

തന്റെ പേര് ഉപയോഗിച്ച് ചാരിറ്റിയുടെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. നബീൽ എന്നയാൾക്കെതിരെയാണ് മിഥുൻ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി താൻ 25,000 രൂപ നൽകിയെന്ന് അവകാശപ്പെട്ട് ഇയാൾ ആളുകളിൽ നിന്ന് പണം ആവശ്യപ്പെടുകയാണെന്നാണ് മിഥുൻ പറയുന്നത്. 'ഒരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നു' എന്ന തലക്കെട്ടിലാണ് താരം വീഡിയോ പങ്കുവച്ചത്.
ചാരിറ്റി പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താൻ തനിക്ക് താൽപര്യമില്ലെന്നും സ്വന്തം നിലയിൽ എന്തെങ്കിലും സഹായം ചെയ്യുമ്പോൾ അത് മറ്റുള്ളവരെ അറിയിക്കാറില്ലെന്നും മിഥുൻ വീഡിയോയിൽ പറയുന്നു. എന്നാൽ മറ്റുള്ളവർ ചെയ്യുന്ന സഹായപ്രവർത്തനങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അത് കൂടുതൽ ആളുകൾക്ക് പ്രചോദനമാകുമെന്നുമാണ് താരത്തിന്റെ നിലപാട്.
എന്നാൽ തന്റെ പേര് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മൗനം പാലിക്കാനാകില്ലെന്നും മിഥുൻ വ്യക്തമാക്കി. നബീൽ എന്നയാൾ താൻ 25,000 രൂപ നൽകിയെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചാണ് ആളുകളെ വിശ്വസിപ്പിക്കുന്നതെന്നാണ് ആരോപണം. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് പണം ആവശ്യപ്പെടുന്നതെന്നും എന്നാൽ അത്തരമൊരു ചികിത്സാ ആവശ്യം നിലവിലില്ലെന്നും മിഥുൻ വീഡിയോയിൽ ആരോപിച്ചു.
തന്റെ സുഹൃത്തുക്കളെയും നിരവധി സെലിബ്രിറ്റികളെയും ഇയാൾ ഇതേ ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു. തന്റെ പേരിലുള്ള വ്യാജ അവകാശവാദങ്ങൾ വിശ്വസിച്ച് ആരും പണം കൈമാറരുതെന്നും താരം അഭ്യർഥിച്ചു. യഥാർഥത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് മാത്രമേ ചാരിറ്റി പണം എത്തിക്കാവൂ എന്നും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ സംശയമുള്ളവർക്ക് നേരിട്ട് സന്ദേശമയച്ചാൽ മറുപടി നൽകാമെന്നും താൻ പണം നൽകിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാമെന്നും മിഥുൻ അറിയിച്ചു. നബീൽ തന്റെ പേര് പറഞ്ഞ് പണം ആവശ്യപ്പെട്ടാൽ അത് വിശ്വസിക്കരുതെന്നും താരം ആവർത്തിച്ചു. ഇയാളുടെ ഫോൺ നമ്പർ ആവശ്യപ്പെടുന്നവർക്ക് സന്ദേശത്തിലൂടെ നൽകാമെന്നും എന്നാൽ പരസ്യമായി പങ്കുവയ്ക്കുന്നത് ശരിയല്ലാത്തതിനാലാണ് വീഡിയോയിൽ ഉൾപ്പെടുത്താത്തതെന്നും മിഥുൻ കൂട്ടിച്ചേർത്തു. തന്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന സന്ദേശത്തോടെയാണ് താരം വീഡിയോ അവസാനിപ്പിച്ചത്.
ശ്രദ്ധിക്കുക : ചാരിറ്റിയുടെ പേരിൽ പണം ആവശ്യപ്പെടുന്നവരുടെ വാദങ്ങൾ പരിശോധിക്കാതെ പണം കൈമാറരുത്. ചികിത്സാ സഹായമോ മറ്റ് അടിയന്തര ആവശ്യങ്ങളോ പറഞ്ഞ് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. പരിചയമുള്ള വ്യക്തിയുടെ പേരോ സഹായം നൽകിയെന്ന സ്ക്രീൻഷോട്ടോ മാത്രം വിശ്വസിച്ച് പണം അയക്കരുത്. യഥാർഥത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് പണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ ഇടപെടാവൂ.
Actor and presenter Mithun Ramesh has warned people about an alleged charity scam involving the misuse of his name. He claims a person named Nabeel is circulating a fake screenshot showing a ₹25,000 donation for a child's liver transplant and seeking money from others. Mithun urged the public to verify requests.