പ്രേംപാറ്റയിലെ ഗേൾ സ്‌ക്വാഡ്; പ്രണയവും സൗഹൃദവുമായി അനുശ്രീയും നയനയും അയനയും

വ്യത്യസ്ത സ്വഭാവങ്ങളുള്ള മൂന്ന് പെൺകഥാപാത്രങ്ങളിലൂടെ ക്യാമ്പസ് ജീവിതവും പ്രണയവും സൗഹൃദവും അവതരിപ്പിക്കുകയാണ് ചിത്രം.
പ്രേംപാറ്റയിലെ ഗേൾ സ്‌ക്വാഡ്; പ്രണയവും സൗഹൃദവുമായി അനുശ്രീയും നയനയും അയനയും
Published on: 

'പ്രേംപാറ്റ'യിൽ ശ്രദ്ധേയ പ്രകടനങ്ങളുമായി അനുശ്രീയും നയന എൽസയും പുതുമുഖ താരം അയനയും. മൂന്ന് വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെയാണ് മൂവരും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിരിയും പ്രണയവും സൗഹൃദവും അപ്രതീക്ഷിത മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കഥയുടെ മുന്നോട്ടുപോക്കിൽ ഈ മൂന്ന് പെൺകഥാപാത്രങ്ങൾക്കും നിർണായക സ്ഥാനമുണ്ട്.

പ്രേംപാറ്റയിലെ ഗേൾ സ്‌ക്വാഡ്; പ്രണയവും സൗഹൃദവുമായി അനുശ്രീയും നയനയും അയനയും
പ്രണയത്തിന്റെ പ്രേംപാറ്റക്കാലം

ഷഹബാസിന്റെ പ്രണയിനിയായ ആലിയയെ അവതരിപ്പിക്കുന്നത് പുതുമുഖം അയനയാണ്. നിഖാബ് ധരിച്ച് കോളേജിലെത്തുന്ന ജൂനിയർ വിദ്യാർഥിനിയായ ആലിയയുടെ കണ്ണുകൾ മാത്രം കണ്ടാണ് ഷഹബാസ് അവളോട് പ്രണയത്തിലാകുന്നത്. ആലിയയോട് പ്രണയം തുറന്നുപറയാനുള്ള ഷഹബാസിന്റെ ആഗ്രഹവും അതിനിടയിലെ പ്രതിബന്ധങ്ങളുമാണ് ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ആലിയയോടുള്ള പ്രണയം തുറന്നുപറയാനുള്ള ശ്രമത്തിൽ സുഹൃത്ത് സൈനുവിന്റെ പിന്തുണയും ഷഹബാസിനുണ്ട്. മകന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ഉമ്മയും ഈ പ്രണയകഥയിലെ പ്രധാന സാന്നിധ്യമാണ്.

ആലിയയുടെ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അവൾക്ക് പിന്തുണയും തണലുമായി എത്തുന്നത് നന്ദിനി ടീച്ചറാണ്. എൻഎസ്എസ് ക്യാമ്പിനെ നയിക്കാനെത്തുന്ന അധ്യാപികയുടെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്. വിദ്യാർഥികൾക്കിടയിൽ സ്വാധീനമുള്ള, കുട്ടികൾക്ക് പ്രിയപ്പെട്ട ടീച്ചറായാണ് നന്ദിനിയെ അവതരിപ്പിക്കുന്നത്. വിദ്യാർഥികളുടെ പ്രണയകഥയ്ക്കൊപ്പം നന്ദിനി ടീച്ചറും പ്രാദേശിക കൗൺസിലറായ ആകാശും തമ്മിൽ ഉടലെടുക്കുന്ന പ്രണയവും ചിത്രത്തിന്റെ ഭാഗമാകുന്നു.

പ്രേംപാറ്റയിലെ ഗേൾ സ്‌ക്വാഡ്; പ്രണയവും സൗഹൃദവുമായി അനുശ്രീയും നയനയും അയനയും
ക്യാമ്പസ് പ്രണയത്തിനപ്പുറം ഹൃദയം തൊടുന്നൊരു ക്ലൈമാക്സ്!

നയന എൽസ അവതരിപ്പിക്കുന്ന കഥാപാത്രം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഒരു സാധാരണ ക്യാമ്പസ് പെൺകുട്ടിയല്ല ആയിഷ. ആൺകുട്ടികൾക്കൊപ്പം എന്തിനും തയ്യാറായി നിൽക്കുന്ന, അൽപ്പം ബാഡി ഗേൾ സ്വഭാവമുള്ള കഥാപാത്രമാണ് ആയിഷയുടേത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കാനും അവർക്ക് പിന്തുണ നൽകാനും മടിയില്ലാത്ത ആയിഷയുടെ സാന്നിധ്യം ചിത്രത്തിലെ ക്യാമ്പസ് രംഗങ്ങൾക്കും സൗഹൃദങ്ങൾക്കും കൂടുതൽ രസകരമായ തലങ്ങൾ നൽകുന്നു. പെൺകുട്ടികൾക്ക് മാത്രമായി ഒതുങ്ങിനിൽക്കാത്ത, ആൺകുട്ടികളുടെ കൂട്ടത്തിലും ഒരുപോലെ ഇടപെടുന്ന ആയിഷയുടെ സ്വഭാവമാണ് കഥാപാത്രത്തിന്റെ പ്രത്യേകത.

ഇവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും പരസ്പര പിന്തുണയുമാണ് ചിത്രത്തിലെ പെൺകഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഒരാളുടെ പ്രണയത്തിനും മറ്റൊരാളുടെ സൗഹൃദത്തിനും മൂന്നാമത്തെയാളുടെ അധ്യാപകജീവിതത്തിനും സിനിമയിൽ തുല്യമായ ഇടമുണ്ട്. പ്രണയം, സൗഹൃദം, വിരഹം തുടങ്ങിയ ഘടകങ്ങൾ ക്യാമ്പസ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഈ മൂന്ന് കഥാപാത്രങ്ങളും കഥയുടെ ഭാഗമായി മാറുന്നു.

പാലം പണി പുരോഗമിക്കുന്നതിനിടെ പ്രണയിനിക്കുവേണ്ടി ഷഹബാസ് നടത്തുന്ന അതിസാഹസിക ശ്രമങ്ങളും കഥയിൽ പ്രധാനമാണ്. അപ്രതീക്ഷിതമായി എത്തുന്ന ക്ലൈമാക്സ് പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന അനുഭവമായി മാറുന്നുവെന്നതും ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ശ്രദ്ധേയമാണ്. ക്യാമ്പസ് ജീവിതത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വ്യത്യസ്ത തലങ്ങൾ അവതരിപ്പിക്കുന്ന 'പ്രേംപാറ്റ'യിൽ അനുശ്രീ, നയന എൽസ, അയന എന്നിവരുടെ കഥാപാത്രങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ലിജീഷ് കുമാറിന്റെ തിരക്കഥയിൽ അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേംപാറ്റ'. ചിത്രത്തിൽ ജോമോൻ ജ്യോതിരിനൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ, തെസ്നി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. സിനിമാ താരങ്ങൾക്കൊപ്പം ഡിജിറ്റൽ കണ്ടന്റ് രംഗത്തെ പരിചിത മുഖങ്ങളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്ലിജീഷ് കുമാറിന്റെ തിരക്കഥയിൽ അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേംപാറ്റ'. ചിത്രത്തിൽ ജോമോൻ ജ്യോതിരിനൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ, തെസ്നി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. സിനിമാ താരങ്ങൾക്കൊപ്പം ഡിജിറ്റൽ കണ്ടന്റ് രംഗത്തെ പരിചിത മുഖങ്ങളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്

Malayalam film Premapetta features Anusree, Nayana Elsa and newcomer Ayana in three distinct female roles. Set against an NSS camp, the film explores romance, friendship and campus life through their characters. Their relationships and individual stories add emotional depth to the narrative, which has received positive responses from audiences.