

രമേഷ് പിഷാരടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചും മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചന്റെ പ്രതികരണം. പിഷാരടി നല്ലൊരു ജനപ്രതിനിധിയും ജനസേവകനും ആകാൻ എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കേവലം ഒരു കലാകാരൻ എന്ന ലേബലിൽ രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല അദ്ദേഹം. രാഷ്ട്രീയത്തെയും സംഘടനയെയും വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് പിഷാരടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
പിഷാരടി വളരെ ആഗ്രഹിച്ചും അതിനുവേണ്ടി അധ്വാനിച്ചും വന്ന ഒരു മേഖലയാണിത്. അതല്ലാതെ വെറുതെ ഒരു കലാകാരൻ എന്ന നിലയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാമെന്ന് കരുതി വന്ന വ്യക്തിയല്ല. ജനങ്ങളെ സേവിക്കാനും ഒരു നല്ല ജനപ്രതിനിധിയാകാനുമുള്ള എല്ലാ യോഗ്യതയും പിഷാരടിക്കുണ്ട്. ഞങ്ങൾ തമ്മിൽ രാഷ്ട്രീയവും സിനിമയും ഒക്കെ സംസാരിക്കാറുണ്ട്. അവന് മൈഗ്രേൻ പ്രശ്നമുണ്ട്, വീട്ടിൽ വന്നാൽ പോലും വെളിച്ചം അടിക്കരുതെന്ന് പറയുന്ന ആളാണ്. പക്ഷേ പാലക്കാട്ടെ കഠിനമായ വെയിലത്ത് പോലും കുടയോ തണലോ ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനത്തിനായി അവൻ നിൽക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അത്രത്തോളം ആത്മാർത്ഥതയോടെയാണ് അവൻ ഈ മേഖലയെ കാണുന്നത്.
അഭിമുഖത്തിനിടെ കുഞ്ചാക്കോ ബോബന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ എപ്പോഴും സംഘടനയ്ക്കൊപ്പമുണ്ടെന്നും എന്നാൽ ഒരു സ്ഥാനം ഏറ്റെടുക്കുന്നതിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം മറുപടി നൽകി. താൻ അതിന് എത്രത്തോളം യോഗ്യനാണെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ആ സംശയം മാറുന്ന സാഹചര്യത്തിൽ മാത്രമേ അത്തരം പദവികൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും ചാക്കോച്ചൻ വ്യക്തമാക്കി.
മലയാള സിനിമയിൽ 25 വർഷത്തിലേറെയായി സജീവമായി നിൽക്കുന്ന കുഞ്ചാക്കോ ബോബൻ, പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' ആണ് താരത്തിന്റേതായി വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്ന്. ഏപ്രിൽ 23-ന് ചിത്രം തീയേറ്ററുകളിൽ എത്തും
English Summary: Kunchacko Boban praises Ramesh Pisharody, stating he has the qualities to become an ideal public representative. He also shares insights about Pisharody’s dedication to politics and his own hesitation towards entering active politics.