മോഹൻലാൽ ആരാധകർക്ക് ആവേശമായി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. 'ആവാസവ്യൂഹം', 'പുരുഷപ്രേതം', 'ഗഗനചാരി' തുടങ്ങിയ വേറിട്ട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രം തിയറ്ററുകളിൽ 'ഛോട്ടാ മുംബൈ' മോഡൽ ഓളമുണ്ടാക്കുന്ന പക്കാ മാസ്സ് എന്റർടെയ്‌നറായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മണിയൻപിള്ള രാജു ഈ വിശേഷങ്ങൾ പങ്കുവെച്ചത്.
"മോഹൻലാലിനെ വെച്ചുള്ള വലിയൊരു സിനിമയുടെ പണിപ്പുരയിലാണ് ഞങ്ങൾ ഇപ്പോൾ. അദ്ദേഹത്തെ വെച്ച് 'ഛോട്ടാ മുംബൈ' പോലൊരു തിയറ്റർ എക്സ്പീരിയൻസുള്ള പടമാണ് എന്റെ മനസിലുള്ളത്. മോഹൻലാൽ എന്ന നടനിൽ ഒളിഞ്ഞുകിടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടല്ലോ, അദ്ദേഹത്തിന്റെ കുട്ടിത്തം, നർമം, ഡാൻസ്, പാട്ട് ഇതെല്ലാം ഈ സിനിമയിൽ പൂർണ്ണമായി ഉപയോഗിക്കണം. ഒരു മാസ് പടമേ ഞാൻ അദ്ദേഹത്തെ വെച്ച് എടുക്കുന്നുള്ളൂ," മണിയൻപിള്ള രാജു പറഞ്ഞു.
ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രമായ 'ടിക്കി ടാക്ക', ഖാലിദ് റഹ്മാന്റെ 'മട്ടാഞ്ചേരി മാഫിയ' എന്നിവയുടെ രചയിതാവായ നിയോഗ് കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നിലവിൽ ചിത്രത്തിന്റെ രചനാ ജോലികൾ പുരോഗമിക്കുകയാണ്. "അത്രയും വലിയൊരു നടനെ വെച്ച് സിനിമ ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ശക്തമായൊരു തിരക്കഥയുണ്ടാവുക എന്നതാണ്," മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
മോഹൻലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനോടകം തന്നെ വലിയ ഹൈപ്പാണ് സിനിമാലോകത്തുള്ളത്. മോഹൻലാലിനൊപ്പം ഒരു പ്രധാന സൈഡ്കിക്ക് കഥാപാത്രവും സിനിമയിലുണ്ടാകുമെന്നും, ഇതൊരു റിയലിസ്റ്റിക് ഡിറ്റക്റ്റീവ് കോമഡി ചിത്രമായിരിക്കുമെന്നും സംവിധായകൻ കൃഷാന്ദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2007-ൽ പുറത്തിറങ്ങിയ അൻവർ റഷീദ് ചിത്രം 'ഛോട്ടാ മുംബൈ' മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഘോഷ ചിത്രങ്ങളിലൊന്നായിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നർമ്മവും ആക്ഷനും ഡാൻസുമെല്ലാം പഴയ ഊർജത്തോടെ ഒരുമിച്ചു കാണാൻ സാധിക്കുന്ന ഒരു ഫെസ്റ്റിവൽ സിനിമയാകും ഇതെന്ന വാർത്ത സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ആവാസവ്യൂഹം, പുരുഷപ്രേതം, ഗഗനചാരി, മസ്തിഷ്‌ക മരണം - എ ഫ്രാങ്കൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് (Masthishka Maranam – A Frankenbiting of Simon's Memories) തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് കൃഷാന്ദ്. കൂടാതെ ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാങ് (The Chronicles of the 4.5 Gang) എന്ന വെബ് സീരീസിലെ അദ്ദേഹത്തിന്റെ പ്രവർത്തനവും വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Actor-producer Maniyanpilla Raju has shared exciting updates about Mohanlal's upcoming film directed by Krishand. In a recent interview with Mathrubhumi, Raju revealed that the movie is being designed as a mass theatrical entertainer, aiming to recreate the festival-like vibe of Mohanlal's 2007 blockbuster Chotta Mumbai. He emphasized that the film will fully utilize the superstar's diverse talents, including his humor, innocence, action, and dance skills.