

പാക്കിസ്ഥാനി ഗായകനും 'മിത്വാ' എന്ന ഹിറ്റ് ഗാനത്തിലൂടെ ഇന്ത്യൻ സംഗീതാസ്വാദകർക്കും പരിചിതനുമായ ഷഫ്ഖത്ത് അമാനത്ത് അലി രക്താർബുദത്തെ അതിജീവിച്ച അനുഭവം വെളിപ്പെടുത്തി. മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദമാണ് തനിക്ക് ബാധിച്ചതെന്നും ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയനായെന്നും ഗായകൻ പറഞ്ഞു. രോഗബാധയെ തുടർന്ന് ഒരു വർഷത്തോളം കിടപ്പിലായിരുന്നുവെന്നും ഇപ്പോഴും ചികിത്സ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കറാച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഷഫ്ഖത്ത് തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. വരാനിരിക്കുന്ന സംഗീത പരിപാടികൾ പ്രഖ്യാപിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ രോഗവിവരവും അദ്ദേഹം പങ്കുവെക്കുകയായിരുന്നു. രോഗം കണ്ടെത്തിയതോടെ താനും കുടുംബവും വലിയ പ്രതിസന്ധിയിലായെന്നും ചില സുഹൃത്തുക്കളിൽ നിന്ന് പോലും ഇക്കാര്യം മറച്ചുവെച്ചിരുന്നുവെന്നും ഷഫ്ഖത്ത് പറഞ്ഞു.
"എന്നെ സംബന്ധിച്ച് വളരെ മോശമായൊരു ഘട്ടമായിരുന്നു അത്. എന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും ഒരുപോലെ ഉലച്ച അനുഭവം. എനിക്ക് സംഭവിച്ച പ്രശ്നത്തെക്കുറിച്ച് ചില സുഹൃത്തുക്കളിൽ നിന്ന് പോലും ഞങ്ങൾ വിവരം മറച്ചുവെച്ചിരുന്നു. ആ പ്രശ്നം മൾട്ടിപ്പിൾ മൈലോമയായിരുന്നു. വളരെ ഗുരുതരമായ അവസ്ഥയായിരുന്നു. അതിനോട് ഞാൻ പോരാടുകയായിരുന്നു", എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞത് ചികിത്സയ്ക്ക് സഹായകമായെന്നും ഷഫ്ഖത്ത് വ്യക്തമാക്കി. ''കറാച്ചിയിലെത്തന്നെ നിരവധി ഡോക്ടർമാരെ കണ്ട ശേഷമാണ് അനുയോജ്യമായ ചികിത്സ കണ്ടെത്തിയത്. ഒരു വർഷത്തോളം പൂർണമായും കിടപ്പിലായിരുന്നു. ഇപ്പോഴും ചികിത്സയുടെ ഭാഗമായി സ്റ്റെം സെൽ തെറാപ്പിക്ക് വിധേയനാകേണ്ടതുണ്ട്. അതുവരെ എല്ലാ ആഴ്ചയും കുറഞ്ഞ അളവിലുള്ള കീമോതെറാപ്പി ഉൾപ്പെടുന്ന മെയിന്റനൻസ് തെറാപ്പി തുടരുകയാണ്. ഒരു വർഷത്തോളം വേദികളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത് ഏറെ പ്രയാസകരമായിരുന്നു. . ചികിത്സയുടെ ഒരു ഘട്ടം പൂർത്തിയാക്കിയ ശേഷമാണ് ലാഹോറിൽ വീണ്ടും സംഗീത പരിപാടിയിൽ പങ്കെടുത്തത്. ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു'' എന്ന് അദ്ദേഹം വ്യക്തമാക്കി.
കറാച്ചിയിലെ ബീച്ച് ലക്ഷ്വറി ഹോട്ടലിലാണ് ഷഫ്ഖത്തിന്റെ അടുത്ത ലൈവ് പെർഫോമൻസ്. ഇസ്ലാമാബാദിലും ലാഹോറിലും വരും ദിവസങ്ങളിൽ കൂടുതൽ സംഗീത പരിപാടികൾ നടത്താനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംഗീത പാരമ്പര്യമുള്ള പട്യാല ഘരാനയിൽ നിന്നുള്ള ഗായകനാണ് ഷഫ്ഖത്ത് അമാനത്ത് അലി. ശാസ്ത്രീയ സംഗീതജ്ഞൻ ഉസ്താദ് അമാനത്ത് അലി ഖാന്റെ മകനും ഗായകൻ അസദ് അമാനത്ത് അലിയുടെ ഇളയ സഹോദരനുമാണ്. പാകിസ്ഥാനി റോക്ക് ബാൻഡായ ഫ്യൂസോണിന്റെ പ്രധാന ഗായകനായാണ് സംഗീതരംഗത്ത് ശ്രദ്ധ നേടിയത്. പിന്നീട് സോളോ ഗായകനായും അദ്ദേഹം സജീവമായി.
2006ൽ പുറത്തിറങ്ങിയ 'കഭി അൽവിദാ നാ കെഹ്നാ'യിലെ 'മിത്വാ'യാണ് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഷഫ്ഖത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. ശങ്കർ-എഹ്സാൻ-ലോയ് സംഗീതം നൽകിയ ഗാനം വലിയ ഹിറ്റായി മാറി. 'ഡോർ' എന്ന ചിത്രത്തിലെ 'യേ ഹൗൻസ്ല', 'മൈ നെയിം ഈസ് ഖാൻ' എന്ന ചിത്രത്തിലെ 'തേരേ നൈന', 'റാ.വൺ' എന്ന ചിത്രത്തിലെ 'ദിൽദാര' എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് ബോളിവുഡ് ഗാനങ്ങൾ.
Pakistani singer Shafqat Amanat Ali has revealed his battle with multiple myeloma, a type of blood cancer. He underwent chemotherapy and remained bedridden for nearly a year. The singer said he continues maintenance treatment and is expected to undergo stem cell therapy before fully resuming his musical performances.