തന്റെ വ്യക്തിജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും മിക്ക തീരുമാനങ്ങളും ഭര്‍ത്താവും എഴുത്തുകാരനും സംവിധായകനുമായ രാജ് നിഡിമോരുവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ആശ്രയിക്കാറുണ്ടെന്നും നടിയും നിര്‍മ്മാതാവുമായ സാമന്ത റുത്ത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെക്കുന്നത് പോലുള്ള ചെറിയ തീരുമാനങ്ങളില്‍ പോലും ഭര്‍ത്താവിന്റെ അഭിപ്രായങ്ങള്‍ തേടാറുണ്ടെന്നും സാമന്ത പറഞ്ഞു. 'മാ ഇന്റി ബംഗാരം' (Maa Inti Bangaram) എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.
'99 ശതമാനം സമയത്തും ഞാന്‍ ഭര്‍ത്താവ് പറയുന്നത് കേള്‍ക്കുന്നു'
വീട്ടിലൊരു കഥാകൃത്ത് ഉള്ളത് പ്രൊഫഷണല്‍ ജീവിതത്തില്‍ സഹായിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സാമന്ത തന്റെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള വ്യക്തമായ വേര്‍തിരിവിനെ കുറിച്ചും ഭര്‍ത്താവ് ഇവ രണ്ടിലും എത്രത്തോളം പങ്കാളിയാകുന്നുണ്ടെന്നും വിശദീകരിച്ചു. 'എന്റെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും വേറെയാണ്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഒരു സിനിമയുടെ കാര്യം മാത്രമല്ല, ലളിതമായ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാറുണ്ട്. കാരണം, നമ്മളെ ഒറ്റപ്പെടുത്തുകയും ഒരു കൃത്രിമ ലോകത്ത് എത്തിക്കുകയും ചെയ്യുന്ന ഈ സിനിമാ മേഖലയിലായിരുന്നിട്ടും കാര്യങ്ങളെ വളരെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്', സാമന്ത വിശദീകരിച്ചു. 'ഞാന്‍ എടുക്കുന്ന ഓരോ തീരുമാനവും അദ്ദേഹവുമായി പങ്കുവെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. 99 ശതമാനം സമയത്തും ഞാന്‍ അദ്ദേഹത്തിന്റെ വാക്ക് കേള്‍ക്കാറുണ്ട്', താരം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഈ കൂട്ടുകെട്ട് വളരെ മികച്ചതാണെന്ന് വിശേഷിപ്പിച്ച സാമന്ത, 'മാ ഇന്റി ബംഗാരം' രാജിന്റെ 'കുഞ്ഞ്' ആണെന്ന് വിശേഷിപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥ, എല്ലാ ദിവസവുമുള്ള ഷൂട്ടിംഗ് സെറ്റിലെ സാന്നിധ്യം, പോസ്റ്റ്-പ്രൊഡക്ഷന്‍, സൗണ്ട് മിക്‌സിംഗ്, സംഗീതം എന്നിവയിലെല്ലാം രാജിന്റെ വ്യക്തമായ മുദ്രയുണ്ടെന്നും താരം വ്യക്തമാക്കി. 2023-ല്‍ പുറത്തിറങ്ങിയ 'ശാകുന്തളം', 'ഖുശി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാമന്ത തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. 2024-ല്‍ രാജ് ആന്‍ഡ് ഡികെ ഒരുക്കിയ പ്രൈം വീഡിയോ സീരിസ് 'സിറ്റാഡല്‍: ഹണി ബണ്ണി'യില്‍ വരുണ്‍ ധവാനൊപ്പം സാമന്ത അഭിനയിച്ചിരുന്നു. തുടര്‍ന്ന് 2025-ല്‍ 'ശുഭം' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുകയും അതിലൂടെ നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
'സ്ത്രീകളെ അളക്കാന്‍ ഒരു ചെക്ക്‌ലിസ്റ്റുണ്ട്'
ഇന്ത്യന്‍ കുടുംബങ്ങള്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഗാര്‍ഹിക ബാധ്യതകള്‍ നിറവേറ്റി ഭര്‍തൃവീട്ടുകാരുടെ മനസ്സ് കീഴടക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം 1980-കളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. 'ഇന്നത്തെ കാലത്തും സ്ത്രീകളെ അളക്കാന്‍ ഒരു ചെക്ക്ലിസ്റ്റ് ഉണ്ട്. അതിലെ എല്ലാ കാര്യങ്ങളും തികയ്ക്കാനുള്ള കടുത്ത സമ്മര്‍ദ്ദമുണ്ട്. അങ്ങനെ ചെയ്യാന്‍ കഴിയാത്തപ്പോള്‍ നിങ്ങള്‍ ഒരു സ്ത്രീ എന്ന നിലയില്‍ കുറവുള്ളവരാണെന്ന് നിങ്ങള്‍ക്ക് തോന്നും. മിക്കപ്പോഴും അങ്ങനെ തോന്നിപ്പിക്കാന്‍ സമൂഹം ശ്രമിക്കാറുണ്ട്', സാമന്ത പറഞ്ഞു.
'ആ ചെക്ക്ലിസ്റ്റ് എടുത്തുനോക്കിയാല്‍, അതിലെ ഭൂരിഭാഗം കാര്യങ്ങളും തികയ്ക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് പാചകം ചെയ്യാന്‍ അറിയില്ല, പാടാന്‍ അറിയില്ല. അപ്പോള്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് എന്താണ് സംഭവിക്കുക? ഒരു കുടുംബത്തിലെ 'ബംഗാരം' ആകാന്‍ ഞങ്ങള്‍ക്ക് യോഗ്യതയില്ലേ? തെലുങ്ക് കുടുംബങ്ങളില്‍ പ്രിയപ്പെട്ട മകളെയോ മരുമകളെയോ സ്‌നേഹത്തോടെ വിളിക്കാന്‍ ഉപയോഗിക്കുന്ന 'ബംഗാരം' എന്ന വാക്കില്‍ നിന്നാണ് ചിത്രത്തിന് ഈ പേര് ലഭിച്ചത്. ഓരോ സ്ത്രീക്കും അവരുടേതായ പ്രത്യേകതകളുണ്ട്. സമൂഹം പറയുന്ന രീതിയിലല്ല, നിങ്ങളായിരിക്കുന്ന അവസ്ഥയില്‍ തന്നെ കുടുംബം നിങ്ങളെ അംഗീകരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു', സാമന്ത കൂട്ടിച്ചേര്‍ത്തു.
'ദി ഫാമിലി മാന്‍', 'സിറ്റാഡല്‍' എന്നീ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയരായ 'രാജ് ആന്‍ഡ് ഡികെ' എന്ന സംവിധായക ജോഡിയിലെ ഒരാളാണ് രാജ് നിഡിമോരു. 2021-ല്‍ 'ദി ഫാമിലി മാന്‍ സീസണ്‍ 2'-ന്റെ ചിത്രീകരണത്തിനിടയിലാണ് രാജ് ആദ്യമായി സാമന്തയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. രാജിനൊപ്പം വസന്ത് മരിംഗന്തി കഥയൊരുക്കുന്ന ചിത്രം നന്ദിനിയാണ് സംവിധാനം ചെയ്യുന്നത്. ട്രലാല മൂവിംഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ രാജ്, സാമന്ത, ഹിമാങ്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായും തിരിച്ചുപിടിച്ച സിനിമ നാളെ തിയേറ്ററുകളിലെത്തും.
Actress and producer Samantha Ruth Prabhu has revealed that she discusses nearly every major decision in her life with her husband, filmmaker Raj Nidhimoru, and follows his advice most of the time. Speaking ahead of the release of her upcoming film Maa Inti Bangaram, Samantha said Raj's grounded perspective helps her navigate both personal and professional choices, including something as simple as sharing a post on social media.