2026 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 25-ഓളം ജില്ലകളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയെന്ന് റിപ്പോര്‍ട്ട്. അധ്യാപകരുടെ ക്ഷാമം, തകര്‍ന്നു വീഴാറായ ക്ലാസ് മുറികള്‍, കുടിവെള്ളമില്ലായ്മ, മോശം ഭക്ഷണം, വൈദ്യുതി തടസ്സം, സുരക്ഷിതമായ സ്‌കൂള്‍ യാത്രാസൗകര്യങ്ങളുടെ അഭാവം തുടങ്ങി അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കുട്ടികളുടെ സമരം. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ ഉടമ്പടിയും ഇന്ത്യയിലെ 2009-ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമവും കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളാണിവ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2026 ഓഗസ്റ്റ് 17-ന് പുറത്തുവിട്ട 'യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ്' റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങളും വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുവെന്നാണ് ഈ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്. നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടന്ന 'ജെന്‍ സി' പ്രക്ഷോഭങ്ങള്‍ക്കും അതിനെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനും തൊട്ടുപിന്നാലെയാണ് സ്‌കൂള്‍ കുട്ടികളുടെ പ്രക്ഷോഭം ശക്തമായത്. 2010-ന് ശേഷം ജനിച്ച 'ജനറേഷന്‍ ആല്‍ഫ' വിഭാഗത്തില്‍പ്പെട്ട ഈ കുട്ടികള്‍ക്ക്, തങ്ങളുടെ ആവശ്യങ്ങള്‍ ഭരണാധികാരികളുടെ മുന്നിലെത്തിക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ികളുടെ വിജയം പ്രചോദനമായി.
ഓഗസ്റ്റ് തുടക്കത്തില്‍, ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലെ കിഷന്‍പൂരിലുള്ള സര്‍വോദയ ഇന്റര്‍ കോളേജിലെ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്രമരഹിതമായ വൈദ്യുതി, ഫാനുകളുടെ അഭാവം, തകര്‍ന്ന ബെഞ്ചുകള്‍, വൃത്തിഹീനമായ കുടിവെള്ളം, ശുചിമുറികളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ലഖ്‌നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ അഞ്ചിലധികം ജില്ലകളിലും സമാനമായ പ്രക്ഷോഭങ്ങള്‍ നടന്നു. ഉത്തര്‍പ്രദേശിന് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ അലയടിച്ചു.
റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും
സ്‌കൂളുകളിലെ വൈദ്യൂതീകരണത്തില്‍ ദേശീയ ശരാശരി 93.5 ശതമാനമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് (88.8%), മധ്യപ്രദേശ് (90.7%), രാജസ്ഥാന്‍ (91.5%) എന്നീ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിക്കും താഴെയാണ്. അതേസമയം, തമിഴ്‌നാട് (100%), കേരളം (99.8%), ആന്ധ്രാപ്രദേശ് (99.7%), തെലങ്കാന (99.4%) എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍പന്തിയിലാണ്. ഉപയോഗപ്രദവും വൃത്തിയുള്ളതുമായ ശുചിമുറികളുടെ കാര്യത്തിലും സമാനമായ വ്യത്യാസമുണ്ട്. ദേശീയ ശരാശരി 95.8 ശതമാനമായിരിക്കെ രാജസ്ഥാനില്‍ ഇത് 86.8 ശതമാനവും മധ്യപ്രദേശില്‍ 92.3 ശതമാനവുമാണ്. കേരളം (99.6%), തമിഴ്‌നാട് (99.6%), ആന്ധ്രാപ്രദേശ് (98.5%) എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ്.
ആവശ്യങ്ങളിലെ സമാനത
വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറെയും സമാനമായിരുന്നു. അധ്യാപക നിയമനം, പോഷകാഹാരമുള്ള ഉച്ചഭക്ഷണം, സുരക്ഷിതമായ കെട്ടിടങ്ങള്‍, ശുചിമുറികള്‍, റോഡുകള്‍, ഗതാഗത സൗകര്യം ഉറപ്പാക്കുക, സ്‌കൂള്‍ ലയനവും അധ്യാപകരുടെ അനാവശ്യ സ്ഥലംമാറ്റവും ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ബിഹാറിലെ ഗയ ജില്ലയിലെ സിമുആര മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മോശം ഉച്ചഭക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും എതിരെ നാല് കിലോമീറ്റര്‍ നടന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍, മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള ദഹാനുവില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്തിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.
മഹാരാഷ്ട്രയിലെ തന്നെ ബീഡില്‍ 16 അധ്യാപകരുടെ ഒഴിവ് നികത്താത്തതില്‍ പ്രതിഷേധിച്ച് കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ധാരശിവ് ജില്ലയില്‍ കണക്ക്, സയന്‍സ് അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസുകാര്‍ പരീക്ഷാ ആശങ്ക മുന്‍നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ, രാജസ്ഥാനിലെ ജാലോറില്‍ 150 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ മാത്രമുള്ള അവസ്ഥയ്‌ക്കെതിരെയും അല്‍വാറിലെ ജോധ്വാസില്‍ സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നുവീണതിനെതിരെയും ശക്തമായ സമരങ്ങള്‍ നടന്നു. മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഴകിയ ഭക്ഷണം നല്‍കുന്നതിനും കുടിവെള്ളക്ഷാമത്തിനും മോശം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി.
നിയമങ്ങളും അവകാശലംഘനവും
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍, ശുദ്ധമായ കുടിവെള്ളം, ആവശ്യത്തിന് അധ്യാപകര്‍ (പ്രൈമറി വിഭാഗത്തില്‍ 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍) എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍, രാജ്യത്ത് ഒരു ലക്ഷത്തിലധികം ഏക അധ്യാപക സ്‌കൂളുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ഗതാഗത സൗകര്യങ്ങളുടെ അഭാവവും കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ നേരിട്ട് ബാധിക്കുന്നു. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ ഉടമ്പടിയുടെ 24, 28, 29 വകുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്.
തുടര്‍നടപടികളും മാറ്റങ്ങളും
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്നാലെ, ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പോരായ്മകള്‍ കണ്ടെത്തുന്നതിനായി കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി ഓഗസ്റ്റ് 15-ന് മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നിന്ന് 'സ്‌കൂള്‍ ഠീക് കരോ' (സ്‌കൂളുകള്‍ ശരിയാക്കൂ) എന്ന പേരില്‍ സാമൂഹിക ഓഡിറ്റ് കാമ്പയിന്‍ ആരംഭിച്ചു. കുട്ടികളുടെ പ്രായം ചൂണ്ടിക്കാട്ടി അവരുടെ ആവശ്യങ്ങളെ തള്ളിക്കളയാന്‍ കഴിയില്ലെന്ന് യു.എന്‍ കുട്ടികളുടെ അവകാശ ഉടമ്പടിയുടെ 12-ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളില്‍ സ്വന്തമായ അഭിപ്രായ രൂപീകരണത്തിനും അത് രേഖപ്പെടുത്താനുമുള്ള അവകാശം കുട്ടികള്‍ക്കുണ്ട്. നിയമങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുമ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പുതിയ തലമുറ മടിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍.
Students across around 25 districts in 10 Indian states reportedly took to the streets in July and August 2026, demanding basic facilities in government schools. The protests highlighted shortages of teachers, unsafe classrooms, lack of drinking water and toilets, poor-quality midday meals, irregular electricity, and inadequate transportation. The protests exposed a major gap between official claims of improvement in school infrastructure and the realities faced by many students. While the latest UDISE+ report showed progress in areas such as electrification and sanitation, several states continued to lag behind the national average.