ബ്രേക്കപ്പായ മുൻ കാമുകീ-കാമുകന്മാർക്ക് പരസ്പരം കാണാനും പഴയ വിശേഷങ്ങൾ പങ്കുവെക്കാനും ഒരു ദിവസം. അതും യാതൊരു കുറ്റബോധവും പ്രശ്‌നങ്ങളുമില്ലാതെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു സ്ഥലത്ത്!കേൾക്കുമ്പോൾ അതിശയമായി തോന്നാമെങ്കിലും വിയറ്റ്നാമിൽ ഇത് ഒരു സാംസ്കാരിക ആചാരമാണ്. വിയറ്റ്നാമിലെ ഹാ ഗിയാങ് (Ha Giang) പ്രവിശ്യയിൽ വർഷത്തിലൊരിക്കൽ നടക്കുന്ന 'ഖാവു വായ് ലവ് മാർക്കറ്റ്' (Khau Vai Love Market) എന്ന വാർഷിക ഉത്സവത്തിലാണ് ഈ അപൂർവ്വ സംഗമം നടക്കുന്നത്. പ്രണയം ആഘോഷിക്കാനായി പ്രദേശത്തെ വിവിധ ഗോത്രവിഭാഗങ്ങളിൽ പെട്ട ആളുകൾ അന്നേ ദിവസം അവിടെ ഒത്തുചേരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രണയകഥയിൽ നിന്നാണ് ഈ മാർക്കറ്റിന്റെ ഉത്ഭവം. നങ്' (Nung) വിഭാഗക്കാരനായ ബാ എന്ന യുവാവും 'ജിയേ' (Giay) വിഭാഗത്തിൽപ്പെട്ട ഉട്ട് എന്ന യുവതിയും തമ്മിൽ പ്രണയത്തിലായി. എന്നാൽ ഇരു കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയും വ്യത്യസ്ത ആചാരങ്ങളും കാരണം ഇവർക്ക് ഒന്നിക്കാൻ പറ്റിയില്ല. ഗോത്രങ്ങൾ തമ്മിലുള്ള രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായി അവർ പിരിയാൻ തീരുമാനിച്ചു. എങ്കിലും, എല്ലാ വർഷവും ഒരു ദിവസം ഖാവു വായ് എന്ന സ്ഥലത്ത് വെച്ച് പരസ്പരം കണ്ടുമുട്ടാമെന്ന് അവർ സത്യം ചെയ്തു. ഈ വാഗ്ദാനമാണ് പിന്നീട് വിയറ്റ്നാമിലെ ഒരു സാംസ്കാരിക ആചാരമായി മാറിയത്.
ചന്ദ്രമാസ കലണ്ടറിലെ മൂന്നാം മാസത്തിന്റെ 27-ാം ദിവസമാണ്(സാധാരണയായി ഏപ്രിൽ-മെയ് മാസങ്ങളിൽ) ഈ പ്രണയ ഉത്സവം നടക്കുന്നത്. പഴയ കാമുകീ-കാമുകന്മാർക്കും യാതൊരു നാടകീയതകളുമില്ലാതെ ഇവിടെ വന്ന് സംസാരിക്കാനും പഴയ ഓർമകൾ പങ്കുവെക്കാനും സാധിക്കും. മുൻകാല പ്രണയിതാക്കൾക്ക് മാത്രമല്ല, പങ്കാളിയെ കണ്ടെത്തുന്നതിനായി അവിവാഹിതരായ ആളുകളും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ വിവാഹിതരായ ദമ്പതികളും ഇവിടെ വരാറുണ്ട്.
പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ് എത്തുന്ന ആളുകൾ നാടൻ പാട്ടുകൾക്കും നൃത്തങ്ങൾക്കുമൊപ്പം പ്രദേശിക ഭക്ഷണങ്ങളും ആസ്വദിച്ചാണ് മടങ്ങുന്നത്. 2021-ൽ വിയറ്റ്നാം സാംസ്കാരിക മന്ത്രാലയം ഈ ലവ് മാർക്കറ്റിനെ ദേശീയ അദൃശ്യ സാംസ്കാരിക പൈതൃകമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ മേള പ്രദേശവാസികൾക്ക് വലിയ രീതിയിലുള്ള തൊഴിലവസരങ്ങളും നൽകുന്നുണ്ട്.
The Khau Vai Love Market in Vietnam is a unique, centuries-old annual festival where ex-lovers can officially reunite and reconnect without any stigma or drama. Rooted in a tragic tale of forbidden love between two different tribes, the festival takes place on the 27th day of the third lunar month. It features traditional folk music, dance, and food, drawing former partners, singles looking for love, and married couples celebrating their culture. In 2021, it was recognized as a national intangible cultural heritage by the Vietnamese government.