

മലയാള സിനിമയിലെ എക്കാലത്തെയും കൾട്ട് ക്ലാസിക് കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'ആട് ഒരു ഭീകരജീവിയാണ്'. ചിത്രത്തിലെ ഓരോ കഥാപാത്രവും ഡയലോഗുകളും ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ചിത്രത്തിൽ സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കൽ അബു എന്ന കഥാപാത്രത്തിന്റെ ഏറ്റവും പ്രശസ്തമായ 'ഷാജിയേട്ടാ ഇവളെ അങ്ങ്...' എന്ന ഡയലോഗിന് പിന്നിലൊരു രഹസ്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് മനസ്സുതുറന്നത്.
സൈജു കുറുപ്പിന്റെ വാക്കുകൾ
ആടിന്റെ സ്ക്രിപ്റ്റ് ആദ്യം വായിക്കുമ്പോൾ എനിക്ക് എല്ലാ സീനിലും ഒരേ ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർക്കൊക്കെ ഒരുപാട് ഡയലോഗുകളുണ്ട്. എനിക്കാണെങ്കിൽ ആകെ ഒന്നേയുള്ളൂ. അന്ന് ചാൻസ് ചോദിച്ചു കയറിയതുകൊണ്ട് കൂടുതൽ ഓപ്ഷനുകളൊന്നും മുന്നിലില്ലായിരുന്നു. ആ സമയത്ത് ഇംപ്രൊവൈസേഷനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. പക്ഷേ ഷൂട്ടിംഗ് സമയത്ത് സംവിധായകൻ മിഥുൻ മാനുവൽ തോമസും ജയസൂര്യയും ഒക്കെ ചേർന്നാണ് പുതിയ കാര്യങ്ങൾ പരീക്ഷിച്ചത്.
'ഷാജിയേട്ടാ ഇവളെ അങ്ങ്...' എന്ന ഡയലോഗ് സത്യത്തിൽ ജയസൂര്യയുടെ സംഭാവനയാണ്. അന്ന് ആ സീൻ ചെയ്തപ്പോൾ തന്നെ ജയൻ എന്നോട് പറഞ്ഞിരുന്നു, 'ഇത് നോക്കിക്കോ, ഇനി കുറെ ആൾക്കാർ ഇത് ഏറ്റെടുക്കും' എന്ന്. ദാസനും വിജയനും ഒക്കെ പറയുന്നതുപോലെ ആളുകൾക്കിടയിൽ ഈ ഡയലോഗ് ഹിറ്റാകുമെന്ന് പുള്ളി അന്നേ പ്രവചിച്ചു. അന്ന് ഇന്നത്തെപ്പോലെ ട്രോളുകൾ സജീവമല്ലാതിരുന്നിട്ടും ജയസൂര്യ അത് കൃത്യമായി തിരിച്ചറിഞ്ഞു.
മലയാളികൾക്കിടയിൽ അറക്കൽ അബു എന്ന കഥാപാത്രത്തിന് ലഭിച്ച വമ്പൻ സ്വീകാര്യതയിൽ ഈ ഒരൊറ്റ ഡയലോഗിന്റെ സ്വാധീനം ചെറുതല്ല. മിഥുൻ മാനുവൽ തോമസ് - ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആട് പരമ്പരയിലെ മൂന്നാം ഭാഗവും ആരാധകർ ഏറ്റെടുത്തതാണ്. ഇപ്പോളിതാ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത സൈജുകുറിപ്പ് മുഖ്യ കഥാപാത്രത്തിലെത്തിയ 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' തീയേറ്ററുകളിൽ ചിരിപടക്കം കൊളുത്തി മുന്നേറുകയാണ്.
English Summary: Saiju Kurup revealed that the iconic “Shajiyettaa ivale ang…” dialogue from Aadu Oru Bheegara Jeeviyanu was actually suggested by Jayasurya. Despite no strong trolling culture back then, Jayasurya predicted the line would become a hit. The revelation has sparked fresh nostalgia among fans