

ആയിഷ, എക്സ്ട്രാ ഡീസന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോമോൻ ജ്യോതിറിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത 'പ്രേംപാറ്റ' തിയേറ്ററുകളിലെത്തി. ആദ്യ ഷോ കണ്ടിറങ്ങുമ്പോൾ ഒരു സാധാരണ ക്യാമ്പസ് സിനിമ എന്ന പ്രതീക്ഷയോടെയാണ് പോയതെങ്കിലും അതിനപ്പുറം ചില വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് പ്രേംപാറ്റ എന്ന് തന്നെ പറയാം.
ഒരു എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സൗഹൃദവും പ്രണയവും ക്യാമ്പസ് ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമൊക്കെയായി മുന്നോട്ടുപോകുന്ന ചിത്രത്തിൽ അതിനൊപ്പം ചില സാമൂഹിക വിഷയങ്ങളും ചർച്ചയാകുന്നുണ്ട്. ലിജീഷ് കുമാർ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ക്യാമ്പസ് ജീവിതത്തിന്റെ പല ഷേഡുകളും കൊണ്ടുവരാനുള്ള വ്യക്തമായ ശ്രമം കാണാം.
ജോമോൻ ജ്യോതിറിനൊപ്പം സിദ്ദിഖ്, സൈജു കുറുപ്പ്, രാജേഷ് മാധവൻ, ഇർഷാദ് അലി, സഞ്ജു ശിവറാം, അനുശ്രീ തുടങ്ങി നിരവധി സീനിയർ താരങ്ങൾ ചിത്രത്തിലുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതരായ ജുനൈസ്, സാഫ്ബോയ്, ടിസ് തോമസ്, വിഘ്നേശ്, ആസ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയവർക്കൊപ്പം നയന എൽസയും പ്രധാന വേഷത്തിലെത്തുന്നു. നാൽപ്പതോളം പുതുമുഖങ്ങളുടെ സാന്നിധ്യവും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുമ്പോൾ അവർക്കിടയിലെ സൗഹൃദവും കൂട്ടായ്മയും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആ കാര്യത്തിൽ സിനിമ നടത്തുന്ന ആത്മാർത്ഥമായ ശ്രമം ചിത്രത്തിലുടനീളം കാണാൻ സാധിക്കും.
സിനിമയുടെ ടെക്നിക്കൽ വശങ്ങളിലേക്ക് വരുമ്പോൾ എടുത്തുപറയേണ്ടത് ആക്ഷൻ രംഗങ്ങളാണ്. കലൈ കിംഗ്സൺ ഒരുക്കിയ സംഘട്ടന രംഗങ്ങൾ ചിത്രത്തിന് ആവശ്യമായ എനർജി പ്രീ-ഇന്റർവെല്ലിൽ നൽകുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിനോട് അടുക്കുമ്പോൾ സിനിമ കൈവരിക്കുന്ന തീവ്രതയും അതിന്റെ അവതരണവും എടുത്തുപറയേണ്ടതാണ്. അങ്കിത് മേനോന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന പോസിറ്റീവുകളിൽ ഒന്നാണ്. സിനിമയുടെ പേസ് ചില ഇടങ്ങളിൽ ഡൗൺ ആവുമ്പോൾ ആ ഭാഗങ്ങളെ എലിവേറ്റ് ചെയ്യാൻ സംഗീതം മികച്ച രീതിയിൽ ചിത്രത്തിന്റെ സംഗീതം വലിയ അളവിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. രെണദിവെയുടെ സിനിമാറ്റോഗ്രഫിയും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മറ്റു പോസിറ്റീവുകളാണ്.
ഈ സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ക്ലൈമാക്സാണ്. സിനിമയുടെ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ കഥ കൈവരിക്കുന്ന വൈകാരികമായ തലം പ്രേക്ഷകനെ ഏറെ സ്വാധീനിക്കുന്നുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ഒരു സംഭവത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ആ ഭാഗം സിനിമയുടെ പ്രധാന ഇമോഷണൽ ഫാക്ടറായി മാറുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് കൂടുതലായി കടക്കുന്നില്ല. എന്നാൽ ആ രംഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഓരോരുത്തരും കാണിച്ച ആ ഡെഡിക്കേഷനും അണിയറപ്രവർത്തകരുടെ കൂട്ടായ പരിശ്രമവും പ്രത്യേകം പറയേണ്ടതാണ്. വെറുമൊരു ക്ലൈമാക്സ് സീക്വൻസ് എന്നതിലുപരി പ്രേക്ഷകരിൽ ഒരു ഞെട്ടലും ഒപ്പം അതിവൈകാരികമായ ഒരു അനുഭവം സൃഷ്ടിക്കാൻ ആ എന്റയർ സീക്വൻസിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, സിനിമയുടെ എല്ലാ ഭാഗങ്ങളും ഒരേപോലെ എൻഗേജിങ് ആണെന്ന് പറയാനാവില്ല. ചില ഇടങ്ങളിൽ കഥയുടെ വേഗത കുറയുന്നുണ്ട്. ചില ആവർത്തന വിരസതകളും സിനിമയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ പ്രേംപാറ്റയെ ഒരു പെർഫെക്റ്റ് ക്യാമ്പസ് സിനിമയായി വിശേഷിപ്പിക്കാനാവുമോ എന്നത് സംശയമാണ്. എന്നാൽ അതിന്റെ പരിമിതികൾക്കിടയിലും പ്രേക്ഷകരെ ഇമോഷണലായി ബന്ധിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഏറെയും ഈ സിനിമയിലുണ്ട്.
ഒരു യൂഷ്വൽ കോളേജ് സിനിമ പ്രതീക്ഷിച്ചാണ് തിയേറ്ററിലേക്ക് പോയതെങ്കിലും കിട്ടിയത് അതിനപ്പുറം ചില ഇമോഷണൽ എലമെന്റുകളുള്ള ഒരു ന്യൂ ഏജ് ക്യാമ്പസ് ചിത്രമാണ്. പ്രേംപാറ്റ സൂഫി സംഗീതത്തിന്റെ ആംബിയൻസിൽ അതിതീവ്ര പ്രണയത്തിന്റെ കാത്തിരിപ്പും, വേദനയും ഒപ്പം ക്യാമ്പസ് ലൈഫിലെ എൻ.എസ്.എസ് ക്യാമ്പിന്റെ ഒരു വൈബും ഒക്കെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Prempata, directed by Aamir Pallikkal and starring Jomon Jyothir, goes beyond the usual campus romance with its blend of friendship, love, social themes and emotional depth. Despite occasional pacing issues, the film stands out for its powerful climax, engaging action sequences, soulful music and heartfelt performances.