ബോളിവുഡിനെ പിടിമുറുക്കിയ 'പെയിഡ് ട്രോളിങ്': താരങ്ങളുടെ പ്രതിച്ഛായയും സിനിമകളെയും തകര്‍ക്കാന്‍ ഒഴുകുന്നത് കോടികള്‍

'ഇന്നിപ്പോള്‍ ഓരോ സിനിമയുടെയും ബജറ്റിന്റെ ഭാഗമാണ് ഒ.ആര്‍.എം ഏജന്‍സികള്‍. നിങ്ങള്‍ മറ്റുള്ളവര്‍ക്കെതിരെ ട്രോള്‍ ചെയ്തില്ലെങ്കിലും നിങ്ങളെ ആക്രമിക്കാന്‍ വരുന്നവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവ അത്യാവശ്യമാണ്'
ബോളിവുഡിനെ പിടിമുറുക്കിയ 'പെയിഡ് ട്രോളിങ്': താരങ്ങളുടെ പ്രതിച്ഛായയും സിനിമകളെയും തകര്‍ക്കാന്‍ ഒഴുകുന്നത് കോടികള്‍
Published on

താരങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനും സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ക്കാനുമായി കോടികള്‍ ചെലവിട്ട് പ്രവര്‍ത്തിക്കുന്ന 'പെയിഡ് ട്രോളിംഗ്' വ്യവസായം ബോളിവുഡില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. സിനിമകളുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുള്ള നിലവിലെ സാഹചര്യത്തില്‍, എതിരാളികളായ താരങ്ങളെയും അവരുടെ സിനിമകളെയും ലക്ഷ്യമിട്ട് സംഘടിതമായി വ്യാജ പ്രചാരണങ്ങളും അധിക്ഷേപങ്ങളും അഴിച്ചുവിടുന്ന പിആര്‍ ഏജന്‍സികളാണ് 'പെയിഡ് ട്രോളിങി'നു പിന്നില്‍. താരങ്ങളുടെ വ്യക്തിജീവിതവും അവധിക്കാല ചിത്രങ്ങളും മുതല്‍ ചിത്രങ്ങളിലെ അഭിനയം വരെ ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നു. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, ദീപിക പദുകോണ്‍, കാര്‍ത്തിക് ആര്യന്‍ തുടങ്ങി മുന്‍നിര താരങ്ങളെല്ലാം തന്നെ അടുത്തകാലത്തായി ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

പ്രവര്‍ത്തനം 'ഒ.ആര്‍.എം' ഏജന്‍സികള്‍ വഴി

ഓണ്‍ലൈന്‍ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി താരങ്ങള്‍ ചുമതലപ്പെടുത്തുന്ന ഒ.ആര്‍.എം (Online Reputation Management) ഏജന്‍സികളാണ് താരങ്ങളുടെയും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും ഇമേജ് തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഒരു നടന്റെയോ, നടിയുടെയോ പി.ആര്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം എതിരാളിയായ താരത്തിനെതിരെ വ്യാജ വാര്‍ത്തകളും ഹാഷ്ടാഗുകളും ഉണ്ടാക്കുകയാണ് ഇവരുടെ രീതി. തുടക്കത്തില്‍ ട്രോളുകള്‍ നിര്‍മ്മിച്ച് ചര്‍ച്ചയാക്കുകയും തുടര്‍ന്ന് സോഫ്റ്റ്വെയറുകളും 'ട്രോള്‍ ഫാമുകളും' (സോഷ്യല്‍ മീഡിയയില്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ പണം നല്‍കി നിയോഗിക്കുന്ന സംഘം) ഉപയോഗിച്ച് നിര്‍മ്മിച്ച ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ വഴി ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കുകയുമാണ് ചെയ്യുന്നത്.

'ഇന്നിപ്പോള്‍ ഓരോ സിനിമയുടെയും ബജറ്റിന്റെ ഭാഗമാണ് ഒ.ആര്‍.എം ഏജന്‍സികള്‍. നിങ്ങള്‍ മറ്റുള്ളവര്‍ക്കെതിരെ ട്രോള്‍ ചെയ്തില്ലെങ്കിലും നിങ്ങളെ ആക്രമിക്കാന്‍ വരുന്നവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവ അത്യാവശ്യമാണ്', എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡയറക്ട് മെസ്സേജുകളിലൂടെ ഭീഷണികളും അധിക്ഷേപങ്ങളും അയച്ചാണ് പലപ്പോഴും താരങ്ങളുടെ സമാധാനം കെടുത്തുന്നത്. ഇതിനു പിന്നില്‍ കൃത്യമായ 'ടൂള്‍കിറ്റുകള്‍' പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. 'ആഗ്ര' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം തനിക്കും പങ്കാളിക്കും എതിരെ ഇത്തരം സന്ദേശങ്ങള്‍ വന്നിരുന്നതായി നടി പ്രിയങ്ക ബോസ് പറയുന്നു. ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ദിയ മിര്‍സയും വ്യക്തമാക്കുന്നു.

ബോളിവുഡിനെ പിടിമുറുക്കിയ 'പെയിഡ് ട്രോളിങ്': താരങ്ങളുടെ പ്രതിച്ഛായയും സിനിമകളെയും തകര്‍ക്കാന്‍ ഒഴുകുന്നത് കോടികള്‍
‘കൈതി 2’ അപ്‌ഡേറ്റ് ചോദിച്ച ആരാധകർക്ക് കാർത്തിയുടെ കിടിലൻ മറുപടി വൈറൽ

ഈ വര്‍ഷം ആലിയ ഭട്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് നടന്നത്. ആലിയയുടെ പുതിയ ചിത്രമായ 'ആല്‍ഫ'യുടെ റിലീസിന് ശേഷമായിരുന്നു ഒടുവിലത്തെ സംഭവം. 'മൂന്ന് മുന്‍നിര നടിമാരുടെ ഏജന്‍സികളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങള്‍ കണ്ടെത്തി. നടിമാര്‍ക്ക് ഇതില്‍ എത്രത്തോളം പങ്കുണ്ടെന്ന് ഉറപ്പില്ല, പക്ഷേ അവരുടെ പി.ആര്‍ സംവിധാനമാണ് ഈ വൃത്തികെട്ട കളി കളിക്കുന്നത്,' ചിത്രത്തിലെ ഒരു സാങ്കേതിക പ്രവര്‍ത്തകന്‍ പറയുന്നു. ആലിയയ്ക്ക് ആക്ഷന്‍ രംഗങ്ങള്‍ ചേരുന്നില്ല, കാസ്റ്റിങ് ശരിയായില്ല, ഉയരം കുറവാണ് എന്നിങ്ങനെയാണ് ട്രോളുകള്‍ വന്നത്.

സെറ്റുകളിലെ എട്ട് മണിക്കൂര്‍ ജോലി സമയത്തെക്കുറിച്ച് സംസാരിച്ചതു മുതല്‍ ദീപിക പദുകോണ്‍ ആക്രമിക്കപ്പെടുകയാണ്. കൃതി സനോണിന്റെ അടുത്തിടെ വന്ന ഒരു പരസ്യം വിവാദമാക്കിയതിനെ തുടര്‍ന്ന് ബ്രാന്‍ഡിന് അത് പിന്‍വലിക്കേണ്ടി വന്നു. കുഞ്ഞിന്റെ ജനനത്തിനു ശേഷം പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കത്രീന കൈഫിനെപ്പോലും ശരീരഭാരത്തിന്റെ പേരില്‍ ആളുകള്‍ ട്രോള്‍ ചെയ്യുന്നു. ഇവയില്‍ ചിലത് സ്വാഭാവികമാണെങ്കിലും ഭൂരിഭാഗവും ഒ.ആര്‍.എം ഏജന്‍സികള്‍ നിശ്ചിത കീവേഡുകള്‍ നല്‍കി പ്ലാന്‍ ചെയ്യുന്നവയാണ്.

വനിതാ താരങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ക്രൂരമാണെങ്കിലും പുരുഷന്മാരും ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. 'ബോര്‍ഡര്‍ 2' സഹനിര്‍മ്മാതാവ് നിധി ദത്ത, വരുണ്‍ ധവാന്റെ അഭിനയ ശൈലിയെ വിമര്‍ശിച്ച ട്രോളുകളെ 'ദേശവിരുദ്ധര്‍' എന്ന് വിളിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ റീച്ച് കുറയ്ക്കാന്‍ ഒരു പ്രമുഖ താരം പണം നല്‍കി മാസ് റിപ്പോര്‍ട്ടിങ് നടത്തിച്ചതായി നടന്‍ അന്‍ഷുമാന്‍ ഝാ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡിനെ പിടിമുറുക്കിയ 'പെയിഡ് ട്രോളിങ്': താരങ്ങളുടെ പ്രതിച്ഛായയും സിനിമകളെയും തകര്‍ക്കാന്‍ ഒഴുകുന്നത് കോടികള്‍
‘സീരിയസ് റോളുകൾ മടുത്തു! എനിക്കൊരു റൊമാന്റിക് കോമഡി തരൂ...’; ആഗ്രഹം തുറന്നുപറഞ്ഞ് തപ്‌സി പന്നു

കാമ്പെയ്നിന്റെ വലിപ്പമനുസരിച്ച് പണം

ഒരു കാമ്പെയ്നിന്റെ വലിപ്പമനുസരിച്ചാണ് ട്രോള്‍ ചെയ്യാനുള്ള തുക ഈടാക്കുന്നത്. ഒരു അക്കൗണ്ട് മാസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആയിരങ്ങള്‍ മാത്രമാണ് ചെലവ്. 1,000 പോസ്റ്റുകള്‍ അടങ്ങിയ സംഘടിത ആക്രമണത്തിന് ഒരു ലക്ഷം രൂപയാകും. എന്നാല്‍ സിനിമകളുടെ റിലീസ് സമയത്ത് നടത്തുന്ന വലിയ ആക്രമണങ്ങള്‍ക്ക് 50 ലക്ഷം രൂപയിലധികമാണ് നിരക്ക്. മനുഷ്യരെ വച്ച് ട്രോള്‍ ചെയ്യിക്കാന്‍ കൂടുതല്‍ ചെലവാകും എന്നതിനാല്‍, തുടക്കത്തില്‍ മനുഷ്യരെക്കൊണ്ട് വിഷയം ഉന്നയിപ്പിക്കുകയും പിന്നീട് ബോട്ടുകളെ ഉപയോഗിച്ച് അത് വലിയ തോതില്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനെ 'സോക്ക്പപ്പട്രി' (പൊതുജന അഭിപ്രായത്തെ മാറ്റാന്‍ വ്യാജ ഡിജിറ്റല്‍ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്ന രീതി) എന്നാണ് വിളിക്കുന്നത്. വൈകാതെ പ്രമുഖ മാധ്യമങ്ങള്‍ പോലും ഈ വാര്‍ത്തകള്‍ ഏറ്റെടുക്കുകയും അത് വ്യാജ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ ബജറ്റ് സിനിമകള്‍ തകരുന്നതിലും താരങ്ങള്‍ക്ക് നേരെയും അവരുടെ കുടുംബങ്ങള്‍ക്ക് നേരെയും വധഭീഷണികളും അധിക്ഷേപങ്ങളും ഉയരുന്നതിലും പിആര്‍ ഏജന്‍സികള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് സിനിമാ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം സിനിമകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പകരം പരാജയഭീതി കാരണം മറ്റുള്ളവരെ തളര്‍ത്താന്‍ ശ്രമിക്കുന്ന ഈ പ്രവണത സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് സാങ്കേതിക പ്രവര്‍ത്തകരും രചയിതാക്കളും മുന്നറിയിപ്പ് നല്‍കുന്നു.

Summary

A growing paid trolling industry is reportedly operating within Bollywood, with PR and Online Reputation Management (ORM) agencies allegedly using coordinated campaigns, fake accounts, troll farms and bots to damage rival actors’ reputations and undermine films at the box office. Leading stars, including Alia Bhatt, Ranbir Kapoor, Deepika Padukone and Kartik Aaryan, have reportedly faced such online attacks. Campaign costs can range from thousands of rupees for mass reporting to over ₹50 lakh for large-scale attacks around film releases. Industry insiders warn that the practice, including the use of fake digital identities or “sockpuppetry”, is increasingly threatening the credibility and health of the film industry.

Madism Digital
madismdigital.com