സാധാരണയായി നമ്മൾ എന്തിനാണ് യാത്രകൾ ചെയ്യാറുള്ളത്? ജോലിത്തിരക്കുകളിൽ നിന്നൊന്ന് മാറിനിൽക്കാനോ, അല്ലെങ്കിൽ ജന്മദിനം, വിവാഹ വാർഷികം പോലുള്ള വിശേഷ ദിവസങ്ങൾ ആഘോഷിക്കാനോ ആയിരിക്കും. എന്നാൽ ഇന്ത്യക്കാർ ഇപ്പോൾ യാത്ര ചെയ്യാൻ കണ്ടെത്തുന്ന കാരണങ്ങൾ കേട്ടാൽ ആരും ഒന്ന് ചിരിച്ചുപോകും. ഒരു പുതിയ സർവേ റിപ്പോർട്ട് പ്രകാരം നമ്മൾ ഇന്ത്യക്കാർ യാത്ര ചെയ്യാൻ വലിയ കാരണങ്ങളൊന്നും അന്വേഷിച്ച് പോകാറില്ല.
പ്രശസ്ത ട്രാവൽ വെബ്സൈറ്റായ ബുക്കിങ് ഡോട്ട് കോം അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഈ രസകരമായ വിവരങ്ങൾ പുറത്തുവന്നത്. സർവേയിൽ പങ്കെടുത്ത 58 ശതമാനം ആളുകളും വെറുതെ ഒരു യാത്ര പോകണം എന്ന് തോന്നിയത് കൊണ്ട് മാത്രം യാത്ര ചെയ്യുന്നവരാണ്. എന്നാൽ ഏറ്റവും രസകരം അതല്ല. ഭർത്താവിന്റെയോ ഭാര്യയുടെയോ വീട്ടുകാർ വിരുന്നിന് വന്ന് കുറച്ചധികം ദിവസം നിൽക്കുമെന്ന് കണ്ടാൽ ഉടൻ തന്നെ ഹോട്ടൽ ബുക്ക് ചെയ്ത് യാത്ര പോകുന്നവരാണ് 28 ശതമാനം പേർ. അതുപോലെ ബോറടിപ്പിക്കുന്ന കുടുംബ ചടങ്ങുകളിൽ നിന്നും അകന്ന ബന്ധുക്കളുടെ വിവാഹങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നവരും കുറവല്ല. ഏകദേശം പകുതിയോളം (50 ശതമാനം) ആളുകളും ഈ കാരണം കൊണ്ടാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. അത്തരം ചടങ്ങുകൾക്ക് വിളിക്കുമ്പോൾ 'ക്ഷമിക്കണം, ഞാൻ സ്ഥലത്തില്ല' എന്ന് പറയാൻ ഇതൊരു മികച്ച വഴിയാണല്ലോ.
നമ്മുടെ വീടും ചുറ്റുപാടും വരെ ചിലപ്പോൾ നമ്മളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്. അയൽപക്കത്ത് എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴുള്ള ശബ്ദശല്യമോ ഡ്രില്ലിങ് ശബ്ദമോ ഒഴിവാക്കാൻ 46 ശതമാനം ആളുകൾ വിനോദയാത്ര പോകാറുണ്ട്. വീട്ടിലെ ജോലിക്കാരോ നാനിയോ ഡ്രൈവറോ അവധിയെടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്ര പോകുന്നവരാണ് 30 ശതമാനം പേർ.
യാത്രകൾ എപ്പോഴും സന്തോഷത്തിന് വേണ്ടി മാത്രമുള്ളതല്ല. ചിലർ സങ്കടങ്ങൾ മറക്കാനും യാത്ര ചെയ്യാറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാട് ഉണ്ടാക്കുന്ന വേദനയിൽ നിന്നോ പ്രണയനൈരാശ്യത്തിൽ നിന്നോ രക്ഷനേടാനും സ്വന്തം വ്യക്തിത്വം തിരിച്ചറിയാനും പുതിയ മാറ്റങ്ങൾക്കും വേണ്ടി യാത്ര ചെയ്യുന്നവരുമുണ്ട്. ബോളിവുഡ് ചിത്രം 'ക്വീനി'ൽ കങ്കണ റണാവത്തിന്റെ കഥാപാത്രം ചെയ്തത് ഓർമ്മയില്ലേ? അതുപോലെ തന്നെ!
പണ്ടൊക്കെ വലിയ കാര്യങ്ങൾ നേടുമ്പോഴാണ് ആളുകൾ അത് ആഘോഷിക്കാൻ യാത്രകൾ പോയിരുന്നത്. എന്നാൽ ഇന്നത്തെ തലമുറ അങ്ങനെയല്ല. ജോലിസ്ഥലത്തെ ഒരു ബുദ്ധിമുട്ടുള്ള ആഴ്ച പിന്നിട്ടാലോ, അല്ലെങ്കിൽ ചെറിയ ഫിറ്റ്നസ് ലക്ഷ്യങ്ങൾ നേടുമ്പോഴോ അത് ആഘോഷിക്കാൻ യാത്ര ചെയ്യുന്നവരാണ് 61 ശതമാനം പേർ. നാട്ടിലെ കാലാവസ്ഥ മോശമാകുമ്പോൾ വെറുമൊരു 'വൈബിന്' വേണ്ടി മാത്രം യാത്ര ചെയ്യുന്നവർ 57 ശതമാനമുണ്ട്.
ഇതുകൊണ്ടും തീർന്നില്ല കേട്ടോ. യാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോഴുള്ള സങ്കടം മാറ്റാൻ വീണ്ടും യാത്ര ചെയ്യുന്നവരാണ് 20 ശതമാനം. ശമ്പളം കിട്ടിയ സന്തോഷത്തിൽ യാത്രയ്ക്ക് പോകുന്നവർ 16 ശതമാനമുണ്ട്. ഇനി ഇതിലുമൊക്കെ കൗതുകകരമായ മറ്റൊരു കാര്യമുണ്ട്, ജ്യോതിഷം! യാത്ര ചെയ്യാൻ നല്ല സമയമാണെന്ന് ജ്യോത്സ്യൻ പറഞ്ഞാൽ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് 22 ശതമാനം ഇന്ത്യക്കാരും.
A new Booking.com survey reveals the hilariously unconventional reasons Indians are taking holidays. Moving away from traditional milestones, modern travelers are booking trips to escape extended in-law visits, dodge boring family weddings, and avoid noisy neighbors or home renovations. Other bizarre triggers include celebrating "microwins" like surviving a tough work week, curing post-trip blues, getting paid, or simply booking a flight because an astrologer said it was an auspicious time.