പത്താം ക്ലാസ് കഴിഞ്ഞ് മുടങ്ങിയ കോളേജ് സ്വപ്നം; 'പ്രേംപാറ്റ'യിലൂടെ ക്യാമ്പസിലേക്ക് മടങ്ങി ഉണ്ണിരാജ

കോളേജ് പഠനം ആഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ കാരണം അത് സാധിച്ചില്ല. ഇന്ന് സിനിമയിലൂടെ ആ ആഗ്രഹം മറ്റൊരു രീതിയിൽ സഫലമാകുകയാണെന്ന് ഉണ്ണിരാജ.
പത്താം ക്ലാസ് കഴിഞ്ഞ് മുടങ്ങിയ കോളേജ് സ്വപ്നം; 'പ്രേംപാറ്റ'യിലൂടെ ക്യാമ്പസിലേക്ക് മടങ്ങി ഉണ്ണിരാജ
Published on: 

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കോളേജിൽ പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തിക സാഹചര്യങ്ങൾ കാരണം പഠനം തുടരാനായില്ല. പിന്നീട് സിനിമയുടെ ഭാഗമായപ്പോൾ കോളേജ് ക്യാമ്പസുകളിൽ കഥാപാത്രമായി എത്താൻ കഴിഞ്ഞതിലൂടെ ആ പഴയ ആഗ്രഹത്തിന് മറ്റൊരു അർഥം ലഭിച്ചെന്ന് നടൻ ഉണ്ണിരാജ. നവംബർ 27ന് തിയറ്ററുകളിലെത്തുന്ന 'പ്രേംപാറ്റ'യിൽ 'വെള്ളരിമല ഗോപി' എന്ന സഖാവിന്റെ വേഷത്തിലാണ് ഉണ്ണിരാജ എത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാഡിസം ഡിജിറ്റൽ മാഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ജീവിതത്തിലെയും അഭിനയജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെച്ചത്.

പത്താം ക്ലാസ് കഴിഞ്ഞ് കോളേജിൽ പോകണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ അതിന് അനുവദിച്ചില്ലെന്ന് ഉണ്ണിരാജ പറഞ്ഞു. പഠനം തുടരാൻ കഴിയാതെ ജോലിക്ക് ഇറങ്ങേണ്ടി വന്ന കാലത്ത് സമപ്രായക്കാർ കോളേജിൽ പോകുന്നത് കാണുമ്പോൾ സങ്കടം തോന്നിയിരുന്നുവന്നു ഉണ്ണിരാജ വ്യക്തമാക്കി. "നമുക്ക് കോളേജ് എന്നത് എത്തിപ്പെടാത്ത ഒരു കാര്യമായിരുന്നു. പത്താം ക്ലാസ് ആയിട്ട് കോളേജിൽ പഠിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ടായതാ. അപ്പം നമുക്ക് ആഗ്രഹം തീർക്കുന്നത് ഇതുപോലെ സിനിമയിൽ കോളേജ് ക്യാമ്പസിലെ കുട്ടിയോടൊപ്പം ഒരാളായിട്ടാണ്", ഉണ്ണിരാജ പറഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞ് മുടങ്ങിയ കോളേജ് സ്വപ്നം; 'പ്രേംപാറ്റ'യിലൂടെ ക്യാമ്പസിലേക്ക് മടങ്ങി ഉണ്ണിരാജ
സൂര്യയല്ല, നസ്‍‍‍ലനാണ് സീൻ!

15-16 വയസ്സിൽ ഒരു കടയിൽ ജോലി ചെയ്തിരുന്ന കാലത്തും കലാപ്രവർത്തനങ്ങളോടുള്ള താൽപര്യം അദ്ദേഹം കൈവിട്ടിരുന്നില്ല. പെയിന്റിംഗ് ജോലികൾക്കും മറ്റ് തൊഴിലുകൾക്കുമൊപ്പം കലോത്സവങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കാനും പോയിരുന്നു. കഴിഞ്ഞ 28 വർഷത്തോളമായി കേരളത്തിലെ വിവിധ ജില്ലകളിൽ നാടകം, മൈം, സ്കിറ്റ് എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. അഭിനയത്തിന് പ്രത്യേക അക്കാദമിക് യോഗ്യതകളോ ബയോഡാറ്റയോ ഇല്ലെന്നും കുട്ടികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് അഭിനയത്തെക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും ഉണ്ണിരാജ പറഞ്ഞു.

'പ്രേംപാറ്റ'യുടെ സംവിധായകൻ ആമിർ പള്ളിക്കലുമായുള്ള പഴയ പരിചയവും അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തു. ആമിർ തന്റെ നാട്ടുകാരനാണെന്നും രാജപുരം സെന്റ് പയസ് കോളേജിൽ ആമിർ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്ന സമയത്ത് അവിടെ മൈം പരിശീലിപ്പിക്കാൻ പോയിട്ടുണ്ടെന്നും ഉണ്ണിരാജ പറഞ്ഞു. അന്ന് വിദ്യാർഥികൾക്ക് നൽകിയ പരിശീലനത്തിലൂടെ കോളേജിന് ആദ്യമായി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം സമ്മാനം നേടാനായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന അനുഭവം സിനിമയിലും തുണയായിട്ടുണ്ട്. ഒരു സിനിമയിൽ പെയിന്റിംഗ് തൊഴിലാളിയായി അഭിനയിക്കേണ്ടി വന്നപ്പോൾ ബ്രഷ് പിടിക്കുന്നതും പെയിന്റ് ചെയ്യുന്നതുമെല്ലാം അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞുകൊടുക്കാൻ ശ്രമിച്ചു. എന്നാൽ നേരത്തെ ഇതേ ജോലി ചെയ്തിട്ടുള്ളതിനാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഉണ്ണിരാജയുടെ മറുപടി. "ഞാൻ ഈ 18 കൊല്ലം എടുത്ത പണിയാണ് സാറേ ഇത്" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പത്താം ക്ലാസ് കഴിഞ്ഞ് മുടങ്ങിയ കോളേജ് സ്വപ്നം; 'പ്രേംപാറ്റ'യിലൂടെ ക്യാമ്പസിലേക്ക് മടങ്ങി ഉണ്ണിരാജ
പ്രണയവും സൗഹൃദവും ചിരിയും; 'പ്രേംപാറ്റ'യുടെ തകർപ്പൻ ട്രെയ്‌ലർ പുറത്ത്

'മറിമായം' എന്ന ടെലിവിഷൻ പരിപാടിയാണ് ഉണ്ണിരാജയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. പത്ത് മുതൽ പന്ത്രണ്ട് സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയത്. ചെറിയ കഥാപാത്രങ്ങൾ പോലും ആളുകൾ ശ്രദ്ധിച്ചതോടെ അഭിനയരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞു.

"മറിമായം എന്ന് പറഞ്ഞാൽ എന്റെ ലൈഫ് മാറ്റി... എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ ചെറിയ വേഷം ചെയ്യാൻ വേണ്ടി പോയതാണ്, ആ കുഞ്ഞു കുഞ്ഞു വേഷം ചെയ്ത് വലുതായി അതൊരു ഐഡന്റിറ്റി ആക്കി", ഉണ്ണിരാജ പറഞ്ഞു. കാസർഗോഡ് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യാൻ പോലും ചെലവുകൾ കണക്കുകൂട്ടേണ്ടി വന്നിരുന്ന കാലത്തുനിന്ന് ഇന്ന് ആളുകളുടെ സ്നേഹവും അംഗീകാരവും ലഭിക്കുന്ന നിലയിലേക്ക് എത്തിയതും അദ്ദേഹം ഓർത്തെടുത്തു.

ചെറുവത്തൂരിലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് വളർന്നതെന്നും എന്നാൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ ആരെയും മാറ്റിനിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഉണ്ണിരാജ പറഞ്ഞു. സമൂഹത്തിലെ തിന്മകൾക്കെതിരെ കലാകാരൻ പ്രതികരിക്കേണ്ടതുണ്ടെന്നാണ് തന്റെ നിലപാട്. എല്ലാവരോടും ചേർന്നുനിൽക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി മാതൃഭൂമി ബുക്സ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തി.

പത്താം ക്ലാസ് കഴിഞ്ഞ് മുടങ്ങിയ കോളേജ് സ്വപ്നം; 'പ്രേംപാറ്റ'യിലൂടെ ക്യാമ്പസിലേക്ക് മടങ്ങി ഉണ്ണിരാജ
iffi 2026: അതിർത്തികൾ മറികടക്കുന്ന ലോകസിനിമ

ജീവിതാവസാനം വരെ ഒരു കലാകാരനായി തുടരണമെന്നാണ് ആഗ്രഹമെന്നും ഉണ്ണിരാജ പറഞ്ഞു. ഒരുപാട് നന്മകൾ ചെയ്യണമെന്നും തന്റെ പ്രവൃത്തികൾകൊണ്ട് ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' നവംബർ 27നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ വെള്ളരിമല ഗോപി എന്ന സഖാവായാണ് ഉണ്ണിരാജ എത്തുന്നത്.

Summary

Actor Unniraja shares how financial difficulties prevented him from pursuing his college dream after Class 10. Through films, he eventually got the opportunity to experience campus life as an actor. In an interview with Madism Digital, he also recalls his journey through theatre, painting, training students and television show Marimayam.