എന്റെ മുഖം ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ദൃശ്യം' ട്രോളുകളെല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. അതിന്റെ കാരണം ആ സിനിമയുടെ ആഗോള പോപ്പുലാരിറ്റി തന്നെയെന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഞ്ജുവിനെ അവതരിപ്പിക്കുന്ന നടി അൻസിബ ഹസ്സൻ. 'ദൃശ്യം 3'യുടെ പ്രചരണാർത്ഥം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അൻസിബയുടെ പ്രതികരണം.
അൻസിബയുടെ വാക്കുകൾ:
എന്റെ മുഖം ഉപയോഗിച്ചുണ്ടാക്കുന്ന 'ദൃശ്യം' ട്രോളുകൾ എല്ലാം തന്നെ ഞാൻ കാണാറുമുണ്ട് നന്നായി തന്നെ ആസ്വദിക്കാറുമുണ്ട്. ചൈനീസ്, ഇൻഡോനേഷ്യൻ, ശ്രീലങ്കയിലെ സിംഹള ഭാഷ എന്നിങ്ങനെ ആഗോളതലത്തിൽ നിരവധി വിദേശ ഭാഷകളിലൂടെ പ്രസിദ്ധി നേടിയ ചിത്രമാണ് 'ദൃശ്യം'. ഇന്ത്യയിലെ തന്നെ എത്ര ഭാഷകളിലാണ് നമ്മുടെ സിനിമ എത്തിയത്. ഇത്തരത്തിൽ ആഗോളതലത്തിൽ പ്രസിദ്ധി നേടിയ ഒരു ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായ വ്യക്തിയാണ് ഞാൻ. വാസ്തവത്തിൽ ട്രോളുകളിലൂടെ സംഭവിക്കുന്നത് എന്റെ ഈ വ്യക്തിപരമായ നേട്ടത്തിന്റെ ഓർമപ്പെടുത്തലാണ്. എനിക്കതിൽ ഇപ്പോഴും അഭിമാനമല്ലാതെ മറ്റൊന്നും തോന്നാറില്ല. ഞാൻ പലയിടത്തും പറയുന്നൊരു കാര്യമാണ് 'ഏതെങ്കിലും ഒരു സിനിമയുടെ ഭാഗമായ വ്യക്തിയല്ല ഞാൻ, മറിച്ച് ഞാൻ ചെയ്ത സിനിമയ്‍യുടെ പേര് 'ദൃശ്യം' ആണ്, ഞാനീ ഹോമിൽ ജീവനോടെ ഉള്ളിടത്തോളം അഭിമാനത്തോടെ ജീവിക്കാനും സംസാരിക്കാനും ഉള്ള കാര്യമാണ് എനിക്കിത്. അഞ്ചു ജോർജ് എന്നൊരു കഥാപാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ എത്ര കളിയാക്കിയാലും ട്രോളുകൾ ഉണ്ടാക്കിയാലും ഞാൻ വളരെയധികം സന്തോഷവതിയാണ്.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം’ മലയാള സിനിമയിലെ ത്രില്ലർ ശൈലിയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിർണ്ണയിച്ച ചിത്രമായി മാറിയിരുന്നു. ആദ്യ ഭാഗം തിയേറ്ററുകളിൽ നിന്ന് നേടിയ വരുമാനം ഏകദേശം 75 കോടി രൂപയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്കായും എത്തിയിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21ന് ആഗോളതലയിൽ ചിത്രം റിലീസ് ചെയ്യും.
English Summary: Actress Ansiba Hassan says she enjoys the viral Drishyam memes featuring her face, viewing them as a reflection of the film’s global popularity and her pride in being part of such a landmark movie.