

മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഓപ്പറേഷൻ ഗംഗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവർ സഹനിർമാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. മോഹൻലാലിന്റെ 367-ാം ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് പ്രൊജക്റ്റിന്റെ ടൈറ്റിലിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം. 'മേപ്പടിയാൻ' എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
യുക്രെയ്ൻ-റഷ്യ യുദ്ധകാലത്ത് ഇന്ത്യ നടത്തിയ ചരിത്രപ്രസിദ്ധമായ രക്ഷാദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പ്രമേഹം. ചിത്രത്തിന്റെ പ്രധാന ഘട്ടമായ ജോർജിയയിലെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ സംഘത്തോടൊപ്പം ചേരും. പോളണ്ട്, ജോർജിയ, കസാഖിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ നീണ്ട ചിത്രീകരണ ഷെഡ്യൂളാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോർസെ, പാർത്ഥിപൻ എന്നിവർ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ മോഹൻലാലിനൊപ്പം അണിനിരക്കുന്നുണ്ട്. ബോളിവുഡിൽ നിന്നും വിദേശത്തു നിന്നുമുള്ള സാങ്കേതിക പ്രവർത്തകരെ ഉൾപ്പെടുത്തി ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നാണിത്. 'ധുരന്ധർ' എന്ന സിനിമയുടെ വിജയത്തിന് ശേഷം ശാശ്വത് സച്ദേവ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'പുഷ്പ 1', 'പുഷ്പ 2' ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ക്യാമറ. 'ധുരന്ധർ', 'കിൽ' തുടങ്ങിയ സിനിമകളുടെ ആക്ഷൻ ഡയറക്ടറായ സെ യങ് ഓ ആണ് ആക്ഷൻ രംഗങ്ങൾ.
'ഗോട്ട്', 'മെയ്യഴകൻ', 'അമരൻ', 'കഥനാർ' എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈനർ ബിശ്വദീപ് ചാറ്റർജി, 'കാന്താര' ഫെയിം വിഎഫ്എക്സ് സൂപ്പർവൈസർ കെ. വി. സഞ്ജിത് എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. സൈനിക ഉപദേശകനായി സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവാർ പ്രവർത്തിക്കുന്നു. മെൽവി ജെ വസ്ത്രലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. റിന്നി ദിവാകരനാണ് പ്രൊഡക്ഷൻ കൺട്രോളർ. സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ', ജയസൂര്യയുടെ 'കഥനാർ', എസ്.ജെ. സൂര്യയുടെ 'കില്ലർ' എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമാണത്തിൽ നിലവിൽ പുരോഗമിക്കുന്ന മറ്റ് ബിഗ് ബജറ്റ് പ്രൊജക്റ്റുകൾ.
Mohanlal and director Vishnu Mohan are teaming up for the big-budget film Operation Ganga, based on India’s evacuation mission during the Russia-Ukraine war. Produced by Sree Gokulam Movies, the film has begun shooting in Georgia and features a large ensemble cast.