

അന്തരിച്ച മഹാനടൻ തിലകനെയും സംവിധായകൻ കെ.ജി. ജോർജിനെയും ഓർത്തെടുത്ത് നടൻ ഷമ്മി തിലകൻ. തന്റെ ജീവിതത്തിലും കലാജീവിതത്തിലും ഇരുവരും ചെലുത്തിയ സ്വാധീനം ഓർമിപ്പിച്ചുകൊണ്ട്, ഇന്നും തന്റെ ‘രാപ്പകലുകളിൽ വഴികാട്ടുന്ന വെളിച്ച’മായി അച്ഛനും ജോർജ് സാറും നിലകൊള്ളുന്നുവെന്ന് ഷമ്മി തിലകൻ കുറിച്ചു.
“ലോകമൊരു വേദിയാണ്. അതിലെ സ്ത്രീകളും പുരുഷന്മാരും വെറും നടന്മാർ മാത്രം. ഓരോരുത്തർക്കും അവരുടേതായ കഥാപാത്രങ്ങളുണ്ട്. ഒരാൾ തന്റെ ജീവിതകാലത്ത് പല വേഷങ്ങളും കൈകാര്യം ചെയ്യുന്നു,” എന്ന വില്യം ഷേക്സ്പിയറിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ഷമ്മി തിലകൻ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. എന്നാൽ ചില മഹാപ്രതിഭകൾ തങ്ങളുടെ വേഷങ്ങൾ പൂർത്തിയാക്കി അരങ്ങൊഴിഞ്ഞാലും, അവരുടെ കാലൊച്ചയും ശബ്ദഗാംഭീര്യവും എന്നെന്നും ആ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.
തന്റെ ജീവിതത്തെയും കലയെയും ഒരുപോലെ നിർവചിച്ച രണ്ട് മഹാപ്രതിഭകളായ അച്ഛൻ തിലകനും സംവിധായകൻ കെ.ജി. ജോർജും കാലത്തിന്റെ യവനികയ്ക്കുള്ളിൽ മറഞ്ഞ ദിവസമാണിതെന്നും ഷമ്മി തിലകൻ പറഞ്ഞു. “ഷേക്സ്പിയർ പറഞ്ഞതുപോലെ, തങ്ങളുടെ വേഷപ്പകർച്ചകൾ പൂർത്തിയാക്കി കാലത്തിന്റെ മറ്റൊരു വേദിയിലേക്ക് അവർ യാത്രയായിട്ടുണ്ടാകാം. എങ്കിലും മരണത്തിന് മായ്ക്കാൻ കഴിയാത്ത വിധം അവർ സൃഷ്ടിച്ച വിസ്മയങ്ങളിലൂടെയും അവർ കൊത്തിയുണ്ടാക്കിയ മാതൃകകളിലൂടെയും ഇന്നും അവർ നമ്മോടൊപ്പം ജീവിക്കുന്നു,” എന്നും അദ്ദേഹം കുറിച്ചു.
ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂർണരൂപം;
"All the world’s a stage, And all the men and women merely players; They have their exits and their entrances, And one man in his time plays many parts." — William Shakespeare
"അര്‍ത്ഥവത്തായ വരികള്‍! എന്നാൽ ചില മഹാപ്രതിഭകള്‍, തങ്ങളുടെ വേഷങ്ങൾ പൂർത്തിയാക്കി അരങ്ങൊഴിഞ്ഞാലും അവരുടെ കാലൊച്ചയും ശബ്ദഗാംഭീര്യവും എന്നെന്നും വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരിക്കും!
ഇന്ന് സെപ്റ്റംബർ 24. എന്റെ ജീവിതത്തെയും കലയെയും ഒരുപോലെ നിർവ്വചിച്ച രണ്ട് മഹാപ്രതിഭകൾ കാലത്തിന്റെ യവനികയ്ക്കുള്ളിൽ മറഞ്ഞ ദിവസം. രക്തബന്ധത്തിന്റെ മായാത്ത തണലിൽ നിര്‍ത്തി, നടനത്തിന്റെ മഹാസമുദ്രത്തില്‍ നീന്തിത്തുടിക്കാന്‍ പ്രചോദനമേകിയ പിതാവിന്‍റേയും, 'ഇരകൾ' എന്ന വിസ്മയ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തി, സിനിമയുടെ യഥാർത്ഥ സൗന്ദര്യശാസ്ത്രം പകർന്നുതന്ന എന്റെ സമാരാധ്യനായ ഗുരു കെ ജി ജോർജ്ജ് സാറിന്‍റേയും ഓർമ്മ ദിവസം.
2012-ല്‍ അച്ഛനും, 2023-ല്‍ ജോർജ്ജ് സാറും വിടപറഞ്ഞത് ഒരേ ദിവസം തന്നെയാണെന്നത് കാലം കരുതിവെച്ച ഒരു വിചിത്രമായ നിയോഗം. "ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു." (2 തിമോത്തേയോസ് 4:7) എന്ന ബൈബിള്‍ വചനം അന്വർത്ഥമാക്കി, കലയിലും ജീവിതത്തിലും തരിമ്പുപോലും വിട്ടുവീഴ്ച ചെയ്യാതെ പൊരുതിയ രണ്ട് കർമ്മയോഗികളായിരുന്നു അവർ. "നിന്റെ വചനം എന്റെ കാലുകൾക്കു ദീപവും എന്റെ പാതയ്ക്കു പ്രകാശവുമാകുന്നു," എന്ന സങ്കീർത്തന വരികൾ പോലെയായിരുന്നു ഇരുവരും എനിക്ക്.
പ്രതിസന്ധികളിൽ തളരാതെ എങ്ങനെ ഒരു മനുഷ്യനായി ആർജ്ജവത്തോടെ തലയുയർത്തി ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ അച്ഛൻ പഠിപ്പിച്ചപ്പോൾ, ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് എങ്ങനെ കണ്ണുതുറക്കണമെന്ന് ജോർജ് സാറില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അഭിനയത്തിന്റെ അനന്തസാധ്യതകൾ അച്ഛൻ പകർന്നുതന്നപ്പോൾ, സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ജോർജ് സാർ സമ്മാനിച്ചു.
ഷേക്സ്പിയർ പറഞ്ഞതുപോലെ, തങ്ങളുടെ വേഷപ്പകർച്ചകൾ പൂർത്തിയാക്കി കാലത്തിന്റെ മറ്റൊരു വേദിയിലേക്ക് അവർ യാത്രയായിട്ടുണ്ടാകാം. എങ്കിലും മരണത്തിന് മായ്ക്കാൻ കഴിയാത്ത വിധം അവർ സൃഷ്ടിച്ച വിസ്മയങ്ങളിലൂടെ, അവർ കൊത്തിയുണ്ടാക്കിയ മാതൃകകളിലൂടെ ഇന്നും നമ്മോടൊപ്പം അവർ ജീവിക്കുന്നു. ഒരിക്കലും അസ്തമിക്കാതെ വിണ്ണിൽ ജ്വലിച്ചുനിൽക്കുന്ന രണ്ട് ധ്രുവനക്ഷത്രങ്ങള്‍. എന്റെ രാപ്പകലുകളിൽ ഇന്നും വഴികാട്ടുന്ന വെളിച്ചമായി നിലകൊള്ളുന്ന പുണ്യങ്ങൾ! ആദരവോടെ ശിരസ്സ് നമിക്കുന്നു. പ്രണാമം."
Actor Shammi Thilakan remembers his father and legendary actor Thilakan and filmmaker K.G. George on September 24. Recalling their profound influence on his life and artistic journey, Shammi describes them as guiding lights who continue to live through their unforgettable works, values, and lasting contributions to cinema.