

ഇന്ത്യയിലെ പരിസ്ഥിതി അതീവഗുരുതമായ സാഹചര്യങ്ങളിലാണെന്ന് വ്യക്തമാക്കി ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് 'സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്' 'ഡൗണ്‍ ടു എര്‍ത്ത്' മാഗസിന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എന്‍വയോണ്‍മെന്റ് 2026: ഇന്‍ ഫിഗേഴ്‌സ്' (State of India's Environment 2026: In Figures) എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാലാവസ്ഥ, തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍, പൊതുജനാരോഗ്യം, വനങ്ങള്‍, ജൈവവൈവിധ്യം, ജലം, വായു മലിനീകരണം, മാലിന്യം, കൂടാതെ സംസ്ഥാനങ്ങളുടെ വികസന സൂചികകളിലെ പ്രകടനം എന്നിവ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.
2020-21 നും 2024-25 നും ഇടയില്‍ രാജ്യം ഏകദേശം 97,000 ഹെക്ടര്‍ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി വകമാറ്റിയിട്ടുണ്ടെന്നും 26 സംസ്ഥാനങ്ങളില്‍ വനഭൂമി വകമാറ്റുന്നത് വര്‍ധിച്ചതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളിലും ആശങ്കാജനകമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ 10 സംസ്ഥാനങ്ങളില്‍ മനുഷ്യര്‍ക്ക് നേരെയുള്ള ആനകളുടെ ആക്രമണം വര്‍ദ്ധിച്ചപ്പോള്‍, 2025-ലെ ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ മാത്രം കടുവകളുടെ ആക്രമണത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
മിക്ക സംസ്ഥാനങ്ങള്‍ക്കും മാലിന്യ സംസ്‌കരണമാണ് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തില്‍ പുതിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉയര്‍ന്ന പങ്ക് കാരണം ഗോവ റാങ്കിംഗില്‍ ഒന്നാമതെത്തി. എങ്കിലും, വനവിസ്തൃതിയിലെ മാറ്റം, മലിനജല സംസ്‌കരണം, മലിനമായ നദീതീരങ്ങളുടെ പരിപാലനം തുടങ്ങിയ വെല്ലുവിളികള്‍ ഗോവയും നേരിടുന്നുണ്ട്. രാസവളങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാല്‍, ശക്തമായ കാര്‍ഷിക സമ്പദ്വ്യവസ്ഥയുള്ള പഞ്ചാബ് 'കാര്‍ഷിക ഇന്‍പുട്ടുകളില്‍' (agriculture inputs) പിന്നിലാണ്.
കൃഷിയും ഭൂമിയും
'കൃഷിയും ഭൂമിയും' എന്ന വിഷയത്തില്‍ പഞ്ചാബ്, ഹരിയാന, സിക്കിം, ത്രിപുര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ഗോവ എന്നിവയാണ് ഏറ്റവും പിന്നില്‍. കാര്‍ഷിക സമ്പദ്വ്യവസ്ഥ, കൃഷി, കര്‍ഷക ക്ഷേമം, സുസ്ഥിരമായ ഭൂവിനിയോഗം എന്നിവയായിരുന്നു ഈ വിലയിരുത്തലിനുള്ള സൂചികകള്‍. ഈ വിഭാഗത്തില്‍ 27 സംസ്ഥാനങ്ങള്‍ പകുതി മാര്‍ക്കിന് താഴെയാണ്. കര്‍ഷക ക്ഷേമത്തിന്റെ കാര്യത്തിലാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.
പൊതുജനാരോഗ്യം
ആരോഗ്യച്ചെലവ്, പാരിസ്ഥിതിക അപകടസാധ്യത, ആരോഗ്യ ഫലം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയത്. ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, കേരളം, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ പൊതുജനാരോഗ്യത്തില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, അസം, ഛത്തീസ്ഗഡ് എന്നിവ റാങ്കിംഗില്‍ ഏറ്റവും താഴെയെത്തി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയാണ് ഒന്നാമത്. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവയാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയത്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ മരണങ്ങള്‍ക്കും കൃത്യമായ കാരണം രേഖപ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏക സംസ്ഥാനം ഗോവയാണ്. എങ്കിലും, 1,000 ജനസംഖ്യയ്ക്ക് ആവശ്യമായ സര്‍ക്കാര്‍ ആശുപത്രി ബെഡുകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, 'പാരിസ്ഥിതിക അപകടസാധ്യത' (വായു മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍) മിക്ക സംസ്ഥാനങ്ങളിലും പ്രധാന ആശങ്കയായി മാറിയിട്ടുണ്ട്.
പൊതു അടിസ്ഥാന സൗകര്യങ്ങളും മാനവ വികസനവും
'പൊതു അടിസ്ഥാന സൗകര്യങ്ങളും മാനവ വികസനവും' എന്ന വിഭാഗത്തില്‍ ഗോവ, നാഗാലാന്‍ഡ്, ത്രിപുര, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട് എന്നിവ മികച്ച പ്രകടനം നടത്തിയപ്പോള്‍ ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നിവയാണ് ഏറ്റവും പിന്നിലായത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവ ഒന്നാമതെത്തിയപ്പോള്‍ ലക്ഷദ്വീപ് ഏറ്റവും താഴെയായി.
പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗപദവി, വിദ്യാഭ്യാസം-തൊഴിലില്ലായ്മ, ദാരിദ്ര്യം-അസമത്വം എന്നിവയായിരുന്നു ഈ വിശകലനത്തിനായുള്ള നാല് സൂചികകള്‍. വിലയിരുത്തപ്പെട്ട 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 32 എണ്ണവും പകുതി മാര്‍ക്കിന് താഴെയായിരുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങളുടെ (റോഡുകള്‍, വൈദ്യുതി, ഭവന നിര്‍മ്മാണം) പോരായ്മയാണ് ഇവയിലെല്ലാം പൊതുവായി കണ്ട പ്രശ്‌നം.
കാലാവസ്ഥാ വ്യതിയാനങ്ങളും ജലപ്രതിസന്ധിയും
2025-ല്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷത്തിലെ 99 ശതമാനം ദിവസങ്ങളിലും രാജ്യത്ത് അതിതീവ്ര കാലാവസ്ഥ അനുഭവപ്പെട്ടു. ഇതുമൂലം 4,421 പേര്‍ മരണപ്പെടുകയും 17.41 ദശലക്ഷം ഹെക്ടര്‍ കൃഷിനാശം സംഭവിക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ജലക്ഷാമത്തെക്കുറിച്ചും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഭൂഗര്‍ഭജലം പുനരുജ്ജീവിപ്പിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ അത് ചൂഷണം ചെയ്യുന്നു.
പൊതുജനാരോഗ്യ സൂചികകളും ആശങ്കാജനകമാണ്. ഏകദേശം 13 ശതമാനം ഇന്ത്യക്കാര്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലും പെണ്‍കുട്ടികളിലുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നായി വായു മലിനീകരണം തുടരുകയാണ്. ആഗോളതലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യയുടെ പങ്ക് 2014-നും 2023-നും ഇടയില്‍ 23.76 ശതമാനത്തില്‍ നിന്ന് 25.34 ശതമാനമായി ഉയര്‍ന്നു. അന്തരീക്ഷത്തിലെ PM2.5 കണികകള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ 61 ശതമാനം വര്‍ദ്ധിച്ചു.
English Summary: India is facing a severe environmental crisis marked by worsening air pollution, increasing water scarcity, forest loss, and frequent extreme weather events, according to the State of India's Environment 2026: In Figures report released by the Centre for Science and Environment (CSE) and Down To Earth magazine on World Environment Day.