

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രൺബീർ കപൂറും യാഷും പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണ' 84-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരപ്പോരിലേക്ക്. പുരസ്കാരത്തിനായുള്ള ഔദ്യോഗിക പരിഗണനാ പട്ടികയിൽ രണ്ട് വിഭാഗങ്ങളിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. മികച്ച ഡ്രാമ ചിത്രം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, എന്നീ വിഭാഗങ്ങളിലാണ് 'രാമായണ' സമർപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രാജ്യാന്തര പുരസ്കാര യാത്രയിലെ സുപ്രധാനമായൊരു ചുവടുവെപ്പാണിതെന്നാണ് വിലയിരുത്തൽ.
ഗോൾഡൻ ഗ്ലോബ്സ് അംഗങ്ങൾക്കായി പുറത്തുവിട്ട ഔദ്യോഗിക പട്ടികയിൽ മികച്ച ഡ്രാമ ചിത്രത്തിനുള്ള വിഭാഗത്തിൽ സമർപ്പിച്ച 88 സിനിമകളിൽ 'രാമായണ'യും ഉൾപ്പെട്ടിട്ടുണ്ട്. സോണി പിക്ചേഴ്സ് റിലീസിങ്ങിന്റെ പേരിലാണ് ചിത്രം പട്ടികയിൽ ഇടംനേടിയത്. രൺബീർ കപൂറും യാഷുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നിതേഷ് തിവാരിയാണ് സംവിധാനം. ശ്രീധർ രാഘവനും നിതേഷ് തിവാരിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ പരിഗണനയ്ക്കുള്ള 42 സിനിമകളുടെ പട്ടികയിലും 'രാമായണ' ഇടംപിടിച്ചിട്ടുണ്ട്. 'ഇന്ത്യൻ ഡ്രാമ' എന്ന വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലും സംവിധായകൻ, താരങ്ങൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുടെ അതേ വിവരങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ സംഗീതത്തിന് വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച പശ്ചാത്തല സംഗീതത്തിനും, മികച്ച ഗാനത്തിനുമുള്ള പരിഗണനാ പട്ടികകളിൽ 'രാമായണ' ഇടംപിടിച്ചിട്ടില്ല. മികച്ച പശ്ചാത്തല സംഗീതത്തിനായി 100 ചിത്രങ്ങളും മികച്ച ഗാനത്തിനായി 51 ഗാനങ്ങളുമാണ് പട്ടികയിലുള്ളത്. എ ആർ റഹ്മാനും ഹാൻസ് സിമ്മറും ചേർന്നൊരുക്കുന്ന സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഈ സാഹചര്യത്തിൽ സംഗീത വിഭാഗങ്ങളിൽ ചിത്രം പരിഗണിക്കപ്പെടാത്തതും ശ്രദ്ധേയമാണ്.
84-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കായുള്ള പരിഗണനാ പട്ടികയിൽ ഏഴ് വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത്. മികച്ച ഡ്രാമ ചിത്രം, മികച്ച മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ചിത്രം, മികച്ച ആനിമേറ്റഡ് ചിത്രം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗാനം, സിനിമാറ്റിക് ആൻഡ് ബോക്സ് ഓഫീസ് അച്ചീവ്മെന്റ് എന്നിവയാണ് ഈ വിഭാഗങ്ങൾ.
മറ്റ് ശ്രദ്ധേയമായ ചിത്രങ്ങളിൽ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' മികച്ച മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ചിത്രത്തിനുള്ള വിഭാഗത്തിലാണ് സമർപ്പിച്ചിരിക്കുന്നത്. മികച്ച നടനുള്ള വിഭാഗത്തിൽ ടോം ഹോളണ്ടിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻഡയ, ഫ്ലോറൻസ് പഗ്, മാർക്ക് റഫലോ, സാഡി സിങ്ക്, മരിസ ടോമി, ജോൺ ബെന്തൽ, ട്രാമെൽ ടിൽമാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
അതേസമയം, മികച്ച ഡ്രാമ ചിത്രത്തിനുള്ള വിഭാഗത്തിൽ സമർപ്പിച്ച 88 സിനിമകളുടെ പട്ടികയിൽ 'ഡ്യൂൺ: പാർട്ട് ത്രീ'യും ഇടംപിടിച്ചിട്ടുണ്ട്. ടിമോത്തി ഷലാമെയാണ് ചിത്രത്തിലെ പ്രധാന താരം. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമാറ്റിക് ആൻഡ് ബോക്സ് ഓഫീസ് അച്ചീവ്മെന്റ് വിഭാഗത്തിൽ 20 ചിത്രങ്ങളാണ് പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്നത്. 2024ൽ ആരംഭിച്ച ഈ വിഭാഗത്തിൽ ആഗോളതലത്തിൽ കുറഞ്ഞത് 150 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രങ്ങൾക്കാണ് പരിഗണന. ഇതിൽ അമേരിക്കൻ ബോക്സ് ഓഫീസിൽ നിന്ന് കുറഞ്ഞത് 100 മില്യൺ ഡോളർ നേടണമെന്ന നിബന്ധനയുമുണ്ട്. അല്ലെങ്കിൽ സമാനമായ ഡിജിറ്റൽ സ്ട്രീമിങ് കാഴ്ചക്കാരെ നേടിയ ചിത്രങ്ങൾക്കും പരിഗണന ലഭിക്കും. അതേസമയം, ഈ പട്ടിക പുരസ്കാരത്തിനായി സമർപ്പിച്ച ചിത്രങ്ങളുടേതാണ്. ഗോൾഡൻ ഗ്ലോബിന്റെ അന്തിമ നോമിനേഷൻ പട്ടികയായി ഇതിനെ കണക്കാക്കാനാകില്ല.
Nitesh Tiwari’s Ramayana, starring Ranbir Kapoor and Yash, has entered the 84th Golden Globes eligibility race in two categories: Best Motion Picture – Drama and Best Motion Picture – Non-English Language. Despite its musical collaboration between A.R. Rahman and Hans Zimmer, the film is absent from the music categories.