് കലാപത്തിൻ്റെ ചരിത്രവായനകൾ
ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഹിന്ദുത്വ ഏറ്റവും ഭയപ്പെടുന്നത് 2002ലെ ഗുജറാത്ത് കലാപത്തിൻ്റെ വായനകളെയാണ്. മനുഷ്യനെയും സമൂഹത്തെയും സംബന്ധിച്ച് ഹിന്ദുത്വ ഉയർത്തുന്ന എല്ലാ അവകാശവാദങ്ങളെയും തിരുത്തിക്കുറിക്കുന്നതും ഹിംസ നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ ഒരു രക്തരൂഷിത ചരിത്രമാണ് ഗുജറാത്ത് കലാപത്തിൻ്റേത്. ഗുജറാത്ത് കലാപത്തെ വിശകലനം ചെയ്യുമ്പോൾ, അത് കേവലമൊരു വർഗ്ഗീയ ലഹള എന്നതിലുപരി ആധുനിക ഇന്ത്യയുടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും പുനർനിർവചിക്കാനുള്ള ഒരു സന്ദർഭമായി മാറുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ പുതിയ തലമുറ വർത്തമാന ഇന്ത്യയുടെ ചരിത്രം പഠിക്കുമ്പോൾ ഗുജറാത്ത് കലാപം പഠിക്കേണ്ടതില്ല എന്നതാണ് ഹിന്ദുത്വയുടെ തീരുമാനം. അതാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്തകമായ ഇന്ത്യൻ സൊസൈറ്റിയിൽ നിന്ന് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്ത് കഴിഞ്ഞിരിക്കുന്നു. മതപരമായ വംശഹത്യ എന്ന പ്രയോഗവും അതിനെക്കുറിച്ചുള്ള കേസ് സ്റ്റഡികളും പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കി.
ചരിത്രത്തെയും മിത്തുകളെയും എങ്ങനെയാണ് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എന്നതിന് ഗുജറാത്ത് കലാപം ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യാ ചരിത്രത്തിലെ സങ്കീർണ്ണമായ സാമൂഹിക, മത ബന്ധങ്ങളെ ഹിന്ദു-മുസ്ലിം ദ്വന്ദ്വങ്ങളായി ചുരുക്കിക്കെട്ടാനുള്ള ശ്രമമാണ് ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രകടമായിരുന്നത്. നൂറ്റാണ്ടുകളായി മുസ്ലിങ്ങൾക്കെതിരെ നടന്നതായി പ്രചരിപ്പിക്കപ്പെട്ട ചരിത്രപരമായ പകയുടെ തുടർച്ചയായി അതിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് കലാപാനന്തരം സംഘപരിവാർ നടത്തിയത്. എന്നാൽ ഗുജറാത്ത് കലാപം ഹിന്ദുത്വയുടെ ആഖ്യാനങ്ങൾ പോലെ കേവലമായ ഒരു തൽക്ഷണ പ്രതികരണമായിരുന്നില്ല. ഭൂരിപക്ഷ സമുദായത്തെ ചരിത്രപരമായി ഇരകളായി ചിത്രീകരിക്കുകയും, മുസ്ലിം സമുദായത്തെ ആക്രമണകാരികൾ എന്ന മിഥ്യാധാരണയിലേക്ക് ചുരുക്കുകയും ചെയ്തുകൊണ്ട് നാളുകളെടുത്ത് നടപ്പിലാക്കിയ ഒരു വംശഹത്യയായിരുന്നു യഥാർത്ഥത്തിൽ ഗുജറാത്തിൽ നടന്നത്. ഇതിന്റെ ഭാഗമായാണ് ഗോധ്ര സംഭവത്തെ തുടർന്നുണ്ടായ കലാപത്തെ ഒരു പ്രതികാരമായി ന്യായീകരിച്ചത്. കലാപാനന്തര ഗുജറാത്ത് പിന്നീട് ഹിന്ദുത്വ ദേശീയതയുടെ ലബോറട്ടറി എന്നാണ് വിളിക്കപ്പെട്ടത്. സംഘപരിവാറിനെ സംബന്ധിച്ചേടത്തോളം ചരിത്രത്തെയും മിത്തിനെയും കൂട്ടുപിടിച്ച് എങ്ങനെ ഒരു സംസ്ഥാനത്തെ രാഷ്ട്രീയമായി പൂർണ്ണമായും വിഭജിക്കാം എന്നതിന്റെ മാതൃകയായിരുന്നു ഗുജറാത്ത് കലാപം. ജനാധിപത്യപരമായ മതേതര സ്വഭാവത്തിൽ നിന്ന് ഇന്ത്യയെ ഒരു ഹിന്ദു ദേശീയ രാഷ്ട്രം എന്ന ആശയത്തിലേക്ക് തിരിച്ചുവിടാനുള്ള ഒരു നിർണ്ണായക വഴിത്തിരിവായി നമുക്ക് ഈ കലാപത്തെ വിലയിരുത്താം.
ഇന്ത്യയുടെ സങ്കീർണ്ണമായ ചരിത്രത്തെ ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വെട്ടിമുറിക്കുകയാണെന്നും ഇത് ഭാവി തലമുറയ്ക്ക് ലഭിക്കേണ്ട ചരിത്രപരമായ അറിവിനെ തടസ്സപ്പെടുത്തുമെന്നുമുള്ള വിമർശനങ്ങളെ ഒട്ടും പരിഗണിക്കാതെയാണ് ചരിത്ര നിർമാർജന പ്രക്രിയയുമായി ഹിന്ദുത്വ മുന്നോട്ട് പോകുന്നത്
വെട്ട് വീഴുന്ന ഡൽഹി സുൽത്താൻമാർ
മുഗളന്മാരോട് മാത്രമല്ല, അവർക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന ഡൽഹി സുൽത്താൻമാരോടും ഹിന്ദുത്വക്ക് പകയുണ്ട്. മുഗളന്മാർ ഇന്ത്യയിലേക്ക് വന്നത് ഏതെങ്കിലും ഹിന്ദു രാജാക്കന്മാരെ തോല്പിച്ച് കൊണ്ടായിരുന്നില്ല. മുസ്ലിംകൾ തന്നെയായ ഡൽഹി സുൽത്താൻമാരുടെ ഭരണത്തെ തകർത്തും പിടിച്ചെടുത്തുമാണ് അവർ ഇന്ത്യയുടെ ഭരണം പിടിച്ചത്. മുഗളന്മാരുടെ ശത്രുക്കൾ സ്വഭാവികമായും സംഘപരിവാറിൻ്റെ മിത്രങ്ങളാകേണ്ടവരാണ്. പക്ഷേ വംശീയമായ ശത്രുത ഒന്ന് കൊണ്ട് മാത്രമാണ് ഡൽഹി സുൽത്താൻമാരോടും ഹിന്ദുത്വക്ക് പകയുണ്ടാകുന്നത്. ചരിത്രത്തിൽ നിന്നും ചരിത്ര പാഠപുസ്തകങ്ങളിൽ നിന്നും ഡൽഹി സുൽത്താനേറ്റുമായി ബന്ധപ്പെട്ട പല ഭാഗങ്ങളും വലിയ തോതിൽ വെട്ടിക്കുറക്കുവാൻ ഭരണകൂടം തയ്യാറാകുന്നത് ഹിന്ദുത്വയുടെ താത്പര്യങ്ങളെ ഉയർത്തിപ്പിടിക്കാൻ മാത്രമാണ്. പാഠപുസ്തകങ്ങളിൽ നിന്ന് ഇവയുമായി ബന്ധപ്പെട്ട ചരിത്രപരമായ വിശകലനങ്ങളിൽ മാറ്റം വരുത്തുകയോ ചില ഭാഗങ്ങൾ പൂർണമായും ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. അതോടൊപ്പം മധ്യകാല ഭരണാധികാരികളുടെ മതേതര നിലപാടുകളെയും മതസഹിഷ്ണുതയെയും കുറിച്ചുള്ള പരാമർശങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ ഇസ്‌ലാമിക ഭരണാധികാരികളുടെ സംഭാവനകളേക്കാൾ പ്രാദേശിക ഹൈന്ദവ സാമ്രാജ്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ പാഠഭാഗങ്ങൾ. ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും ഇതിനെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. ഇന്ത്യയുടെ സങ്കീർണ്ണമായ ചരിത്രത്തെ ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വെട്ടിമുറിക്കുകയാണെന്നും ഇത് ഭാവി തലമുറയ്ക്ക് ലഭിക്കേണ്ട ചരിത്രപരമായ അറിവിനെ തടസ്സപ്പെടുത്തുമെന്നുമുള്ള വിമർശനങ്ങളെ ഒട്ടും പരിഗണിക്കാതെയാണ് ചരിത്ര നിർമാർജന പ്രക്രിയയുമായി ഹിന്ദുത്വ മുന്നോട്ട് പോകുന്നത്.
ശാസ്ത്രവും യുക്തിയും തിരുത്തപ്പെടുന്നു
ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് വ്യവസായ വിപ്ലവം. ആധുനികതയുടെ ആമുഖമായിരുന്നു വ്യവസായ വിപ്ലവം. സൈദ്ധാന്തികമായും ശാസ്ത്രീയമായും മനുഷ്യകുലം നവീകരിക്കപ്പെടാൻ ആരംഭിക്കുന്നതിന് പിന്നിൽ വ്യവസായ വിപ്ലവത്തിന് വലിയ പങ്കുണ്ട്. പക്ഷേ വ്യവസായ വിപ്ലവം എന്ന അധ്യായം തന്നെ പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി പകരം പ്രാചീന സംസ്കാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് മറ്റൊരു പ്രധാന വെട്ടൽ നടത്തിയിരിക്കുന്നത്. രാജ്യം ആധുനികത കൈവരിച്ചത് വ്യവസായ വിപ്ലവത്തിൻ്റെ ഗുണഫലം അനുഭവിച്ചത് കൊണ്ടാണ് എന്ന് പഠിക്കുന്നത് ഹിന്ദുത്വയുടെ പാരമ്പര്യരാധനയുമായി ഒത്ത് പോകുന്നതല്ല എന്ന നിരീക്ഷണമാണ് വ്യവസായ വിപ്ലവത്തെ വെട്ടിമാറ്റാനുള്ള കാരണം. എല്ലാം നമ്മുടെ പൗരാണികതയിൽ കുടികൊള്ളുന്നുണ്ട് എന്ന് പഠിപ്പിക്കാനായാണ് വ്യവസായ വിപ്ലവത്തെ സംബന്ധിച്ച് പഠിക്കുന്നതിൽ നിന്ന് പുതിയ തലമുറയെ തടയുന്നത്. വികലമായ ചരിത്രം പഠിക്കുകയും വികലമായ സാമൂഹ്യ ബോധങ്ങൾ പുലർത്തുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മാത്രമേ അപൂർണവും അയഥാർത്ഥവുമായ ഇത്തരം ആഖ്യാനങ്ങൾ വഴി വെക്കുകയുള്ളൂ. ഒരു പക്ഷെ അത് തന്നെയാകും താത്പര കക്ഷികളും ആഗ്രഹിക്കുന്നത്.
പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പുസ്തകത്തിൽ നിന്ന് ചലഞ്ചസ് ടു ഡെമോക്രസി എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന സോഷ്യൽ മൂവ്‌മെന്റ്‌സ് എന്ന അധ്യായവും ഒഴിവാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. നർമ്മദ ബച്ചാവോ ആന്ദോളൻ പോലുള്ള ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ഇന്ത്യയുടെ സംസ്കാരം എന്ന പേരിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ വൈവിധ്യമാർന്ന മതപരവും പ്രാദേശികവുമായ സംസ്കാരങ്ങളെക്കാൾ ഉപരിയായി വേദകാല സംസ്കാരത്തിന് മാത്രം കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ പാഠങ്ങൾ ക്രമീകരിച്ചു കൊണ്ട് ഒരു തലമുറയുടെ ചരിത്രബോധത്തെ അക്കാദമികമായി അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളിൽ ഏതാനും ചിലത് മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച വിദേശ നയം ഒരു ഇടതു പക്ഷ ചായ്‌വുള്ളതായിരുന്നു. അമേരിക്കയുടെ മുതലാളിത്ത ചേരിയിലോ റഷ്യയുടെ സോവിയറ്റ് ചേരിയിലോ ചേരാതെ ചേരിചേരാ നയം സ്വീകരിച്ച് സ്വതന്ത്രമായി നിൽക്കുമ്പോഴും ബാഹ്യമായ ബന്ധങ്ങളിൽ സോവിയറ്റ് അനുകൂല നിലപാടായിരുന്നു രാജ്യം സ്വീകരിച്ചിരുന്നത്. അമേരിക്കയും റഷ്യയും തമ്മിൽ നിലനിന്ന ശീതയുദ്ധ കാലഘട്ടവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ മാറ്റം വരുത്തുകയും ഇന്ത്യയുടെ ആഗോളതലത്തിലുള്ള സ്വാധീനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് അവതരിപ്പിക്കുകയും ചെയ്തു കൊണ്ടാണ് രാജ്യത്തിൻ്റെ ആഗോള ബന്ധങ്ങളുടെ ചരിത്രത്തെ ഹിന്ദുത്വ മാറ്റിയെഴുത്തിക്കൊണ്ടിരിക്കുന്നത്.
മുൻപ് പാഠപുസ്തകങ്ങളിൽ ചരിത്രപരമായ വസ്തുതകൾക്കൊപ്പം വിവിധ ചരിത്രകാരന്മാരുടെ അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തിയിരുന്നു. ചരിത്രാഖ്യാനങ്ങളിൽ ഭിന്ന വീക്ഷണം പുലർത്തുന്ന ചരിത്രകാരന്മാരെക്കൂടി പരിചയപ്പെടുത്താനും സ്വതന്ത്രമായ ചരിത്ര വീക്ഷണത്തെ വളർത്താനും പ്രേരണ നൽകുന്നതായിരുന്നു ഇത്തരം ഉദ്ധരണികൾ. എന്നാൽ പുതിയ പതിപ്പുകളിൽ ഇത്തരം ഭിന്ന വീക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയിരിക്കുന്നു. നേരത്തെ ഭിന്ന വീക്ഷണങ്ങളായി നൽകപ്പെട്ട ഒറ്റപ്പെട്ട ചരിത്രരേഖകൾക്ക് മാത്രം പ്രാധാന്യം നൽകുകയും മുഖ്യമായ ചരിത്രാഖ്യാനങ്ങളെ വിസ്മരിക്കുകയും ചെയ്യുന്ന നിലയിലാണ് നിലവിലെ പാഠപുസ്തകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ ഉദാഹരണങ്ങളോരോന്നും പരിശോധിച്ചാൽ, ചരിത്രത്തിലെ മുസ്ലിം ഭരണാധികാരികളുടെ പ്രാധാന്യം കുറയ്ക്കുക, ആധുനിക ഇന്ത്യയിലെ വിവാദപരമായ രാഷ്ട്രീയ ചരിത്രങ്ങളെ ലഘൂകരിക്കുക, പാശ്ചാത്യ-ആധുനിക ആശയങ്ങളെക്കാൾ പുരാതന ഇന്ത്യൻ പാരമ്പര്യത്തിന് ഊന്നൽ നൽകുക എന്നീ ലക്ഷ്യങ്ങളെ മുന്നിൽ വെച്ച് കൊണ്ടാണ് പാഠപുസ്തകങ്ങളുടെ തിരുത്തുകളിലൂടെ ഹിന്ദുത്വ ദേശീയതയ്ക്ക് ഉപകാരപ്പെടും വിധം ചരിത്രത്തെ പുനരാഖ്യാനിക്കാൻ സംഘപരിവാർ പരിശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് നമുക്ക് ബോധ്യമാകും.
In this opinion piece, M. S. Shaiju argues that the rewriting of school textbooks is part of a broader political project aimed at reshaping India's understanding of history and nationalism. He contends that the Sangh Parivar is using history not merely as an academic subject but as a tool to construct a version of the past that legitimises Hindutva nationalism in the present.
The article argues that changes to historical narratives, the blending of myths with history, the reinterpretation of scientific evidence, and the marginalisation of historical figures are deliberate efforts to influence public consciousness. According to the author, controlling how history is taught to younger generations is central to creating a new conception of Indian national identity.