

ഹോളിവുഡിലെ രണ്ട് ഓസ്കർ ജേതാക്കളായ സംവിധായകർ ഒരുമിക്കുന്നു. സ്റ്റീവൻ സ്പിൽബർഗ് ആദ്യമായി വെസ്റ്റേൺ സിനിമ സംവിധാനം ചെയ്യുമ്പോൾ തിരക്കഥയൊരുക്കുന്നത് പോൾ തോമസ് ആൻഡേഴ്സൺ. കെവിൻ ബാരിയുടെ 'ദി ഹാർട്ട് ഇൻ വിന്റർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജെസ്സി ബക്ക്ലി, കിലിയൻ മർഫി, മാർക്ക് റൈലൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കാസ്റ്റിങ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
'ഡിസ്‌ക്ലോഷർ ഡേ' എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ സിനിമകളിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്പിൽബർഗ് പുതിയ പ്രോജക്ടുമായി എത്തുന്നത്. ഇതുവരെ വെസ്റ്റേൺ ജോണറിൽ സിനിമ സംവിധാനം ചെയ്തിട്ടില്ലാത്ത സ്പിൽബർഗിന്റെ ആദ്യ പരീക്ഷണമാണിത്. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിലൂടെ ഓസ്കർ നേടിയ പോൾ തോമസ് ആൻഡേഴ്സണാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
പുതിയ സിനിമയെക്കുറിച്ച് ഡെഡ്‌ലൈനിനോട് സംസാരിച്ച സ്പിൽബർഗ്, പോൾ തോമസ് ആൻഡേഴ്സണൊപ്പം ഒരു ജോണർ സിനിമയിൽ പ്രവർത്തിക്കാൻ ലഭിച്ച അവസരമാണ് തന്നെ ഏറെ ആവേശം കൊള്ളിക്കുന്നതെന്ന് പറഞ്ഞു. "എന്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ പോൾ തോമസ് ആൻഡേഴ്സണൊപ്പം ഒരു ജോണറിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്നതാണ് എന്നെ ആവേശം കൊള്ളിക്കുന്നത്. ജോണർ എന്നതിലുപരി, വളരെ വേഗം ഞങ്ങൾ ഇരുവരുടെയും ഹൃദയത്തോട് ചേർന്ന ഒരു കഥയാണിത്. ഒരു ടീമായി ഈ സിനിമ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നി" എന്ന് സ്പിൽബർഗ് വ്യക്തമാക്കി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തെ അമേരിക്കൻ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. ജീവിതത്തിൽ അർഹിക്കുന്നതിലും കുറഞ്ഞതൊന്നും സ്വീകരിക്കാൻ തയ്യാറാകാത്ത രണ്ട് പലായനം ചെയ്തവരുടെ കഥയാണ് സിനിമ പറയുന്നത്. പുതിയൊരു ജീവിതം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. ജെസ്സി ബക്ക്ലിയും കിലിയൻ മർഫിയുമാണ് ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ സ്പിൽബർഗ് നിർമ്മിച്ച 'ഹാംനെറ്റ്' എന്ന ചിത്രത്തിൽ ജെസ്സി ബക്ക്ലി അഭിനയിച്ചിരുന്നു. എന്നാൽ കിലിയൻ മർഫിയുമായി സംവിധായകൻ ആദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരും ഇതുവരെ ഒരുമിച്ച് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. "തങ്ങൾക്ക് അർഹമായ ജീവിതത്തേക്കാൾ കുറഞ്ഞതൊന്നും സ്വീകരിക്കാൻ തയ്യാറാകാത്ത, എന്നാൽ ചിലപ്പോൾ താങ്ങാനാകുന്നതിലും അധികം ഏറ്റെടുക്കേണ്ടിവരുന്ന മനുഷ്യരുടെ കഥയാണിത്. ഈ കഥാപാത്രങ്ങൾക്കായി ആദ്യം മനസ്സിലെത്തിയത് ജെസ്സിയും കിലിയനുമായിരുന്നു. ഇരുവരും ഇതുവരെ ഒരുമിച്ച് സിനിമ ചെയ്തിട്ടുമില്ല", സ്പിൽബർഗ് പറഞ്ഞു.
സ്പിൽബർഗിന്റെ സ്ഥിരം സഹപ്രവർത്തകനായ യാനുഷ് കാമിൻസ്കിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'ഷിൻഡ്ലേഴ്സ് ലിസ്റ്റ്', 'സേവിങ് പ്രൈവറ്റ് റയാൻ' തുടങ്ങിയ സിനിമകളിൽ സ്പിൽബർഗിനൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും ചിത്രത്തിൽ ശ്രദ്ധേയമാണ്.
അടുത്ത വിന്റർ സീസണിൽ ചിത്രീകരണം ആരംഭിക്കാനാണ് നിലവിലെ പദ്ധതി. 2028-ൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. സിനിമയുടെ ഔദ്യോഗിക പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വെസ്റ്റേൺ ജോണറിൽ സ്പിൽബർഗ് ഒരുക്കുന്ന ആദ്യ ചിത്രത്തിന് പോൾ തോമസ് ആൻഡേഴ്സൺ തിരക്കഥയൊരുക്കുന്നു എന്നതുതന്നെയാണ് ഇപ്പോൾ ഹോളിവുഡിലെ പ്രധാന വാർത്തകളിലൊന്ന്
Steven Spielberg is set to direct his first Western film, with Paul Thomas Anderson writing the screenplay. Based on Kevin Barry’s novel The Heart in Winter, the film stars Jessie Buckley, Cillian Murphy and Mark Rylance. Set in late nineteenth-century America, the project is expected to release in 2028.