Viral

'മിഷ്ടർ കുളങ്ങര കണ്ടതു പോലെയൊന്നുമല്ല ഒരു ആവറേജ് ജർമ്മൻകാരുടെ വീക്കെൻഡ്'; വൈറലായി ജർമ്മനിയില്‍നിന്നുള്ള മലയാളിയുടെ കുറിപ്പ്

ഒരു ശരാശരി കൂടും കുടുക്കയുമുള്ള ജെർമന്റെ അലക്ക്, തൂക്കൽ ഇത്യാദിക്ക് തന്നെ ഒരു വീക്കെൻഡ് തികയില്ല

Madism Desk

പ്രമുഖ സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ സന്തോഷ് ജോർജ്ജ് കുളങ്ങരയെ വിമർശിച്ച് ജർമ്മന്‍ മലയാളിയുടെ കുറിപ്പ്. കുളങ്ങരയുടെ യാത്രാവിവരണത്തിലെ വർണ്ണശബളമായ വീക്കെന്‍ഡ് വിവരണത്തെയും ജർമ്മനിയിലെ ആഘോഷങ്ങളെക്കുറിച്ചുള്ള വിവരണങ്ങളെയുമാണ് ഹേമാ ഹേമാംബിക എന്ന മെഡിക്കല്‍ പ്രൊഫഷണല്‍ വിമർശിച്ചിരിക്കുന്നത്. തീനും കുടിയും നൈറ്റ് ലൈഫ് ഒക്കെയായി ജർമ്മന്‍കാരുടെ ആർമാദം ഞായർ വൈകിട്ട് വരെ നീളും, ഇങ്ങനെ ആർമാദിച്ച് ഉന്മത്തരായാണ് അവർ തിങ്കളാഴ്ച പണിക്ക് പോകുന്നത് എന്നൊക്കെയുള്ള കുളങ്ങരയുടെ വിലയിരുത്തല്‍ സത്യമല്ലെന്നും ശരാശരി ജർമ്മന്‍കാരുടെ ജീവിതം മറ്റൊന്നാണെന്നും ഹേമ വിശദീകരിക്കുന്നു. ജർമ്മനിയില്‍ ഉന്നത പഠനം പൂർത്തിയാക്കുകയും പന്ത്രണ്ട് വർഷക്കാലം യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞയായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഹേമ. നിലവിൽ പ്രിസിഷൻ മെഡിസിൻ മേഖലയിലെ സീനിയർ ലീഡർഷിപ്പില്‍ പ്രവർത്തിച്ചുവരുന്നു.

ഹേമാ ഹേമാംബിക എഴുതുന്നു

സന്തോഷ് കുളങ്ങരയുടെ ഒരു വീഡിയോയിൽ മൂപ്പർ ജർമനിയിലെ അർമാദത്തെക്കുറിച്ച് പറയുന്നുണ്ട്. അതായത് വെള്ളിയാഴ്ച മൂന്നു മണിയോടെ ഓഫീസുകൾ കാലിയാകും, പിന്നങ്ങോട് ആർമ്മാദമാണ്. തീനും കുടിയും നൈറ്റിലൈഫ് ഒക്കെയായി ആർമാദം ഞായർ വൈകിട്ട് വരെ നീളും, ഇങ്ങനെ ആര്മാദിച്ച് ഉന്മത്തരായാണ് അവർ തിങ്കളാഴ്ച പണിക്ക് പോകുന്നത് എന്നൊക്കെയാണ് കഥ. ഇതിന്റെ കൂടെ മറ്റൊരു വീഡിയോ കൂടി വായിക്കാനുണ്ട്, അത് അവസാനം പറയാം.

ഈ വീഡിയോ ഒക്കെ കണ്ട് മനം മയങ്ങി ആണെന്ന് തോന്നുന്നു ഇപ്പോഴത്തെ പിള്ളേരുടെ വരവ്. പക്ഷെ സംഗതി മിഷ്ടർ കുളങ്ങര കണ്ടതു പോലെയൊന്നും അല്ല. ഒരു ആവറേജ് ജർമ്മൻകാരുടെ വീക്കെൻഡ് വിസിറ്റ് bauhaus, baumarkt എന്നപേരിലൊക്കെ അറിയപ്പെടുന്ന പലവിധം ആക്രിക്കടയിലാണ്. എന്ന് വച്ചാൽ മൊട്ടുസൂചി മുതൽ വീട്ടുപണിയാനുള്ള ഓട് സിമന്റ് ഇത്യാദി വരെ കിട്ടുന്ന വലിയ ഷോപ്പിംഗ് സെന്റർ. ഈ ആക്രിക്കടയിൽ പോയി വീടുപണി സാമാനങ്ങൾ തിരയുക, DIY ആയുധങ്ങൾ തിരയുക, എങ്ങിനെ പൈപ്പ് ലീക്ക് മാറ്റാം, ഗാർഡന് വേലിക്ക് ഏതു പെയിന്റ് അടിക്കണം, വേലിച്ചെടി ഏതു നടനം, മുറ്റത്തെ ടൈൽ ഏതു വേണം, എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി കുടുംബസമേതം മനുഷ്യർ പോകുന്നിടം. ഇത് പണിക്കാർക്ക് വേണ്ടിയാണെന്ന് ധരിച്ചെങ്കിൽ തെറ്റി, അവരവർ തന്നെയാണ് ഈ പണിക്കാർ.

ഒരു ആവറേജ് ജർമ്മന്‍, അവന്റെ തറയോട് മാറ്റുന്നത് മുതൽ കിച്ചൻ സിങ്ക് ഫിറ്റ് ചെയ്യുന്നത് വരെ അറിയാം. ഇവിടെ കുറച്ച് കാലം താമസിക്കുന്ന ഏതു വിദേശിയും കാലം കഴിയുമ്പോൾ ഇമ്മാതിരി പണികൾ വശത്താക്കും. വന്നു വന്ന് എന്റെയും ഇഷ്ട ഷോപ്പിംഗ് കേന്ദ്രം ബൌഹൗസ് ആക്രിക്കട ആയി മാറി.ഓരോന്ന് പുതുതായി ഉണ്ടാക്കുക, പഴയത് മറ്റൊന്നാക്കി മാറ്റുക എന്നതൊക്കെയാണ് ഇപ്പോഴത്തെ ഹോബികൾ. വലിയ വീട്ടുപണികൾ ആളുകൾ ചെയ്യുന്നതിന്റെ പ്രധാന കാരണം, അത് ചെയ്യുന്നതിലെ രസം എന്നതിലുപരി അതിന്റെ ചിലവും കൂടിയാണ്. മണിക്കൂർ വച്ച് പണിക്കാരനു നല്ല ചിലവ്.അതിലേറെ ഒത്ത ഒരാളെ കണ്ടെത്താൻ അതിലും പാട്. പിന്നെ സ്വയം ഇറങ്ങുകയേ തരമുള്ളു.

ഇത്തരം ആക്രിക്കട കേന്ദ്രങ്ങളിൽ പുതിയ ട്രെന്റ് DIY പരിപാടികൾക്ക് എത്തുന്ന ആളുകളാണ്. എല്ലാർക്കും ഇപ്പൊ തങ്ങളുടെ വീട്ടിൽ യുണിക്കായിട്ടുള്ള സാധനങ്ങൾ വേണം. ആക്രിക്കടയിലെ കസ്റ്റമർ കെയർ മനുഷ്യർക്കാണെങ്കിൽ നമ്മൾ മാനത്ത് കാണുന്നത് അവർ മരത്തിൽ കാണും. DIY പരിപാടികൾക്കുള്ള മുഴുവൻ ഉപദേശവും തന്ന് കൈച്ചിലാക്കും. ആക്രിക്കട തെണ്ടുന്നത് ആണുങ്ങൾ ആണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. പെണ്ണുങ്ങൾ നാലഞ്ച് സിമന്റ് ചാക്കും ഉന്തി പോകുന്നത് ഒരു വേറിട്ട കാഴ്ചയല്ല, ഇതൊക്കെ കാണുമ്പോഴാണ് എന്റെ നടുവിനെ മട്ടെല്ല് എടുത്ത് അടിക്കാൻ തോന്നുന്നത്. ഇത്തരം ഷോപ്പിങ്ങിൽ കുട്ടികൾ ഒരു അവിഭാജ്യ ഘടകമാണ്, പ്രത്യേകിച്ച് വീക്കെന്റിൽ. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നേരത്തെ തന്നെ ആണിയടിക്കാനും സ്ക്രൂ തിരിക്കാനുമെല്ലാം പരിശീലനം കിട്ടിയിരിക്കും.

ഒരു ശരാശരി കൂടും കുടുക്കയുമുള്ള ജെർമന്റെ അലക്ക്, തൂക്കൽ ഇത്യാദിക്ക് തന്നെ ഒരു വീക്കെൻഡ് തികയില്ല. അതിന്റെ കൂടെ കുട്ടികളെ ഗെയിമുകൾക്ക് കൊണ്ടുപോകുക, ഷിഫ്റ്റ് ജോലി ഉണ്ടാവുക എന്നിങ്ങനെ കൂടി ഉണ്ടായാൽ വീക്കെൻഡ് കുശാലായി എന്ന് പറയാം. അപ്പോഴാണ് അങ്ങ് കേരളക്കരയിൽ ഇരുന്ന് ജർമ്മൻ ആർമാദത്തെക്കുറിച്ച് ഒരു മനുഷ്യർ വാചാലമാകുന്നത്. ശരിയാണ്, വീക്കെന്റിൽ, റെസ്റ്റോറന്റിലും പബ്ബിലും കൂടുതൽ തിരക്ക് കാണാം. എന്ന് വച്ച് അത് ചെറിയൊരു ശതമാനം മനുഷ്യരാണ്. കൂടും കുടുക്കയുമുള്ളവർക്ക് ഈവക സമയമൊന്നും കിട്ടാറില്ല.

ചില വീഡോയോവിൽ നഗരവീഥിയിലൂടെ ഞായർ ദിവസം ക്യാമറയുമായി കറങ്ങി നടന്നു 'ഞാൻ ചുറ്റും നോക്കി ഒരൊറ്റ മനുഷ്യരുമില്ല, വാതിലും ജനലുകളും അടഞ്ഞു കിടന്നു. എല്ലാരും എവിടെപ്പോയോ എന്തോ' - ഇമ്മാതിരി കമന്റുകളും കാണാം. എടോ മനുഷ്യാ അവരൊക്കെ ആകെക്കിട്ടുന്ന ദിവസം വീട്ടിനകത്തിരുന്ന് അലക്കുകയും കുളിക്കുകയും ഒന്ന് നടു നിവർത്തുകയുമാണ്. പോരാത്തതിന് ഞായർ ആർമാദിക്കാൻ പോയിട്ട് 'റൂഹെ ടാഗ്' silent day ആണ്. ഒച്ച വച്ചാൽ വന്നു പോലീസ് പിടിക്കും. ഇങ്ങനെ പോകുന്നു വീക്കെൻഡ് സുവിശേഷങ്ങൾ.

English Summary: Contrary to popular belief, a typical German weekend is not about nonstop partying but revolves around household chores, DIY projects, and family responsibilities, offering a more practical and grounded lifestyle than often portrayed.