വലിയ ഹിറ്റുകള്‍ക്ക് വലിയ ബജറ്റ് ആവശ്യമില്ല, ബ്ലാസ്റ്റായി 'ബ്ലാസ്റ്റ്'; ഇതാണ് പ്രേക്ഷകര്‍ ആഗ്രഹിച്ച തിരിച്ചുവരവ്

ഏകദേശം 15 കോടി രൂപയുടെ കുറഞ്ഞ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്
വലിയ ഹിറ്റുകള്‍ക്ക് വലിയ ബജറ്റ് ആവശ്യമില്ല, ബ്ലാസ്റ്റായി 'ബ്ലാസ്റ്റ്'; ഇതാണ് പ്രേക്ഷകര്‍ ആഗ്രഹിച്ച തിരിച്ചുവരവ്
Published on

കഴിഞ്ഞ രണ്ടാഴ്ചയായി തമിഴ് സിനിമാ വ്യവസായമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വലിയ വിജയമായി മാറിയ 'കറുപ്പ്', ഇപ്പോള്‍ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്ന 'ബ്ലാസ്റ്റ്' എന്നീ ചിത്രങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ഇതില്‍ ഏറ്റവും വലിയ അപ്രതീക്ഷിത വിജയം തീര്‍ച്ചയായും 'ബ്ലാസ്റ്റ്' തന്നെയാണ്. അര്‍ജുന്‍ സര്‍ജ കേന്ദ്രകഥാപാത്രമാകുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിരാമിയും പ്രീതി മുകുന്ദനും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

വളരെ ചെറിയ പ്രൊമോഷന്‍ മാത്രമുള്ള ഒരു റിലീസില്‍ നിന്ന് ശക്തമായ പ്രേക്ഷക പിന്തുണയും മികച്ച അഭിപ്രായവും ലഭിച്ചതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ അപ്രതീക്ഷിത വിജയഗാഥകളില്‍ ഒന്നായി ബ്ലാസ്റ്റ് മാറി. മെയ് 28 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍, വൈകാരികമായ കഥപറച്ചില്‍, കുടുംബ നാടകം എന്നിവ ഒരേപോലെ പ്രേക്ഷകരില്‍ വര്‍ക്കായി. പ്രേക്ഷകര്‍ പോസിറ്റീവായി പ്രതികരിച്ചതോടെ വാരാന്ത്യത്തില്‍ കളക്ഷന്‍ ഗണ്യമായി ഉയര്‍ന്നു.

'സാക്‌നില്‍ക്' കണക്കുകള്‍ പ്രകാരം, ആദ്യ ദിനമായ വ്യാഴാഴ്ച 1,728 ഷോകളില്‍ നിന്നും വെറും 1.25 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. എന്നാല്‍ അടുത്ത ദിവസം 1,889 ഷോകളില്‍ നിന്ന് 2.15 കോടി രൂപ നേടി കളക്ഷനില്‍ 56 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. മൂന്നാം ദിനമായ ശനിയാഴ്ച 2,294 ഷോകളില്‍ നിന്ന് 4.55 കോടി രൂപയും ഞായറാഴ്ച 2,706 ഷോകളില്‍ നിന്ന് 6 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഇതുവരെ ഇന്ത്യയില്‍ നിന്നു മൊത്തം 27.29 കോടി രൂപ ചിത്രം നേടി. അന്താരാഷ്ട്ര തലത്തില്‍ 7.30 കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇതോടെ റിലീസ് ചെയ്ത് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 34.59 കോടി രൂപയായി.

വലിയ ഹിറ്റുകള്‍ക്ക് വലിയ ബജറ്റ് ആവശ്യമില്ല, ബ്ലാസ്റ്റായി 'ബ്ലാസ്റ്റ്'; ഇതാണ് പ്രേക്ഷകര്‍ ആഗ്രഹിച്ച തിരിച്ചുവരവ്
ഹോട്ടലില്‍ ബില്ല് കൊടുക്കാന്‍ നിര്‍മാതാവിന്റെ കയ്യില്‍ പണമില്ല, 20 ദിവസം പണയം കിടന്നു, നരകിക്കുന്നത് കണ്ട് പറഞ്ഞുവിട്ടു: നന്ദു പൊതുവാള്‍

ഏകദേശം 15 കോടി രൂപയുടെ കുറഞ്ഞ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. കാര്യമായ മാര്‍ക്കറ്റിംഗ് ചെയ്യാതെയാണ് ചിത്രം ഒരാഴ്ചക്കുളില്‍ തന്നെ മുടക്കുമുതലിന്റെ ഇരട്ടി തിരിച്ചുപിടിച്ചത്. നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ് വിജയ്യുടെ 'ബിഗില്‍', 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം', പ്രദീപ് രംഗനാഥന്റെ 'ലവ് ടുഡേ', 'ഡ്രാഗണ്‍' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച എജിഎസ് എന്റര്‍ടൈന്‍മെന്റ് തന്നെയാണ് 'ബ്ലാസ്റ്റും' നിര്‍മ്മിച്ചിരിക്കുന്നത്.

അടുത്ത കാലത്തൊന്നും ലഭിക്കാത്ത തരത്തിലുള്ള മികച്ചൊരു സോളോ ഓപ്പണിംഗാണ് ചിത്രം അര്‍ജുന്‍ സര്‍ജയ്ക്ക് സമ്മാനിച്ചത്. മറ്റ് സൂപ്പര്‍താരങ്ങളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുണ്ടെങ്കിലും അര്‍ജുന്റെ തൊണ്ണൂറുകളിലെ ഹിറ്റ് ചിത്രങ്ങളായ 'ജെന്റില്‍മാന്‍', 'മുതല്‍വന്‍' എന്നിവയ്‌ക്കൊപ്പം തന്നെ ഈ ചിത്രവും സ്ഥാനം പിടിച്ചിരിക്കുകയാണ്. ആക്ഷന്‍ സിനിമ എന്ന നിലയില്‍ പുതിയ പരീക്ഷണമല്ലെങ്കില്‍ പോലും, കൃത്യതയാര്‍ന്ന തിരക്കഥ ചിത്രത്തിന് തുണയായതായി സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിലുടനീളം പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍ പ്രീതി മുകുന്ദന്‍ കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

English Summary: Tamil cinema has been making headlines in recent weeks thanks to the success of films like Karuppu and Blast. Among them, Blast has emerged as the biggest surprise hit. Starring Arjun Sarja in the lead, alongside Abhirami and Preethi Mukundan, the action thriller opened with minimal promotions but gained strong momentum through positive word-of-mouth. According to box-office reports, the film earned 1.25 crore on its opening day and continued to grow over the following days, eventually crossing 34.59 crore in worldwide collections within a week.

Madism Digital
madismdigital.com