

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ സംയുക്ത വര്‍മ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നു. താന്‍ പുതിയ സിനിമാ കഥകള്‍ കേട്ടുതുടങ്ങിയെന്നും ഉടന്‍ തന്നെ രണ്ടാം വരവുണ്ടാകുമെന്നുമുള്ള സൂചനകള്‍ നടി തന്നെയാണ് നല്‍കിയത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത തന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
കരിയറിന്റെ ഏറ്റവും ഉയര്‍ന്ന പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു സംയുക്ത വര്‍മ അഭിനയ രംഗത്തുനിന്നും പിന്മാറുന്നത്. വെറും മൂന്ന് വര്‍ഷം മാത്രമേ മലയാള സിനിമയില്‍ സജീവമായിരുന്നതെങ്കിലും എന്നെന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും സമ്മാനിക്കാന്‍ സംയുക്തയ്ക്ക് സാധിച്ചിരുന്നു. 1999-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനിടെ 18 സിനിമകളില്‍ അഭിനയിച്ച സംയുക്തയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണയാണ് എത്തിയത്. 'മേഘമല്‍ഹാര്‍', 'മധുരനൊമ്പരക്കാറ്റ്', 'മഴ', 'സ്വയംവര പന്തല്‍' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
2002-ല്‍ നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെയാണ് സംയുക്ത സിനിമയോട് താല്‍ക്കാലികമായി വിടപറഞ്ഞത്. പിന്നീട് യോഗാ പരിശീലനത്തിലും കുടുംബജീവിതത്തിലുമായിരുന്നു താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താന്‍ താരത്തിന് പ്രചോദനമായത് ഭര്‍ത്താവ് ബിജു മേനോന്റെ നിര്‍ബന്ധമാണെന്ന് സംയുക്ത പറയുന്നു.
''കഥകള്‍ കേള്‍ക്കുന്നുണ്ട്. ബിജുവേട്ടനാണ് കഥകള്‍ കേള്‍ക്കാന്‍ പറഞ്ഞത്. അതിനാല്‍ കേള്‍ക്കുന്നു. ദക്ഷ് പോയതിന് ശേഷം എനിക്ക് ഒന്നും ചെയ്യാനില്ല. ദക്ഷിനെ വല്ലാതെ ഫോക്കസ് ചെയ്ത് ജീവിച്ചതു കൊണ്ട് അവന്‍ ബെംഗളൂരുവിലേക്ക് പോയതിനാല്‍ എനിക്ക് കുക്കിങിലൊന്നും താല്‍പര്യമില്ലാതായി. ഇനി ആര്‍ക്ക് വേണ്ടി കുക്ക് ചെയ്യാനാണ് എന്നൊരു തോന്നലായി. അപ്പോഴാണ് ബിജുവേട്ടന്‍ കഥകള്‍ കേള്‍ക്കാന്‍ പറയുന്നത്'', സംയുക്ത വര്‍മ പറയുന്നു.
അതേസമയം, നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തുമ്പോള്‍ തനിക്കുള്ളിലെ ആശങ്കകളും താരം മറച്ചുവെക്കുന്നില്ല. ഇന്നത്തെ സിനിമയിലും അതിന്റെ മേക്കിങ്ങിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ആളുകള്‍ തന്നെ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടെന്ന് സംയുക്ത വ്യക്തമാക്കി.
''എനിക്കൊരു ആത്മവിശ്വാസം വന്നിട്ടില്ല. രണ്ടാമത് സിനിമയിലേക്ക് എന്ന് പറയുമ്പോള്‍, സിനിമയില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആളുകള്‍ക്ക് നമ്മളെ ഇഷ്ടമാകുമോ? നമ്മളെ സ്വീകരിക്കുമോ? എന്നൊക്കെയുള്ള ആശങ്കകളുണ്ട്. അഭിനയത്തിന്റെ രീതി തന്നെ മാറിയിട്ടുണ്ട്. എല്ലാം പുതുതാണ്. സമീപനം തന്നെ പുതുതാണ്. ആ പ്ലാറ്റ്ഫോമില്‍ നില്‍ക്കുക എങ്ങനെയാണെന്ന് എനിക്ക് അറിയില്ല'', സംയുക്ത വര്‍മ പറയുന്നു.
മഞ്ജു വാര്യര്‍, നവ്യ നായര്‍, ശോഭന തുടങ്ങിയ നടിമാര്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത് പോലെ സംയുക്ത വര്‍മയുടെ മടങ്ങിവരവും പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Veteran Malayalam actress Samyuktha Varma is preparing for a comeback to cinema after a long hiatus. In a recent interview, she revealed that she has started listening to new film scripts and is seriously considering returning to the silver screen. Samyuktha, who left films at the peak of her career after marrying actor Biju Menon in 2002, said her husband encouraged her to hear new stories.