തന്റെ വ്യക്തിജീവിതത്തെ ചുറ്റിപറ്റിയുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നടി മൗനി റോയ്. വ്യവസായിയും മലയാളിയുമായ സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷം 2022-ലാണ് സൂരജിനെ വിവാഹം കഴിക്കുന്നത്. ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് പ്രസ്താവനകള്‍ ഇറക്കിയിരുന്നെങ്കിലും മൗനിയെ കുറിച്ച് നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നടി ദിശ പഠാനിയുമായുള്ള സൗഹൃദവും ലെസ്ബിയന്‍ ആണെന്നുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.
'ഞാന്‍ സ്വവര്‍ഗാനുരാഗിയല്ല'
മോണിക ശര്‍മ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡില്‍ സ്വന്തം പേരില്‍ കേട്ടിട്ടുള്ള ഏറ്റവും വലിയ ഗോസിപ്പ് എന്താണെന്ന ചോദ്യത്തിന്, മടി കൂടാതെ 'ഓ, ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്നത്,' എന്നായിരുന്നു മൗനിയുടെ മറുപടി. വേര്‍പിരിയലിന് ശേഷമുള്ള ആ കഠിനമായ കാലയളവിനെക്കുറിച്ച് ഓര്‍ത്തെടുത്ത മൗനി, തനിക്ക് ചുറ്റും ശക്തമായ ഒരു പിന്തുണാ സംവിധാനം ഉണ്ടായിരുന്നതില്‍ താന്‍ ഭാഗ്യവതിയാണെന്ന് പറഞ്ഞു. 'ഒരു പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സുഹൃത്തുക്കളും കുടുംബവും എപ്പോഴും കൂടെയുണ്ടായിരുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്', അവര്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ തുണച്ചതില്‍ തന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്ക് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു. 'എന്നെ പിന്തുണയ്ക്കാന്‍ എനിക്ക് എപ്പോഴും മികച്ച പെണ്‍കൂട്ടുകാര്‍ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും അവര്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ജീവിതത്തില്‍ നമ്മളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇതുപോലെയുള്ള സ്ത്രീകള്‍ ഒപ്പമുണ്ടാകുക എന്നത് വളരെ പ്രധാനമാണ്. എന്റെ പെണ്‍കൂട്ടുകാരാണ് ഏറ്റവും മികച്ചവര്‍,' മൗനി പറഞ്ഞു. തന്റെ ജീവിതയാത്രയെക്കുറിച്ചും അവര്‍ സംസാരിച്ചു. 'എന്റെ ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു. പോരാട്ടങ്ങളും നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഒക്കെയുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ വളരെ സന്തോഷവതിയായിരിക്കും മറ്റ് ചിലപ്പോള്‍ വളരെ സങ്കടത്തിലും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.'
ഊഹാപോഹങ്ങള്‍ തുടങ്ങിയത് എങ്ങനെ?
മൗനിയും സൂരജും തങ്ങളുടെ വേര്‍പിരിയല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. വ്യക്തിപരമായ മുന്‍ഗണനകളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് ശേഷം വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചാണ് വേര്‍പിരിയല്‍ എന്ന വിശദീകരണം കൊടുത്തിട്ടുംസൈബര്‍ ലോകം നടിയെ പിന്തുടരുന്നത് നിര്‍ത്തിയില്ല. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മൗനിയെ മറ്റ് ചിലരുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ ശക്തമായി അപലപിച്ചുകൊണ്ട് സൂരജ് പിന്നീട് ഒരു പ്രസ്താവന ഇറക്കി.
'ഞങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് അടുത്തിടെ വന്ന അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ വളരെ മോശവും ദ്രോഹിക്കുന്നതുമാണ്. ഇവിടെ ജീവനാംശം ഇല്ല, തര്‍ക്കങ്ങളില്ല, മൂന്നാമതൊരു വ്യക്തിയും ഉള്‍പ്പെട്ടിട്ടില്ല. മൗനിയും ഞാനും പരസ്പര ബഹുമാനത്തോടെയും പരസ്പരം നന്മ ആഗ്രഹിച്ചുകൊണ്ടുമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. അതാണ് സത്യം. ഈ പ്രശ്‌നങ്ങളിലേക്ക് മറ്റ് ആളുകളെ, പ്രത്യേകിച്ച് ഇതുമായി ഒരു ബന്ധവുമില്ലാത്ത നിഷ്‌കളങ്കരായ സുഹൃത്തുക്കളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല', എന്നായിരുന്നു സൂരജിന്റെ പ്രസ്താവന.
പെണ്‍കൂട്ടുകാരുമായുള്ള മൗനിയുടെ ആത്മബന്ധം
തന്റെ പെണ്‍സൗഹൃദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മൗനി പലപ്പോഴും പരസ്യമായി സംസാരിക്കാറുണ്ട്. കൂടാതെ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. സഹനടി ദിഷ പഠാനിയുമായുള്ള അവരുടെ സൗഹൃദം പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുള്ളതാണ്. ഇരുവരും പരസ്പരം ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. കഴിഞ്ഞ ശനിയാഴ്ച, മൗനി സോഷ്യല്‍ മീഡിയയിലൂടെ ദിഷ പഠാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.
Summary: Actress Mouni Roy has responded to rumours surrounding her personal life following her separation from businessman Suraj Nambiar. Speaking in an interview, Mouni dismissed social media speculation about her sexuality and described such claims as the biggest rumour she has heard about herself.