

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നടി ജാൻവി കപൂർ. നിരവധി താരങ്ങളും സഹപ്രവർത്തകരും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജാൻവിയും ഹർജി നൽകിയത്.
സമൂഹമാധ്യമങ്ങളിലെ ജാൻവിയുടെ ഫാൻ പേജുകൾ ഉൾപ്പെടെ, ഏകദേശം 4,000 വെബ് ലിങ്കുകളുടെ പട്ടികയാണ് ജാൻവിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. നടിക്കെതിരായ അധിക്ഷേപകരമായ കമന്റുകളും സിനിമകളെക്കുറിച്ചുള്ള വിമർശനങ്ങളും ഇവയിൽ ഉൾപ്പെടുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡീപ്‌ഫേക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജാൻവിയുടെ ചിത്രങ്ങളും വ്യക്തിത്വവും ദുരുപയോഗം ചെയ്യുന്നുണ്ട്. അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും ജാൻവിയുടെ പേരിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുന്നതിനും താരത്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നു.
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ജാൻവി കപൂറിന്റെ ഹർജിയും ശ്രദ്ധ നേടുന്നത്. താരങ്ങളുടെ പേര്, ചിത്രം, ശബ്ദം, മറ്റ് വ്യക്തിഗത സവിശേഷതകൾ എന്നിവ അനുമതിയില്ലാതെ വാണിജ്യപരമായി ഉപയോഗിക്കുന്നതിനെതിരെ സമീപകാലത്ത് നിരവധി ബോളിവുഡ് താരങ്ങൾ നിയമനടപടികളുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ നടിയുമായി ബന്ധപ്പെട്ട എല്ലാ ഫാൻ ക്ലബ്ബുകൾക്കും സമ്പൂർണ വിലക്ക് ഏർപ്പെടുത്താനാകില്ലെന്നാണ് ഡൽഹി ഹൈക്കോടതി പറഞ്ഞത്. അശ്ലീലമോ അനധികൃതമായി പണം സമ്പാദിക്കുന്നതോ അതീവ ഗുരുതരമോ ആയ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കും. എന്നാൽ എല്ലാ ഫാൻ ക്ലബ്ബുകളും അടച്ചുപൂട്ടുന്നത് എങ്ങനെയാണ് സാധ്യമാകുകയെന്ന് കോടതി ചോദിച്ചു. പൊതുരംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായ വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും പൂർണമായി തടയാനാകില്ലെന്നും, ജുഡീഷ്യറിയും ഇത്തരം വിഷയങ്ങളിൽ ഉൾപ്പെടാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിയമത്തിന് ഇടപെടാൻ കഴിയുന്ന വിഷയങ്ങൾക്ക് പരിധിയുണ്ടെന്നും അതിനപ്പുറം എല്ലാം നിയന്ത്രിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ അശ്ലീലവും ഗുരുതരമായ ദുരുപയോഗവും ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾക്കെതിരെ വ്യക്തമായ പരിധി നിശ്ചയിക്കും. ജാൻവിയുടെ വ്യക്തിത്വ അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്ന ഫാൻ ക്ലബ്ബുകൾ ഉണ്ടാകാമെങ്കിലും, എല്ലാ ഫാൻ ക്ലബ്ബുകളും നിയമലംഘനം നടത്തുന്നവയല്ല. അതുകൊണ്ടുതന്നെ നേരത്തെ സമർപ്പിച്ച 4,000 വെബ് ലിങ്കുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ച് വീണ്ടും സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രമുഖ താരങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ, നാഗാർജുന, സൽമാൻ ഖാൻ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, കാർത്തിക് ആര്യൻ, സംവിധായകൻ കരൺ ജോഹർ തുടങ്ങിയവരാണ് ഇത്തരത്തിൽ നിയമനടപടികളുമായി രംഗത്തെത്തിയത്.
Janhvi Kapoor has approached the Delhi High Court seeking protection of her personality rights against misuse through deepfakes, AI-generated content, obscene material and unauthorised commercial promotions. The court refused a blanket ban on fan clubs and directed her counsel to categorise around 4,000 URLs based on the nature of the alleged violations.