

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ കഥയിലും മേക്കിങ്ങിലും വെള്ളം ചേർത്തിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവുമായ അൻവർ അലി. 2003ൽ കേരളത്തിലെ വയനാട് ജില്ലയിലെ മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ഭൂസമരവും അതിനെതിരെയുണ്ടായ പോലീസ് വെടിവപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. വാണിജ്യ വിജയമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞെങ്കിലും, മുത്തങ്ങ സമരത്തിന്റെ ഇരകളായ ആദിവാസികൾ ആ ചിത്രം കാണുമ്പോൾ അവർക്കു വിമർശിക്കാനുള്ള കാര്യങ്ങൾ അതിനകത്ത് കാണുമെന്നും അൻവർ അലി കൂട്ടിചേർത്തു.
എന്നാൽ, ആദിവാസി സമരത്തെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവരാനും ശ്രദ്ധേയമാക്കാനും ചിത്രത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനത അനുഭവിച്ച അടിച്ചമർത്തൽ പ്രമേയമാക്കുമ്പോൾ, അതിൽ ആളുകളെ കരയിപ്പിക്കുക എന്നത് മാത്രമായിരിക്കരുത് ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു. സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
'സിനിമാ നിയമനങ്ങളിൽ' വിജയ്ക്ക് വിമർശനം; പ്രധാന പദവിയിൽ ‘ബിഗിൽ’, ‘ഗോട്ട്’ നിർമാതാവ് അർച്ചന കൽപാത്തിഅൻവർ അലിയുടെ വാക്കുകൾ:
"ആദിവാസി സമരത്തെക്കുറിച്ചൊരു സിനിമ വന്നു. ഞാനും അതിൽ വർക്ക് ചെയ്തതാണ്. എന്റെ പ്രിയ സുഹൃത്താണ് അനുരാജ് (നരിവേട്ടയുടെ സംവിധായകൻ). അനുരാജ് ഉൾപ്പെടെയുള്ളവർക്ക് അറിയാം ആ സിനിമയിൽ കുറച്ച് ഡയല്യൂഷനുണ്ടെന്ന്. എങ്കിലും അതൊരു സക്സസ്ഫുൾ സിനിമയാണ്. വാണിജ്യ വിജയമുണ്ടാക്കിയിട്ടുണ്ട്. ആദിവാസി സമരംപോലൊരു വിഷയം വീണ്ടും വെളിച്ചത്തു വന്നു. അതൊരു നല്ല കാര്യമാണ്.
പക്ഷേ അതിന്റെ ഇരകളായ ആദിവാസികളും ആ സമരത്തിൽ പങ്കെടുത്ത ആളുകളും അതു കാണുമ്പോൾ അവർക്കു വിമർശിക്കാനുള്ള കാര്യങ്ങൾ അതിനകത്ത് കാണും. അതൊരു എന്റർടെയിൻമെന്റല്ല എന്നവർക്ക് പറയേണ്ടിവരും. കേരളത്തിലെ മിഡിൽ ക്ലാസ് കാണികളെ ആകർഷിക്കുന്ന ഒരു എന്റർടൈനറായി, നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നം. അതൊരു കാലഘട്ടത്തിൽ ഒരു ജനത അനുഭവിച്ച അടിച്ചമർത്തലിന്റെ പ്രശ്നമാണ്. അങ്ങനെ വരുമ്പോഴാണ് വേറൊരുതരം സിനിമയിലൂടെയാണോ ഇതു വരേണ്ടത് എന്ന സംശയം ഉയരുന്നത്. ആ ചോദ്യം അവിടെയുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും."
‘നരിവേട്ട’ ആദിവാസികളുടെ ചരിത്ര സമരത്തെ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ആദിവാസി ഗോത്രസഭ സംസ്ഥാന ചെയർപേഴ്സൺ സി കെ ജാനു ഇതിനു മുൻപ് വിമർശിച്ചിട്ടുണ്ട്. ആത്മാർത്ഥതയോടെ സിനിമയെടുക്കാനുള്ള ധൈര്യമില്ലെങ്കിൽ അതിന് നിൽക്കരുതെന്നും, പുതിയ തലമുറയ്ക്ക് മുൻപിൽ മുത്തങ്ങ സമരത്തിന്‍റെ യാഥാർത്ഥ്യത്തെ അട്ടിമറിച്ചുവെന്നുമായിരുന്നു സി കെ ജാനുവിന്റെ പ്രതികരണം. സമരക്കാർക്കെതിരെ നരനായാട്ട് നടത്തിയ പൊലീസിനെ വെള്ളപൂശാനാണ് ചിത്രം ശ്രമിച്ചത് എന്നും സി കെ ജാനു ചൂണ്ടിക്കാട്ടി.
മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് അബിൻ ജോസഫ് ആണ്. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ നരിവേട്ടയില്‍ ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
Poet and lyricist Anwar Ali says Tovino Thomas starrer Narivetta has diluted aspects of the Muthanga tribal struggle in its story and making. While praising the film for bringing the Adivasi movement back into public discussion, he notes that survivors and participants of the struggle may find several points to criticize.