Entertainments

നേപ്പാള്‍ മിന്നല്‍പ്രളയം: ഹിമാലയത്തില്‍ ഉരുള്‍പൊട്ടലെന്ന് സംശയം, എന്താണ് ഐസ്-റോക്ക് അവലാഞ്ച്? ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു

ഹിമാലയത്തില്‍ നിന്ന് മഞ്ഞുകട്ടകളും വലിയ പാറക്കല്ലുകളും ഒരുമിച്ച് തകര്‍ന്ന് താഴേക്ക് കുതിച്ചൊഴുകുന്ന പ്രതിഭാസമാണ് ഐസ്-റോക്ക് അവലാഞ്ച്

Madism Desk

നേപ്പാളിലെ റസൂവ ജില്ലയില്‍ വന്‍ നാശനഷ്ടം വിതച്ച മിന്നല്‍പ്രളയത്തിന് കാരണം ഹിമാലയത്തിലെ മഞ്ഞുപാറകളിലുണ്ടായ ഉരുള്‍പൊട്ടലെന്ന് (Ice-rock avalanche) സംശയം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റിലെയും നേപ്പാള്‍, ചൈന എന്നിവിടങ്ങളിലെയും ശാസ്ത്രജ്ഞര്‍ അറിയിച്ചു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ പോഷകനദിയായ ലെന്ധെ ഖോലയിലേക്ക് വലിയ അളവില്‍ മഞ്ഞും പാറയും പതിച്ചതാണ് പെട്ടെന്നുള്ള പ്രളയത്തിന് വഴിവെച്ചത്. ഓഗസ്റ്റ് 26-ന് രാവിലെ ഒമ്പത് മണിയോടെ ഭോട്ടെ കോശി നദിയില്‍ ജലനിരപ്പ് കുത്തനെ ഉയരുകയും വെള്ളവും മണ്ണും ഭീമന്‍ പാറക്കെട്ടുകളും ത്രിശൂലി നദിയിലേക്ക് കുതിച്ചെത്തുകയുമായിരുന്നു.

ത്രിശൂലി നദിയിലെ ഗല്‍ഛി ഭാഗത്ത് വെറും 30 മിനിറ്റിനുള്ളില്‍ ജലനിരപ്പ് ഒമ്പത് മീറ്ററോളം ഉയര്‍ന്നു. സമാന സമയത്തിനുള്ളില്‍ മാലേഖുവില്‍ ജലനിരപ്പ് ഏഴു മീറ്റര്‍ ഉയര്‍ന്നു. നുവാകോട്ട്, ധാഡിംഗ് ജില്ലകളില്‍ പ്രളയസാധ്യത മുന്നില്‍ക്കണ്ട് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ നദീതീരങ്ങളിലെ പ്രധാന ജലനിരീക്ഷണ കേന്ദ്രങ്ങള്‍ ഒലിച്ചുപോവുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തസമയത്ത് ബാധിത പ്രദേശത്ത് നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള ജിലോംഗിലെയും ഴാങ്മുവിലെയും സീസ്‌മോഗ്രാഫുകളില്‍ അസാധാരണമായ പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂകമ്പ തരംഗങ്ങള്‍ക്ക് മഞ്ഞിടിച്ചിലുമായി ബന്ധമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു വരികയാണ്.

എന്താണ് ഐസ്-റോക്ക് അവലാഞ്ച് (Ice-Rock Avalanche)

ഹിമാലയത്തില്‍ നിന്ന് മഞ്ഞുകട്ടകളും വലിയ പാറക്കല്ലുകളും ഒരുമിച്ച് തകര്‍ന്ന് താഴേക്ക് കുതിച്ചൊഴുകുന്ന പ്രതിഭാസമാണ് ഐസ്-റോക്ക് അവലാഞ്ച്. സാധാരണ മഞ്ഞുവീഴ്ചയില്‍ പഞ്ഞിപോലെയുള്ള മഞ്ഞ് മാത്രമാണ് താഴേക്ക് പതിക്കുന്നതെങ്കില്‍, ഐസ്-റോക്ക് അവലാഞ്ചില്‍ ഭീമാകാരമായ ഹിമാനികളുടെ ഭാഗങ്ങളും പാറകെട്ടുകളും വലിയ വേഗതയില്‍ ഇടിഞ്ഞുവീഴുന്നു. താഴേക്ക് പതിക്കുന്ന ആഘാതത്തില്‍ ഉണ്ടാകുന്ന ഘര്‍ഷണം കാരണം മഞ്ഞ് ഉരുകി വെള്ളമാവുകയും പാറയും മണ്ണും ചേര്‍ന്ന് ഒരു വലിയ 'ചളിപ്രവാഹം' ആയി മാറി കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്യും. ഈ അവലാഞ്ചുകള്‍ താഴെയുള്ള നദികളിലേക്കോ തടാകങ്ങളിലേക്കോ പതിക്കുമ്പോള്‍ വെള്ളം പെട്ടെന്ന് കരകവിഞ്ഞൊഴുകാനോ, അല്ലെങ്കില്‍ നദിയുടെ ഒഴുക്ക് താല്‍ക്കാലികമായി തടസ്സപ്പെട്ട് പിന്നീട് വലിയ പ്രളയമായി മാറാനോ കാരണമാകുന്നു. ആഗോളതാപനം മൂലം ഹിമാലയന്‍ പര്‍വ്വതനിരകളിലെ ഹിമാനികള്‍ വേഗത്തില്‍ ഉരുകുന്നതും ഐസ് പാളികള്‍ക്ക് ഇളക്കം സംഭവിക്കുന്നതുമാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രളയത്തെ തുടര്‍ന്ന് റസുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 160 പേര്‍ മരിച്ചതായാണ് വിവരം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്. 844 പേരെ കാണാതായതായിട്ടുണ്ട്. 403 വിനോദ സഞ്ചാരികളെ കാണാനില്ലെന്നാണ് നേപ്പാള്‍ ടൂറിസംവകുപ്പ് വ്യക്തമാക്കുന്നത്. 341 പേര്‍ വിദേശികളാണ്. കാണാതായവരില്‍ 133 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, മലേഷ്യ, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളേയും കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

രണ്ടാം പ്രളയഭീഷണിയില്‍ മേഖല

നേപ്പാള്‍-ചൈന അതിര്‍ത്തിയിലെ ഇടുങ്ങിയ നദീഭാഗത്ത് അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി താല്‍ക്കാലിക തടസ്സം രൂപപ്പെട്ടിട്ടുണ്ടോ എന്ന് വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തകര്‍ന്നാല്‍ രണ്ടാമതൊരു മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഐസിഐഎംഒഡി ക്ലൈമറ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസ്‌ക് വിഭാഗം മേധാവി ക്യാങ്‌ഗോങ് ഷാങ് മുന്നറിയിപ്പ് നല്‍കി. മുന്‍കരുതലിന്റെ ഭാഗമായി ചൈനയിലെ ജിലോംഗ് തുറമുഖ പ്രദേശത്ത് നിന്നും ആളുകളെ ഒഴുപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ പ്രളയത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബിഹാറിലെ പശ്ചിമ ചമ്പാരന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലാ മജിസ്ട്രേറ്റ് തരണ്‍ജോത് സിങ് നിര്‍ദ്ദേശം നല്‍കി.

മേഖലാ സഹകരണം അനിവാര്യം

കാലാവസ്ഥാ വ്യതിയാനം ഹിമാലയന്‍ മേഖലയിലെ മഞ്ഞുപാളികളെയും മലഞ്ചെരുവുകളെയും സാരമായി ബാധിക്കുന്നുണ്ടെങ്കിലും ഈ നിര്‍ദ്ദിഷ്ട ദുരന്തത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സമയമായിട്ടില്ലെന്ന് ഐസിഐഎംഒഡി സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് ഫാറൂഖ് അസം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഇത്തരം പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ അയല്‍രാജ്യങ്ങള്‍ തമ്മില്‍ ശക്തമായ സഹകരണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ചൈനീസ് ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഐസിഐഎംഒഡി ഉപഗ്രഹ ചിത്രങ്ങളും തത്സമയ വിവരങ്ങളും വിശകലനം ചെയ്തുവരികയാണ്.

Scientists suspect that an ice-rock avalanche in the Himalayas triggered the devastating flash flood in Nepal's Rasuwa district. Preliminary findings indicate that a massive amount of ice and rock may have collapsed into the Lhendhe Khola, a tributary of the Bhote Koshi River, causing water levels to rise suddenly and sending water, mud and massive debris downstream into the Trishuli River. Water levels reportedly surged dramatically within minutes, while unusual seismic activity was also recorded near the affected region. Scientists from ICIMOD, Nepal and China are analysing satellite images and other data to determine the exact cause of the disaster.