

കുഞ്ഞിന് ഭക്ഷണം നൽകുകയോ ഡയപ്പർ മാറ്റുകയോ ചെയ്യുമ്പോൾ അച്ഛനെ ഇത്രയധികം അഭിനന്ദിക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി രാം ചരണിന്റെ ഭാര്യയും ബിസിനസുകാരിയുമായ ഉപാസന കൊനിഡേല. കുട്ടികളെ വളർത്തുന്നത് അമ്മയുടെയും അച്ഛന്റെയും ഒരുപോലെ ഉത്തരവാദിത്തമാണെന്നും അതിൽ അച്ഛൻ പ്രത്യേകിച്ച് അഭിനന്ദിക്കപ്പെടേണ്ട കാര്യമില്ലെന്നും ഉപാസന പറഞ്ഞു. വിശാഖപട്ടണത്തിൽ നടന്ന സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റ് 2026-ൽ ആന്ധ്രാപ്രദേശ് മന്ത്രി നാര ലോകേഷുമായി സംസാരിക്കവെയാണ് ഉപാസന പേരന്റിങിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്.
കുട്ടികളെ വളർത്തുന്നതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന ബോധ്യം ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണമെന്ന് നാരാ ലോകേഷ് ചർച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായാണ് കുടുംബങ്ങളിലെ ലിംഗവിവേചനത്തെക്കുറിച്ചും രക്ഷാകർതൃത്വത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ചും ഉപാസന സംസാരിച്ചത്.
"ഒരു അച്ഛൻ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയോ ഡയപ്പർ മാറ്റുകയോ ചെയ്യുമ്പോൾ അമ്മയും മറ്റുള്ളവരും കൈയടിക്കും. എത്ര നല്ല അച്ഛനാണ് എന്നൊക്കെ പറയും. എന്നാൽ ഇതേ കാര്യങ്ങൾ അമ്മ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ആരും അവർക്കുവേണ്ടി കൈയടിക്കാത്തത്? വീട്ടിലെ ഈ ചിന്താഗതി മാറാതെ ബോർഡ് റൂമുകളിലും മാറ്റമുണ്ടാകില്ല. ഒരു അച്ഛൻ ആർക്കോ വേണ്ടി ചെയ്യുന്ന സഹായമല്ല ഇത്. അയാൾ തന്റെ കുട്ടിയെ വളർത്തുകയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം", ഉപാസന പറഞ്ഞു.
ആൺകുട്ടികൾ വീട്ടിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ അമ്മമാർ അതിനെ വലിയ നേട്ടമായി കാണുന്ന രീതി മാറണമെന്നും താരം അഭിപ്രായപ്പെട്ടു. കുട്ടികളെ ചെറുപ്പം മുതൽ തന്നെ ഉത്തരവാദിത്തങ്ങൾ പങ്കുവെച്ച് വളർത്തിയാൽ സമൂഹത്തിലെ ഈ കാഴ്ചപ്പാടുകൾക്കും മാറ്റമുണ്ടാകുമെന്നും ഉപാസന പറഞ്ഞു.
സ്വന്തം ജീവിതത്തിലും ഈ കാഴ്ചപ്പാടിന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് തുറന്നുപറയാനും താരം മടിച്ചില്ല. രാം ചരൺ കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ തനിക്കും അത് കാണാൻ ഏറെ സന്തോഷമായിരുന്നുവെന്നും വളരെ ക്യൂട്ടായാണ് തോന്നിയിരുന്നതെന്നും ഉപാസന പറഞ്ഞു. എന്നാൽ ഇപ്പോൾ അത് അച്ഛൻ ചെയ്യേണ്ട സാധാരണമായ ഉത്തരവാദിത്തം മാത്രമാണെന്ന് തിരിച്ചറിഞ്ഞതായും താരം കൂട്ടിച്ചേർത്തു.
2012-ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. സിനിമാ തിരക്കുകൾക്കിടയിലും കുടുംബജീവിതത്തിന് സമയം കണ്ടെത്തുന്ന രാം ചരണും ഉപാസനയും മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്. 2023-ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞായ ക്ലിൻ കാര ജനിച്ചു. ഈ വർഷം ജനുവരിയിൽ ഇരട്ടക്കുട്ടികളായ ശിവ്റാമും അന്വീര ദേവിയും കൂടി കുടുംബത്തിലേക്ക് എത്തി. അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകനായ സി. പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന.
Upasana Konidela has questioned why fathers receive praise for everyday parenting tasks such as feeding babies and changing diapers. Speaking at the CII Partnership Summit 2026, Ram Charan’s wife stressed that childcare is an equal responsibility. She also admitted that she once found her husband’s parenting gestures particularly cute.