'ദൃശ്യം' ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയെപ്പോലെയുള്ളവരെ നേരിട്ട് പരിചയുമുണ്ടെന്ന് നടിയും അഭിഭാഷകയുമായ ശാന്തി മായാദേവി. സ്വന്തം ഭാര്യയെ 21 തവണ വെട്ടി കൊലപ്പെടുത്തിയ ഒരു വ്യക്തിയുണ്ട്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
''കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്യുകയും ചെയ്ത കേസായിരുന്നു അയാളുടേത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത് സാധാരണ ജയിലിലാണ്. പരോൾ കിട്ടുമ്പോൾ കാണാൻ വരാറുണ്ട്. ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന തുക ചേർത്ത് വെച്ചുകിട്ടിയ പതിനായിരം രൂപയുമായാണ് അദ്ദേഹം വരുന്നത്. ഒന്നിച്ചു ചായ കുടിക്കുകയും ഏറെനേരം ഞങ്ങൾ സംസാരിക്കുകയുമെല്ലാം ചെയ്യാറുണ്ട്,'' ശാന്തി പറഞ്ഞു.
അദ്ദേഹം എന്നെ കാണാൻ വരുന്നതിനെ അസാധാരണ കാഴ്ചപ്പാടോടെ സമീപിക്കുന്നയാളുകൾ ഉണ്ട്. സ്വന്തം ഭാര്യയെ ഇത്രത്തോളം ക്രൂരമായി കൊലചെയ്ത വ്യക്തിയല്ലേ എന്നെല്ലാം എന്റെ ഓഫീസിൽ ഉള്ളവരടക്കം എന്നോട് പറയാറുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് മറ്റുള്ളവർക്ക് അറിയാവുന്നത് മാത്രമല്ല അയാൾ. അതിനു പിന്നിൽ മറ്റൊരു വലിയ കഥയുണ്ട്. ഒന്നിനെയും ന്യായീകരിക്കുന്നതിലോ അടച്ചാക്ഷേപിക്കുന്നതിലോ അല്ല കാര്യം. ഇത്തരത്തിൽ കാര്യങ്ങളെ മുൻവിധിയോടു കൂടി കാണുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. മുൻവിധിയോടെയുള്ള സമീപനം ഒരു കേസിന്റെ ന്യായമായ പഠനത്തെ ദോഷകരമായി ബാധിക്കുമെന്നും ശാന്തി പറഞ്ഞു.
ഞാൻ പറഞ്ഞ പരോളിൽ വരുന്ന പ്രതിയുടെ കാര്യത്തിലും സമാനതയുണ്ടെന്ന് ശാന്തി വ്യക്തമാക്കി. മാസങ്ങളോളം ജയിലിൽ അധ്വാനിച്ച പണവുമായി അദ്ദേഹം എന്നെ കാണാൻ വരുമ്പോൾ പറയുന്നത് ഈ പണം സൂക്ഷിക്കുന്നതുകൊണ്ട് അയാൾക്ക് ഗുണമില്ലെന്നാണ്. കാരണം അയാൾക്ക് ആരുമില്ല. എന്നിട്ടും ഭാര്യയെ കൊല്ലേണ്ടി വന്നതിനെല്ലാം അയാൾക്ക് കൃത്യമായ കാരണമുണ്ട്. എന്നെ കാണാൻ വരുകയും ചായ കുടിക്കാനിരിക്കുകയും ആ പണത്തിൽനിന്ന് ആയിരം രൂപ ഞാനെടുക്കുകയും ചെയ്യുമ്പോഴും അയാൾക്കു കിട്ടുന്ന ചെറിയ സന്തോഷമുണ്ട്. അത്തരത്തിൽ പല സംഭവങ്ങളും വ്യക്തികൾക്കുണ്ടെന്നും ജോർജുകുട്ടിക്ക് സംഭവിച്ചതും അതുതന്നെയാണെന്നും ശാന്തി കൂട്ടിച്ചേർത്തു.
English Summary: Shanthi Mayadevi reveals that she has encountered people in real life similar to Georgekutty from Drishyam. She shares her experience of interacting with a convicted murderer on parole, emphasizing the importance of understanding individuals beyond prejudice.