ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വെറുമൊരു മുന്നറിയിപ്പല്ല, മറിച്ച് മനുഷ്യജീവനുകളെ നേരിട്ട് ബാധിക്കുന്ന വലിയൊരു യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുകയാണ് യൂറോപ്പിലെ നിലവിലെ കാലാവസ്ഥ. ഫ്രാന്‍സ്, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. 40 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ രേഖപ്പെടുത്തുന്ന താപനില ജനജീവിതത്തെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.
ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം തേടി ജലാശയങ്ങളില്‍ ഇറങ്ങിയ 40 പേരാണ് ആളുകളാണ് ഫ്രാന്‍സില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ മുങ്ങിമരിച്ചത്. ചില പ്രദേശങ്ങളില്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സ്‌കൂളുകളുടെ പ്രവര്‍ത്തനവും ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടു. ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വേഗതയിലാണ് യൂറോപ്പ് ചൂടുപിടിക്കുന്നത്. ഇത് നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഫ്രാന്‍സില്‍ ഉടനീളം ഹീറ്റ് അലര്‍ട്ട്
ഫ്രാന്‍സിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഫ്രാന്‍സിന്റെ ചില ഭാഗങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് മെറ്റിയോ ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തില്‍ 1947-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ പകലുകളിലൂടെയും രാത്രികളിലൂടെയുമാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധം 54 ഡിപ്പാര്‍ട്ട്മെന്റുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്രാന്‍സിലുടനീളം ആളുകള്‍ കനാലുകളിലേക്കും നദികളിലേക്കും എടുത്ത് ചാടുകയാണ്. ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കാവുന്നതാണെന്നും എന്നാല്‍ അനുമതിയില്ലാത്തതോ അപകടകരമായതോ ആയ സ്ഥലങ്ങളില്‍ നീന്തരുതെന്നും ഫ്രാന്‍സിന്റെ കായിക മന്ത്രി മരീന ഫെരാരി മുന്നറിയിപ്പ് നല്‍കി. 'മുങ്ങിമരണങ്ങളുടെ കാര്യത്തില്‍ ഇത് സങ്കടകരമായ ഒരു വിപത്താണ്. ജൂണ്‍ 18 മുതലുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും യുവാക്കളാണ്', ഉഷ്ണതരംഗത്തെക്കുറിച്ചുള്ള അടിയന്തര യോഗത്തിന് മുന്നോടിയായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു പറഞ്ഞു.
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ കാര്‍പെന്റാസില്‍ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അകപ്പെട്ട് രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികള്‍ ചൂട് താങ്ങാനാവാതെ മരിച്ച ദാരുണ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുട്ടികളുടെ അമ്മയാണ് ഇവരെ കാറിനുള്ളില്‍ കണ്ടെത്തിയത്. പാരിസ്, ബ്രസല്‍സ് തുടങ്ങിയ നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കടുത്ത ചൂട് കാരണം പല ബിസിനസ്സ് സ്ഥാപനങ്ങളുടെയും പ്രവർത്തനം മന്ദഗതിയിലായി. സമ്പദ്‌വ്യവസ്ഥയും തിരിച്ചടി നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ഒമേഗ ബ്ലോക്ക്'
യൂറോപ്പിലെ ഈ കടുത്ത ചൂടിന് പിന്നിൽ 'ഒമേഗ ബ്ലോക്ക്' (Omega block) എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ഗ്രീക്ക് അക്ഷരമായ 'ഒമേഗ' യുടെ ആകൃതിയിലാണ് അന്തരീക്ഷത്തിൽ ഈ വായുപ്രവാഹം രൂപപ്പെടുന്നത്. ഇതിന്റെ മധ്യഭാഗത്ത് ചൂടുള്ള വായു കെട്ടിക്കിടക്കുകയും (Heat Dome) ഇരുവശങ്ങളിലും തണുത്ത വായു നിലനിൽക്കുകയും ചെയ്യും. ഈ ചൂടുവായുവിന്റെ വലയം ദിവസങ്ങളോളം ഒരേ സ്ഥലത്ത് തുടരുന്നതിനാലാണ് താപനില ക്രമാതീതമായി ഉയരുന്നത്. നിലവിലെ അവസ്ഥ 2003 ഓഗസ്റ്റിലെ ഉഷ്ണതരംഗത്തിന് സമാനമാണെന്ന് മെറ്റിയോ ഫ്രാൻസ് പറഞ്ഞു. അന്ന് 16 ദിവസം നീണ്ടുനിന്ന ഉഷ്ണതരംഗം യൂറോപ്പിലുടനീളം ഏകദേശം 80,000-ത്തോളം മരണങ്ങൾക്ക് കാരണമായിരുന്നു. നിലവിലെ ഉഷ്ണതരംഗം എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.
ഗാതാഗത്തെ ബാധിക്കും
ഇറ്റലിയിൽ ആരോഗ്യ മന്ത്രാലയം 15 നഗരങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മേഖലകളിൽ ജോലി സമയം കുറച്ചു. ബ്രിട്ടനിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. തെക്കൻ ഇംഗ്ലണ്ടിൽ ഇന്നത്തെ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഇത് ജൂൺ മാസത്തിലെ പുതിയ റെക്കോർഡായിരിക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചൂട് വീണ്ടും ഉയർന്നേക്കും. ചൂടിനെ പ്രതിരോധിക്കാൻ അനുയോജ്യമല്ലാത്ത കെട്ടിടങ്ങൾ ആയതിനാൽ ഡസൻ കണക്കിന് സ്കൂളുകൾ നേരത്തെ അടയ്ക്കാൻ തീരുമാനിച്ചു.
യൂറോപ്പിലുടനീളമുള്ള ഗതാഗത ശൃംഖലകളും പ്രതിസന്ധിയിലാണ്. ഈ ആഴ്ച അവസാനം അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്ന് ബ്രിട്ടനിലെ നെറ്റ്‌വർക്ക് റെയിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പാരിസ്, ലണ്ടൻ, ബ്രസ്സല്‍സ് തുടങ്ങിയ നഗരങ്ങളിൽ റെയിൽവേ ട്രാക്കുകൾ അമിതമായി ചൂടാകുന്നത് ഒഴിവാക്കാൻ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ വേഗത കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് സർവീസുകളെ ബാധിച്ചേക്കാം.
സ്പെയിനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് മുന്നറിയിപ്പ്. രാത്രിയിലും വലിയ ആശ്വാസമില്ല. ചൊവ്വാഴ്ച പുലർച്ചെയും മുപ്പതോളം നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. മാഡ്രിഡ് പോലുള്ള നഗരങ്ങളിൽ ഭവനരഹിതർക്കായി എയർകണ്ടീഷണർ സൗകര്യവും ഭക്ഷണവുമുള്ള 'ക്ലൈമറ്റ് ഷെൽട്ടറുകൾ' തുറന്നിട്ടുണ്ട്. കാട്ടുതീ സാധ്യതയുള്ളതിനാൽ വടക്കൻ സ്പെയിനിലെ ഡസൻ കണക്കിന് നഗരസഭകൾ പരമ്പരാഗത ബോൺഫയറുകൾ റദ്ദാക്കി.
ബെൽജിയത്തിൽ കടുത്ത ചൂട് കാരണം ബ്രസ്സൽസിന് സമീപമുള്ള ടെർവൂരനിലെ ഒരു പ്രൈമറി സ്കൂളിന് തങ്ങളുടെ അവസാന പരീക്ഷകൾ അടുത്തുള്ള ഒരു പള്ളിയിലേക്ക് മാറ്റേണ്ടി വന്നു. സ്വിറ്റ്സർലൻഡിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് നദികളിൽ നിന്നും തടാകങ്ങളിൽ നിന്നും വെള്ളമെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
ചൂടില്‍ നിന്നു രക്ഷപ്പെടാന്‍ 'കൂൾക്കേഷൻ' (Coolcation)
യൂറോപ്പിന്റെ തെക്കൻ മേഖലകൾ ചൂടിൽ വെന്തുരുകുമ്പോൾ, വിനോദസഞ്ചാരികൾ ഇപ്പോൾ സ്വീഡൻ, നോർവേ തുടങ്ങിയ വടക്കൻ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്. ചൂടിൽ നിന്ന് രക്ഷപ്പെടാൻ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് നടത്തുന്ന ഇത്തരം യാത്രകളെ 'കൂൾക്കേഷൻ' എന്നാണ് വിളിക്കുന്നത്. ക്രോയേഷ്യയിലെ സാഗ്രെബിൽ 30 ഡിഗ്രിക്ക് മുകളിൽ ചൂടുള്ളപ്പോൾ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ 22 ഡിഗ്രി സെൽഷ്യസ് മാത്രമാണ് താപനില എന്നത് വിനോദസഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നു.
Europe is experiencing one of the most severe heatwaves in its history, with countries including France, United Kingdom, Spain, Italy, and Switzerland recording temperatures above 40°C. The extreme heat has disrupted daily life, transportation, schools, and businesses. Italy, Spain, and the UK have also issued emergency warnings, reduced work hours, and prepared cooling shelters for vulnerable populations.