

രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെച്ച് നടി മാളവിക മോഹനൻ. കരിയറിന്റെ തുടക്കത്തിൽ രജനികാന്ത് നൽകിയ പിന്തുണയും പ്രോത്സാഹനവും വളരെ വലുതായിരുന്നുവെന്ന് മാളവിക പറഞ്ഞു. കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് താരം ‘പേട്ട’യിലെ അനുഭവങ്ങൾ പങ്കുവെച്ചത്.
"പേട്ടയിൽ തലൈവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച അനുഭവമാണ്. പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന, അവരെ പ്രോത്സാഹിപ്പിക്കുന്ന, പരസ്യമായി പ്രശംസിക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് രജനി സാറാണ്. എൻ്റെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ അദ്ദേഹം എനിക്ക് വളരെയധികം ആത്മവിശ്വാസവും പിന്തുണയും നൽകി. അത് ഞാൻ വളരെയധികം വിലമതിക്കുകയും എൻ്റെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്യുന്നു," എന്ന് മാളവിക എക്സിൽ കുറിച്ചു.
2019ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘പേട്ട’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ തമിഴിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച സിങ്കാരം എന്ന കഥാപാത്രത്തിന്റെ സഹോദരിയായ പൂങ്കൊടിയെയാണ് മാളവിക അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്ത സമയത്ത് കഥാപാത്രവും മാളവികയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് 2021ൽ വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ എന്ന ചിത്രത്തിൽ ചാരുലത എന്ന പ്രൊഫസർ കഥാപാത്രത്തെയും മാളവിക അവതരിപ്പിച്ചു.
കാർത്തി നായകനാകുന്ന 'സർദാർ 2' വാണ് മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തനിക്ക് നിരവധി ആക്ഷൻ രംഗങ്ങളുണ്ടെന്നും താരം വെളിപ്പെടുത്തി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും, ആക്ഷൻ സിനിമകൾ ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മാളവിക കൂട്ടിച്ചേർത്തു. വൻ വിജയമായിരുന്ന 'സർദാർ' എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായാണ് 'സർദാർ 2' വരുന്നത്. ആദ്യ ഭാഗം പോലെ തന്നെ മികച്ചൊരു സ്പൈ ത്രില്ലറായിരിക്കും ഇതെന്നാണ് സൂചന. കാർത്തിയും മാളവികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം സെപ്റ്റംബർ 10 ന് തിയറ്ററുകളിലെത്തും.
Malavika Mohanan recalled her experience of working with Rajinikanth in Petta, praising the superstar for supporting and encouraging newcomers. She said Rajinikanth gave her immense confidence early in her career and that she deeply values his support.