

കടയില്‍ പോയി ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സാധനം വാങ്ങുമ്പോള്‍ നമ്മള്‍ നല്‍കുന്ന വിലയാണു ചില്ലറ വില. എന്നാല്‍ ഈ ബിസ്‌കറ്റ് കമ്പനിയില്‍ നിര്‍മിക്കുമ്പോള്‍ ഫാക്ടറി ഉടമയ്ക്കു ലഭിക്കുന്ന യഥാര്‍ത്ഥ വിലയെക്കുറിച്ചോ, അല്ലെങ്കില്‍ അത് വലിയ തോതില്‍ മൊത്തവ്യാപാര വിപണിയിലെത്തുമ്പോഴുള്ള വിലയെക്കുറിച്ചോ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ?
വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും കണക്കാക്കാന്‍ ഉപയോഗിച്ചിരുന്ന പഴയ കണക്കെടുപ്പ് രീതിക്ക് വലിയൊരു മാറ്റം വരികയാണ്. ബിസിനസ് ലോകത്തെയും നമ്മുടെ നിത്യജീവിതത്തെയും ഇതെങ്ങനെ സ്വാധീനിക്കുമെന്നു നോക്കാം.
നമ്മുടെ രാജ്യത്ത് സാധനങ്ങളുടെ വിലക്കയറ്റം എങ്ങനെയാണ് ഉയരുന്നതെന്ന് അളക്കാന്‍ സര്‍ക്കാര്‍ കുറേക്കാലമായി പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഒന്ന്, കടകളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ വില നോക്കുന്ന രീതി; രണ്ട്, മൊത്തക്കച്ചവട വിപണിയിലെ വില നോക്കുന്ന രീതി.
ഇതില്‍ മൊത്തക്കച്ചവട വിപണിയിലെ വില കണക്കാക്കുന്ന പഴയ സമ്പ്രദായമായ 'ഡബ്ല്യു പി ഐ' ഒഴിവാക്കാനും പകരം പുതിയൊരു സംവിധാനമായ 'പി പി ഐ' കൊണ്ടുവരാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ബിസിനസ് കരാര്‍ ഒപ്പിടുമ്പോഴോ വിലക്കയറ്റം അളക്കുമ്പോഴോ ഇനി മുതല്‍ പുതിയ രീതിയായിരിക്കും പ്രധാനമായും ആശ്രയിക്കുക.
ആഭ്യന്തര ഉൽപ്പാദകർക്ക് അവരുടെ ഉൽപ്പാദനത്തിന് ലഭിക്കുന്ന വിൽപ്പന വിലയിലെ ശരാശരി മാറ്റം അളക്കുന്ന സാമ്പത്തിക സൂചകമാണ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (പി പി ഐ). ഈ സംവിധാനത്തിലൂടെ ഒരു സാധനം നിര്‍മിക്കുന്നത് മുതല്‍ അത് ഉപയോക്താവിന്റെ കയ്യിലെത്തുന്നതു വരെയുള്ള ഓരോ ഘട്ടങ്ങളും വളരെ വ്യക്തമായി നിരീക്ഷിക്കാന്‍ സാധിക്കും.
ഫാക്ടറിയില്‍ ഉല്‍പ്പാദനം നടക്കുന്ന സമയത്ത് ഉല്‍പ്പാദകന് ലഭിക്കുന്ന വില, അതിനായി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ അവര്‍ നല്‍കുന്ന തുക, കൂടാതെ വിവിധ സേവന മേഖലകളിലെ നിരക്കുകള്‍ എന്നിവയെല്ലാം ഈ പുതിയ കണക്കില്‍ ഉള്‍പ്പെടുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷക്കാലം പഴയ രീതിയും പുതിയ രീതിയും ഒരുമിച്ചുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പുതിയ മാറ്റവുമായി പൊരുത്തപ്പെടാന്‍ ധാരാളം സമയം ലഭിക്കും.
പഴയ മൊത്തവില സൂചിക വെച്ച് നോക്കുമ്പോള്‍ സാധനങ്ങളുടെ യഥാര്‍ത്ഥ ഉല്‍പ്പാദനച്ചെലവ് എന്താണെന്നു കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം സേവന മേഖലയാണ്. അതായത് ബാങ്കിങ്, ടെലികോം, യാത്രകള്‍ തുടങ്ങിയ സേവനങ്ങള്‍. എന്നാല്‍ പഴയ കണക്കെടുപ്പ് രീതിയില്‍ ഈ സേവന മേഖലകളെല്ലാം പൂര്‍ണമായി ഒഴിവാക്കപ്പെട്ടിരുന്നു. ഈ പ്രധാന പോരായ്മ പരിഹരിക്കാനാണു ലോകത്തെ വികസിത രാജ്യങ്ങളെല്ലാം ചെയ്യുന്നതുപോലെ ഇന്ത്യയും ഫാക്ടറി ഗേറ്റിലെ വില കൃത്യമായി കാണിക്കുന്ന പുതിയ സംവിധാനത്തിലേക്കു ചുവടുമാറുന്നത്
നമ്മുടെ അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ വില ഒരു മാസം കൊണ്ട് കുത്തനെ കൂടിയെന്ന് കരുതുക. പഴയ രീതി (WPI) വെച്ച് നോക്കുമ്പോള്‍ കടകളില്‍ എത്തുമ്പോഴുള്ള മൊത്തവില മാത്രമാണ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ട് വെളിച്ചെണ്ണവില കൂടാനുള്ള യഥാര്‍ത്ഥ കാരണം തേങ്ങയുടെ വിലക്കയറ്റമാണോ അതോ വെളിച്ചെണ്ണ ആട്ടി പുറത്തിറക്കുന്ന ഫാക്ടറിയിലെ വൈദ്യുതി ചാര്‍ജും തൊഴിലാളികളുടെ കൂലിയും കൂടിയതാണോ, അതല്ലെങ്കില്‍ കൊണ്ടുപോകാനുള്ള ലോറി വാടക (സേവന മേഖല) കൂടിയതാണോയെന്നു വ്യക്തമായി അറിയാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ പി പി ഐ (PPI) സംവിധാനത്തിലൂടെ ഫാക്ടറി ഗേറ്റിലെ ഉല്‍പ്പാദന ചെലവ് മുതല്‍ ഓരോ ഘട്ടത്തിലെയും വിലക്കയറ്റം കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ വരുമ്പോള്‍ സാധാരണക്കാരെ സംബന്ധിച്ച് ഇതിന്റെ ഗുണം വലുതാണ്. കടകളില്‍ സാധനങ്ങളുടെ വില എന്തിനാണു കൂടുന്നതെന്നതിന്റെ യഥാര്‍ത്ഥ കാരണം കൃത്യമായി കണ്ടെത്താന്‍ പുതിയ സംവിധാനം സഹായിക്കും. പച്ചക്കറി വാങ്ങുമ്പോഴോ മരുന്ന് വാങ്ങുമ്പോഴോ യാത്രാക്കൂലി നല്‍കുമ്പോഴോ വരുന്ന വിലക്കയറ്റം നമ്മുടെ കുടുംബ ബജറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നു കൃത്യമായി വിലയിരുത്താനും അതിനനുസരിച്ച് കൃത്യമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാനും സാധാരണക്കാര്‍ക്ക് ഇതിലൂടെ സാധിക്കും.
വ്യാപാരികളും കമ്പനികളും തമ്മിലുള്ള ദീര്‍ഘകാല കരാറുകളെയും വില നിശ്ചയിക്കുന്ന രീതികളെയുമാണ് ഈ മാറ്റം ഏറ്റവും അധികം സ്വാധീനിക്കുന്നത്. ഇതുവരെ കരാറുകളിലെ വിലക്കയറ്റം കണക്കാക്കിയിരുന്നതു പഴയ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഉല്‍പ്പാദന മേഖലയിലെ യഥാര്‍ത്ഥ വിലനിലവാരം ഇതില്‍ പ്രതിഫലിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ജി ഡി പി കണക്കുകളും കൃത്യമായി തിട്ടപ്പെടുത്താനും ഭാവിയില്‍ ഈ പുതിയ രീതി വലിയൊരു മുതല്‍ക്കൂട്ടായി മാറും.
When you walk into a store and buy a packet of biscuits or any other product, the amount you pay is the retail price. But have you ever wondered what the manufacturer actually receives when that biscuit is produced, or how much it costs when it enters the wholesale market?
India is now set to make a major change to the long-standing method used to measure inflation and price rise. Here's a look at what this shift means and how it could affect businesses as well as our everyday lives.