

കോടമ്പാക്കത്തിന്റെ ചരിത്രത്തില്‍ ഒരു കാലമുണ്ടായിരുന്നു, വെള്ളക്കടലാസും പേനയുമെടുത്ത് ഒരു മനുഷ്യന്‍ ഇരുന്നാല്‍ തമിഴകം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന കാലം. കഥകളുടെയും തിരക്കഥകളുടെയും ആ തമ്പുരാനെ തമിഴ് സിനിമ 'തിരക്കഥാ മന്നന്‍' എന്ന് വിളിച്ചു- അതായിരുന്നു സിനിമാ ലോകത്തിന് കെ. ഭാഗ്യരാജ്.
കെ. ഭാഗ്യരാജ് ഈ ലോകത്ത് നിന്ന് വിടപറയുമ്പോള്‍ കേരളത്തിലും വേദനിക്കുന്നവരുണ്ട്. കാരണം ആ പേനത്തുമ്പിലെ മാന്ത്രികതയ്ക്ക് തമിഴ് മണ്ണോളം തന്നെ ആഴമുള്ളൊരു ഹൃദയബന്ധം മലയാളക്കരയോടും ഉണ്ടായിരുന്നു. അത് കേവലം സിനിമകളുടെ വിപണി സാധ്യതകളല്ല, മറിച്ച് പ്രണയവും സൗഹൃദവും പുതിയ പ്രതിഭകളുടെ കണ്ടെത്തലുകളും ഒത്തുചേര്‍ന്ന അതിമനോഹരമായ ചില സിനിമാറ്റിക് അധ്യായങ്ങളാണ്.
ഒന്നാം അധ്യായം: 'മഞ്ഞില്‍ വിരിഞ്ഞ പൂവി'നെ പ്രണയിച്ചപ്പോള്‍
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളക്കരയുടെ പ്രിയപ്പെട്ട പ്രണയരൂപമായിരുന്നു പൂര്‍ണിമ ജയറാം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ രാധികയായി വന്ന് മലയാളിയുടെ മനസ്സില്‍ പെയ്തിറങ്ങിയ പെണ്‍കുട്ടി. അതേസമയം, തമിഴില്‍ സ്വന്തം വഴി വെട്ടിത്തെളിച്ച് വിജയങ്ങള്‍ മാത്രം കൊയ്യുന്ന സംവിധായകനും നായകനുമായി കെ. ഭാഗ്യരാജ് മാറിക്കഴിഞ്ഞിരുന്നു.
തന്റെ പുതിയ ചിത്രമായ ഡാര്‍ലിംഗ് ഡാര്‍ലിംഗ് ഡാര്‍ലിംഗ് (1982) എന്ന സിനിമയിലേക്ക് ഒരു നായികയെ തിരയുന്നതിനിടയിലാണ് ഭാഗ്യരാജ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ കാണുന്നത്. ആ നിഷ്‌കളങ്കമായ മുഖം തന്റെ നായികയ്ക്ക് കൃത്യമായി ഇണങ്ങുമെന്ന് അദ്ദേഹം ഉറപ്പിച്ചു. അങ്ങനെ പൂര്‍ണിമ മദ്രാസിലെ കോടമ്പാക്കത്തെ സെറ്റിലെത്തി. സിനിമയുടെ സെറ്റില്‍ വെച്ചാണ് ആ പ്രണയത്തിന്റെ തുടക്കം.
കണിശക്കാരനായ സംവിധായകനില്‍ നിന്ന് സ്‌നേഹനിധിയായ കാമുകനിലേക്കുള്ള ഭാഗ്യരാജിന്റെ മാറ്റം പൂര്‍ണിമ തിരിച്ചറിഞ്ഞു. ഒടുവില്‍, തമിഴകം കണ്ട ഏറ്റവും വലിയ സിനിമാ വിവാഹങ്ങളിലൊന്നായി അത് മാറി. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയെ തമിഴകത്തിന്റെ നായകന്‍ സ്വന്തമാക്കിയപ്പോള്‍, ഭാഗ്യരാജ് ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ സ്വന്തം 'മരുമകന്‍' ആയി മാറുകയായിരുന്നു. വിവാഹശേഷവും പൂര്‍ണിമയുടെ മലയാള വേരുകളെയും സുഹൃത്തുക്കളെയും അദ്ദേഹം എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു.
രണ്ടാം അധ്യായം: പരിമളമായി മാറിയ പതിനാറുകാരി
ഭാഗ്യരാജ് എന്ന സംവിധായകന് മലയാളത്തിലെ അഭിനയ പ്രതിഭകളെ തിരിച്ചറിയാന്‍ പ്രത്യേകമൊരു കണ്ണുണ്ടായിരുന്നു. അതില്‍ ഏറ്റവും തിളക്കമുള്ള അധ്യായമാണ് ഉര്‍വശി എന്ന നടിയുടെ ജനനം. 1983-ല്‍ ഭാഗ്യരാജ് മുന്താണി മുടിച്ച് എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു. ചിത്രത്തിലെ നായികയായ 'പരിമളം' എന്ന ഗ്രാമീണ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ പറ്റിയ ഒരാളെയും കിട്ടാതെ അദ്ദേഹം വിഷമിച്ചു. ഒടുവിലാണ് മലയാളത്തില്‍ നിന്ന് വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള കവിത എന്ന പെണ്‍കുട്ടി അദ്ദേഹത്തിന് മുന്നിലെത്തുന്നത്.
ആ കണ്ണുകളിലെ കുസൃതിയും അഭിനയശേഷിയും തിരിച്ചറിഞ്ഞ ഭാഗ്യരാജ് ആ കുട്ടിക്ക് ഒരു പുതിയ പേരിട്ടു-ഉര്‍വശി. മുന്താണി മുടിച്ച് തിയേറ്ററുകളില്‍ ഒരു കൊടുങ്കറ്റായി മാറി. ചിത്രത്തിലെ ഉര്‍വശിയുടെ പ്രകടനം തമിഴ് ജനതയെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്ത് പിടിപ്പിച്ചു. ഭാഗ്യരാജ് എന്ന ഗുരുനാഥന്‍ കൊടുത്ത ആ പ്ലാറ്റ്ഫോമാണ് പില്‍ക്കാലത്ത് തമിഴിലും മലയാളത്തിലും ഉര്‍വശി എന്ന അഭിനയപ്രതിഭയുടെ സിംഹാസനം ഉറപ്പിച്ചത്.
മൂന്നാം അധ്യായം: കല്‍പ്പനയുടെ ചിന്ന വീട്
ഉര്‍വശിക്ക് തൊട്ടുപിന്നാലെ ആ കുടുംബത്തിലെ അടുത്ത പ്രതിഭയെയും തമിഴകത്തിന് പരിചയപ്പെടുത്തിയത് ഇതേ ഭാഗ്യരാജ് തന്നെയാണ്. ഉര്‍വശിയുടെ ചേച്ചി കല്‍പ്പനയായിരുന്നു അത്.1985-ല്‍ പുറത്തിറങ്ങിയ ചിന്ന വീട് എന്ന സിനിമ ഒരു പരീക്ഷണമായിരുന്നു. നര്‍മ്മത്തിന് പ്രാധാന്യമുള്ള, എന്നാല്‍ ഒരല്പം സങ്കീര്‍ണ്ണമായ ആ കഥാപാത്രത്തെ ധൈര്യമായി ഭാഗ്യരാജ് കല്‍പ്പനയെ ഏല്‍പ്പിച്ചു.
കല്‍പ്പനയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അത് മാറി. മലയാളത്തിലെ നടിമാരുടെ സ്വാഭാവിക അഭിനയശൈലിയെ തമിഴ് സിനിമയ്ക്ക് എങ്ങനെ അനുകൂലമായി ഉപയോഗിക്കാം എന്ന് കാണിച്ചുതന്ന മാസ്റ്റര്‍ക്ലാസ് ആയിരുന്നു ഭാഗ്യരാജിന്റെ ഈ രണ്ട് കണ്ടെത്തലുകളും.
നാലാം അധ്യായം: മലയാളി നെഞ്ചേറ്റിയ കഥകള്‍
ഭാഗ്യരാജിന്റെ തമിഴ് സിനിമകള്‍ തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങിനിന്നില്ല. അദ്ദേഹത്തിന്റെ 'അന്ത 7 നാട്കള്‍' പോലെയുള്ള ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളിലും മാസങ്ങളോളമാണ് ഓടിയത്. വലിയ ആക്ഷന്‍ രംഗങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ, വെറും സാധാരണക്കാരുടെ ജീവിതവും പ്രണയവും നര്‍മ്മവും മാത്രം വെച്ച് അദ്ദേഹം എഴുതിയ തിരക്കഥകള്‍ക്ക് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു.
പില്‍ക്കാലത്ത് ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ (2012)എന്ന ചിത്രത്തിലൂടെ അദ്ദേഹം നേരിട്ട് മലയാള സിനിമയുടെ ഭാഗമായപ്പോഴും പ്രേക്ഷകര്‍ ആ പഴയ തിരക്കഥാ മന്നനെ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ വക്കീല്‍ കഥാപാത്രം തിയേറ്ററുകളില്‍ വലിയ ചിരിയുണര്‍ത്തി.
പൂര്‍ണിമയുമായുള്ള പ്രണയത്തില്‍ തുടങ്ങി, ഉര്‍വശിക്കും കല്‍പ്പനയ്ക്കും വഴിവിളക്കായി മാറി, മലയാളിയുടെ സ്വീകരണമുറിയിലെ പരിചിത മുഖമായി മാറിയ കെ. ഭാഗ്യരാജിന്റെ കഥ വെറുമൊരു തമിഴ് സിനിമക്കാരന്റെ വിജയഗാഥയല്ല. അത് അതിരുകളില്ലാത്ത കലയുടെയും, കേരളം ആ മനുഷ്യന് നല്‍കിയ സ്‌നേഹത്തിന്റെയും സുന്ദരമായൊരു ദാമ്പത്യത്തിന്റെയുമൊക്കെ നേര്‍ച്ചിത്രമാണ്.
There was a time in Kodambakkam's history when an entire industry would hold its breath as one man sat down with a blank sheet of paper and a pen. Such was the brilliance of his stories and screenplays that Tamil cinema crowned him the "King of Screenplays." To the world of cinema, that man was K. Bhagyaraj.
As K. Bhagyaraj bids farewell to this world, his loss is being deeply felt in Kerala as well. The magic of his pen shared a bond with Malayalam cinema that was as profound as the one it had with Tamil cinema. It was a connection built not merely on box-office success, but on memorable collaborations, enduring friendships, and the discovery of new talents that together created some truly remarkable cinematic chapters.