

റിലീസിന് തൊട്ട് പിന്നാലെ പൈറസിയുടെ ഇരയായി ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം 'ദി ഒഡിസി'. ചിത്രത്തിന്റെ അനധികൃത എച്ച്ഡി പതിപ്പുകൾ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ പൈറസിക്ക് പിന്നിലുള്ളവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ്.
റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ മുഴുവൻ പതിപ്പും വിവിധ പൈറസി വെബ്സൈറ്റുകളിലും ടെലഗ്രാം ചാനലുകളിലും അനധികൃതമായി പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും, ചിത്രത്തിലെ പ്രധാന രംഗങ്ങൾ വീഡിയോ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, അവ നീക്കം ചെയ്യാനുള്ള നടപടികളും സ്റ്റുഡിയോ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ചിത്രത്തിന്റെ കുറഞ്ഞ നിലവാരത്തിലുള്ള ഒരു പൈറസി പതിപ്പ് ഞായറാഴ്ച രാവിലെ എക്‌സിൽ പ്രചരിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഓൺലൈനിൽ ലഭ്യമായിരുന്ന ഈ വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് 50,000ത്തിലധികം പേരാണ് അത് കണ്ടത്.
അനധികൃതമായി ചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ അന്വേഷണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും, പകർപ്പവകാശ നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യൂണിവേഴ്സൽ സ്റ്റുഡിയോസ് വ്യക്തമാക്കി. സിനിമാ നിർമിക്കാൻ ചെലവഴിക്കുന്ന വൻ നിക്ഷേപത്തെയും ആയിരക്കണക്കിന് ആളുകളുടെ അധ്വാനത്തെയും പൈറസി ഗുരുതരമായി ബാധിക്കുന്നുവെന്നും സ്റ്റുഡിയോ ചൂണ്ടിക്കാട്ടി.
അതേസമയം, പൈറസി വെല്ലുവിളികൾക്കിടയിലും ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ് 'ദി ഒഡിസി'. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ ചിത്രം, ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ശക്തമായ ബോക്സ് ഓഫീസ് കളക്ഷനുമായി മുന്നേറുകയാണ്. ഹോമറുടെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ ഏറ്റവും വലിയ സിനിമാ സംരംഭങ്ങളിലൊന്നായാണ് 'ദി ഒഡിസി' വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിൽ മാറ്റ് ഡാമണിനൊപ്പം സെൻഡയ, റോബർട്ട് പാറ്റിൻസൺ, ഷാർലിസ് തെറോൺ, ലുപിറ്റ ന്യോങ്കോ, ജോൺ ലെഗ്വിസാമോ, എലിയറ്റ് പേജ്, മിയ ഗോത്ത്, കോറി ഹോക്കിൻസ്, ജോൺ ബെർന്താൽ, സമാന്ത മോർട്ടൺ, ട്രാവിസ് സ്കോട്ട്, ബെനി സാഫ്ഡി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി അത്യാധുനിക ഐമാക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
Christopher Nolan's The Odyssey has fallen victim to online piracy shortly after release, with HD copies circulating across piracy websites, Telegram, and X. Universal Studios has warned of strict legal action while the film continues to perform strongly at the global box office despite the unauthorized leaks.