നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസ്സന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആസൂത്രിതമാണെന്ന് താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ ശ്വേത മേനോന്‍. 'അമ്മ'യുടെ മെഡിക്കല്‍ ക്യാമ്പ് നടക്കുന്ന ദിവസം അന്‍സിബ ഇത്തരമൊരു കാര്യം പറഞ്ഞതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷമാണ് പരാതി തന്നതെന്നും അന്‍സിബയെ കേള്‍ക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.
'മാധ്യമങ്ങളോട് പറഞ്ഞ പരാതി 'അമ്മ'യ്ക്ക് ലഭിച്ചത് ഇന്ന് രണ്ട് മണിയോടെയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി അന്‍സിബയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണെടുത്തില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. 'എല്ലാ മീറ്റിങ്ങിലും ഒരുപാട് അടിപിടി നടക്കാറുണ്ട്. അതിന് ഒരു കുറവുമില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ നമുക്ക് എല്ലാവരുടെയും മുകളിലും പരാതിയുണ്ട്. 17 ആള്‍ക്കാരാണ് ഐസി (ഇന്റേണല്‍ കമ്മിറ്റി) യില്‍ അംഗങ്ങളായിട്ടുള്ളത്. ഒരാള്‍ പരാതി പറയുമ്പോള്‍ 16 ആള്‍ക്കാരും പ്രതികരിക്കാതെ ഇരിക്കുമോ?', ശ്വേത മേനോന്‍ ചോദിച്ചു.
അതേസമയം, അമ്മ സംഘടനയില്‍നിന്ന് താന്‍ രാജി വെക്കാന്‍ കാരണം ടിനി ടോമും സംഘടനയിലെ മറ്റു ചിലരുമാണെന്ന് അന്‍സിബ ഹസ്സന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തിയെന്നും ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും അന്‍സിബ വെളിപ്പെടുത്തിയിരുന്നു. നീന കുറുപ്പ് ഉള്‍പ്പെടെയുള്ള നടിമാര്‍ക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അമ്മയിലെ എക്സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കിയപ്പോള്‍ 'അമ്മ' പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ലെന്നും അന്‍സിബ തുറന്നുപറഞ്ഞിരുന്നു.
'ജനുവരിയില്‍ മൂന്ന് പരാതികള്‍ അന്‍സിബ തന്നിട്ടുണ്ടായിരുന്നു. അത് വ്യക്തിപരമായ വേറെയൊരു പരാതിയായിരുന്നു. അവസാനത്തെ ഇന്റേണല്‍ കമ്മിറ്റി മീറ്റിങ് മാര്‍ച്ച് രണ്ടിനായിരുന്നു. അന്നാണ് അന്‍സിബ അവസാനം വരുന്നത്. അതില്‍ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. അന്‍സിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. പൊലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് മാത്രമാണ് അന്‍സിബ തന്നോട് സംസാരിച്ചത്. അമ്മ ഒരു വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ അല്ല, ചാരിറ്റി ഓര്‍ഗനൈസേഷനാണ്. ഓരോരുത്തരുടെയും വീട്ടില്‍ നടക്കുന്ന പരാതികളൊന്നും പരിഗണിക്കാന്‍ പറ്റില്ല. സംഘടനയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്‌പോണ്‍സറാക്കിയതിലും അന്‍സിബ കമ്മിറ്റിയില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. എവിടുന്ന് വേണമെങ്കിലും ഏത് മതപരമായ സ്ഥാപനത്തില്‍ നിന്നും നമുക്ക് ചാരിറ്റി സ്വീകരിക്കാം.', ശ്വേത മേനോന്‍ പറഞ്ഞു.
അമ്മയില്‍ സജീവമായി പ്രവൃത്തിക്കുന്നയാള്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ ഭയന്നവരാണ് അന്‍സിബയുടെ പരാതിക്ക് പിന്നിലെന്നാണ് ടിനി ടോം പ്രതികരിച്ചത്. തന്റെ പേരില്‍ ഇതുവരെയും ആരോപണങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും അന്‍സിബയുടെ രാജി തിരക്കുകള്‍ കാരണമാണെന്നാണ് അറിയിച്ചതെന്നും ടിനി ടോം പറഞ്ഞു. 'അമ്മയില്‍ പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അന്‍സിബ സഹോദരിയെ പോലെയാണ്. അവിഹിത കഥകള്‍ പ്രചരിപ്പിച്ചുവെന്ന് വേറൊരാള്‍ പറഞ്ഞു എന്നാണ് അന്‍സിബ പറയുന്നത്. നേരിട്ട് കേട്ടാലെ ഇതൊക്കെ പറയാന്‍ പാടുള്ളൂ', ടിനി ടോം പറഞ്ഞു. അന്‍സിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളില്‍ അധികവും മുസ്ലിങ്ങളാണെന്നും ഇപ്പോള്‍ നടക്കുന്നത് പരദൂഷണമാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
'അമ്മ'യില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ജോയന്റ് സെക്രട്ടറിയായ അന്‍സിബ രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴില്‍പരമായ തിരക്കുകളുമാണ് രാജിക്കുള്ള കാരണമെന്നാണ് പ്രസിഡന്റ് ശ്വേതാ മേനോന്‍ രാജി സ്വീകരിച്ച് പറഞ്ഞത്. 'രാജിവെക്കാനുള്ള യഥാര്‍ത്ഥ കാരണം 'അമ്മ'യുടെ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞിരുന്നു. രാജിക്കത്ത് വാട്‌സ്ആപ്പിലയയ്ക്കുകയും മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. വാട്‌സ്ആപ്പിലെ മെസേജ് കണ്ടപ്പോള്‍ പ്രസിഡന്റ് കണ്ണ് തള്ളിയ ഒരു ഇമോജിയാണ് മറുപടിയായി അയച്ചത്. സെക്രട്ടറി എന്താണ് കാര്യമെന്ന് അന്വേഷിച്ചു. ഞാന്‍ മതതീവ്രവാദിയാണ്, ജിഹാദിയാണ് എന്നെല്ലാമാണ് ടിനി ടോം ആരോപിച്ചത്. അദ്ദേഹത്തിന്റെ ഡ്രൈവറും ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനും ഉള്‍പ്പെടെ പലരേയും ഞാന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്ക് അവിഹിതമുണ്ടാകാന്‍ ലോകത്ത് ഇനിയൊരാളും ബാക്കിയില്ല എന്ന തരത്തിലും കഥകളുണ്ടായി. എന്റെ സ്വന്തം വീട്ടിലുള്ള ആളുകളെ ചേര്‍ത്തുവരെ അപവാദം പറഞ്ഞിട്ടുണ്ട്. അതുകൂടി കേട്ടപ്പോഴാണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചത്', ഇതാണ് അന്‍സിബ വെളിപ്പെടുത്തിയത്.
English Summary: AMMA president Shwetha Menon has questioned the timing and intent behind actress Ansiba Hassan’s allegations against actor Tiny Tom, stating that the complaint reached the organisation only after it was discussed publicly through the media. She said AMMA’s executive committee would review the complaint and that Ansiba would be given an opportunity to present her concerns.