

‘ആശ’യുടെ പ്രമോഷൻ വേദിയിൽ നടന്ന ഒരു സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കണമെന്ന് ഉർവശി ആവശ്യപ്പെടുകയും, അവരെ പരിഹസിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും ഉൾപ്പെടെയുള്ള ‘ആശ’ സിനിമയിലെ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
“കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ ഇത്ര വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുക് വറുക്കുന്നത്?” എന്നായിരുന്നു ഉർവശിയുടെ ചോദ്യം. തുടർന്ന് അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. “ഞാൻ വിചാരിച്ചു, ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് തിരക്കിട്ട് എത്തിയതിനാലാകാം അവരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതെന്ന്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങൾ എന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെ ഒന്ന് രക്ഷപ്പെടുത്ത്. നമ്മൾ നമ്മുടെ നാട്ടിൽ, നമ്മുടെ സദസ്സിൽ സംസാരിക്കുമ്പോൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ മലയാളത്തിൽ തന്നെ സംസാരിച്ചാൽ മതി,“ ഉർവശി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ, ഉർവശിക്കെതിരെ രൂക്ഷ വിമർശനമാണുയരുന്നത്.
“ഇതേ കാര്യം ഒരു സാധാരണ വ്യക്തിയാണ് പറഞ്ഞിരുന്നതെങ്കിൽ, സമൂഹത്തിന്റെ പ്രതികരണം മറ്റൊന്നായേനെ. പരിപാടിയുടെ ആദ്യപകുതിയിൽ അവതാരക വളരെ മാന്യമായ രീതിയിൽ മലയാളത്തിലാണ് സംസാരിച്ചത്. രണ്ടാം പകുതിയിലാണ് ഇംഗ്ലീഷിലേക്ക് മാറിയത്. ആങ്കറിങ് ചെയ്യുമ്പോൾ ഓരോരുത്തരും അവരുടേതായ അവതരണശൈലി പിന്തുടരും,” എന്നാണ് ഒരാളുടെ കമന്റ്.
“അത് നിങ്ങൾക്ക് മനസിലാകുന്നില്ലെങ്കിൽ അതിനെ അംഗീകരിക്കുകയാണ് വേണ്ടത്. എന്നാൽ സ്വന്തം വലുപ്പം കാണിക്കാൻ മറ്റൊരാളെ ചെറുതാക്കി കാണിക്കുന്നത് ഏറ്റവും മോശമായ പ്രവൃത്തിയാണ്. ആ അവതാരക ഇംഗ്ലീഷും മലയാളവും ചേർത്ത് വളരെ നന്നായി പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത്തരമൊരു വേദിയിൽ വെച്ച് ഇതുപോലെ ചോദിക്കുന്നത് ഒരു തരത്തിൽ അപമാനിക്കുന്നതിന് തുല്യമല്ലേ?” എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
മലയാള സിനിമയുടെ പ്രേക്ഷകർ ഇന്ന് കേരളത്തിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സിനിമകൾക്ക് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും പ്രമുഖ ഇൻഫ്ലുവൻസർമാർ ചൂണ്ടിക്കാട്ടി. ‘ആശ’ പോലൊരു സിനിമയും കേരളത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തണമെന്നായിരിക്കും അണിയറപ്രവർത്തകരുടെ ആഗ്രഹമെന്നും അവർ പറഞ്ഞു. പ്രമോഷൻ പരിപാടികളിൽ നിന്നുള്ള വീഡിയോകളും ചെറിയ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് എത്തുന്നത്. അതിനാൽ കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുന്നത് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും ഇൻഫ്ലുവൻസർമാർ അഭിപ്രായപ്പെട്ടു.
ഉർവശിയോട് ഏറെ ബഹുമാനമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ, ഈ വിഷയത്തിൽ നടിയുടെ നിലപാട് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. കേരളത്തിൽ ലക്ഷക്കണക്കിന് പ്രവാസികൾ ഉണ്ടായിരിക്കെ, ഒരാൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ഇന്നും എന്തുകൊണ്ടാണ് അഹങ്കാരത്തിന്റെ ലക്ഷണമായി കാണുന്നതെന്നാണ് മാധ്യമപ്രവർത്തകയും നിർമാതാവുമായ സുപ്രിയ പൃഥ്വിരാജ് ചോദിച്ചത്.
ഈ വിഷയത്തിൽ പ്രതികരണവുമായി അവതാരക ദക്ഷരയും രംഗത്തെത്തിയിട്ടുണ്ട്. “ഈ വിഷയത്തിന്റെ പേരിൽ ആരും എന്നെ ബഹിരാകാശത്തേക്ക് അയക്കണ്ട. ഒരു നടിയെന്ന നിലയിലും അവതാരകയെന്ന നിലയിലും നല്ല ‘തൊലിക്കട്ടി’ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്,” എന്നാണ് ദക്ഷര സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. ദക്ഷരയെ പിന്തുണച്ചുകൊണ്ട് അശ്വതി, ശ്രീകാന്ത് തുടങ്ങി നിരവധി പേരാണ് കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
അതേസമയം, മലയാളഭാഷയോടുള്ള ഉർവശിയുടെ നിലപാടിനെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രാധാന്യം നിലനിർത്തേണ്ടതുണ്ടെന്നും, കേരളത്തിലെ പരിപാടിയിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് ഉചിതമെന്നുമാണ് ഇവരുടെ അഭിപ്രായം. ഇംഗ്ലീഷ് സംസാരിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന ഉർവശിയുടെ ചോദ്യം ശരിയാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Actress Urvashi’s remarks asking an English-speaking anchor to switch to Malayalam during the Aasha movie promotion have sparked debate online. While some criticized her for allegedly mocking the anchor, others supported her stance on Malayalam. Producer Supriya Menon also questioned why speaking English is still viewed as arrogance in Kerala.