

രശ്മിക മന്ദാന നായികയാകുന്ന 'മൈസ'യുടെ റിലീസ് മാറ്റിവെച്ചു. നവംബർ 27ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച രശ്മികയും പുതിയ തീയതി സ്ഥിരീകരിച്ച ശേഷം അറിയിക്കാമെന്ന് വ്യക്തമാക്കി.
സാങ്കേതിക മികവിലും തിയറ്റർ അനുഭവത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാനാണ് റിലീസ് മാറ്റാനുള്ള തീരുമാനമെന്നാണ് നിർമാതാക്കളുടെ വിശദീകരണം. തെലുങ്ക് സിനിമയിൽ മികച്ച സാങ്കേതിക നിലവാരമുള്ള ചിത്രങ്ങൾ തുടർച്ചയായി എത്തുന്ന സാഹചര്യത്തിൽ അതേ നിലവാരത്തിലുള്ള ഒരു ആക്ഷൻ ചിത്രമായാണ് 'മൈസ' ഒരുക്കുന്നതെന്നും അണിയറപ്രവത്തകർ പറയുന്നു.
"തെലുങ്ക് സിനിമ ആവേശകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മികച്ച സാങ്കേതിക മികവും അസാധാരണമായ ആവിഷ്കാര നിലവാരവും പുലർത്തുന്ന ചിത്രങ്ങൾ ഈ രംഗത്ത് തുടർച്ചയായി എത്തുന്നുണ്ട്. അതേ പാതയിൽ, പ്രേക്ഷകർക്ക് വലിയ സ്ക്രീനിൽ ആഴത്തിലുള്ള സിനിമാനുഭവം സമ്മാനിക്കുന്ന, സാങ്കേതികമായി മികച്ചതും അതുല്യവുമായ ഒരു ആക്ഷൻ ചിത്രമായാണ് 'മൈസ' ഒരുക്കിയിരിക്കുന്നത്," എന്നാണ് നിർമാതാക്കളുടെ പ്രസ്താവനയിൽ പറയുന്നത്.
ചിത്രത്തിന്റെ തിയറ്റർ റിലീസ് നവംബർ 27ൽ നിന്ന് മാറ്റാൻ കൂട്ടായി തീരുമാനിച്ചതായും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ കാഴ്ചാനുഭവത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഈ തീരുമാനമെന്നും നിർമാതാക്കൾ അറിയിച്ചു. പുതിയ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പ് അധികം നീളില്ലെന്നും അവർ ഉറപ്പുനൽകി. റിലീസ് മാറ്റിയതിനെക്കുറിച്ച് രശ്മികയും പ്രതികരിച്ചിട്ടുണ്ട്. "ചിത്രത്തിന്റെ റിലീസ് നീട്ടുകയാണ്. പുതിയ റിലീസ് തീയതിയെക്കുറിച്ച് എനിക്ക് വിവരം ലഭിക്കുമ്പോൾ നിങ്ങളെ അറിയിക്കാം," എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.
സംവിധായകൻ രവീന്ദ്ര പുല്ലെ ഒരുക്കുന്ന 'മൈസ' ഗോണ്ട് ഗോത്രവിഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സ്വന്തം ജനതയ്ക്കെതിരെ ഉയരുന്ന ഭീഷണികളും അക്രമങ്ങളും മൂലം ജീവിതം തകിടംമറിയുന്ന മൈസ എന്ന കഥാപാത്രം പിന്നീട് ഒറ്റയാൾ പോരാളിയായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗോത്രസമൂഹത്തിന്റെ ജീവിതപശ്ചാത്തലവും അതിജീവനത്തിനായുള്ള പോരാട്ടവുമാണ് സിനിമയുടെ കഥയിൽ പ്രധാനമായി കടന്നുവരുന്നത്.
സമുതിരക്കനി, ഈശ്വരി റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അൺഫോർമുല ഫിലിംസിന്റെ ബാനറിൽ അജയ് സയ്യാപുരെഡ്ഡി, അനിൽ സയ്യാപുരെഡ്ഡി, വീരസായി ഗോപ, ശ്രീകാന്ത് റെഡ്ഡി സാത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'പുഷ്പ 3: ദി റാംപേജ്' എന്ന ചിത്രത്തിലും രശ്മിക എത്തുന്നുണ്ട്. ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെ താരം വീണ്ടും അവതരിപ്പിക്കും. അറ്റ്ലീ കുമാർ സംവിധാനം ചെയ്യുന്ന 'രാക'യാണ് രശ്മികയുടെ മറ്റൊരു ചിത്രം. അല്ലു അർജുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'മൈസ'യുടെ പുതിയ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
The release of Rashmika Mandanna’s action film Mysaa has been postponed from November 27. The makers said the decision was taken to ensure technical excellence and deliver a better theatrical experience. A new release date will be announced soon. The film is directed by Ravindra Pulle and features Samuthirakani and Eeshwari Rao