

2026 വെറുമൊരു വരണ്ട വര്‍ഷമല്ല, മറിച്ച് ചരിത്രം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര ഭീകരമായ ഒരു 'സൂപ്പര്‍ എല്‍ നിനോ' (Super El Niño) പ്രതിഭാസത്തിലേക്കാണ് ലോകം നീങ്ങുന്നത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷം എല്‍ നിനോ ഉണ്ടാകാന്‍ 98 ശതമാനം സാധ്യതയുണ്ടെന്നാണ്. നോവ (NOAA) ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് ഇത് കടുത്ത തീവ്രതയുള്ള 'സൂപ്പര്‍ എല്‍ നിനോ' ആകാനുള്ള സാധ്യത 80 ശതമാനമാണ്.
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ 2.5 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് (ചില പ്രവചനങ്ങള്‍ പ്രകാരം 3°C വരെ) കുതിച്ചുയരുമ്പോള്‍, അത് ചരിത്രത്തിലെ ഏറ്റവും മാരകമായ 1877-ലെ 2.7°C എന്ന റെക്കോര്‍ഡ് പരിധിയെപ്പോലും തകര്‍ക്കാന്‍ പോന്നതാണ്. പസഫിക്കില്‍ രൂപപ്പെടുന്ന ഈ തീവ്രമായ താപവ്യതിയാനം ആഗോളതലത്തില്‍ കാറ്റിന്റെ ഗതിയെ അപ്പാടെ മാറ്റും.
അതായത് പസഫിക്കിലെ തണുത്ത കാറ്റ് ചൂടുപിടിച്ച് അവിടെ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുമ്പോള്‍, അത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും എത്തേണ്ട മണ്‍സൂണ്‍ മഴയെയും തണുത്ത കാറ്റിനെയും പൂര്‍ണ്ണമായും വടക്കന്‍-തെക്കേ അമേരിക്കന്‍ തീരങ്ങളിലേക്ക് വഴിതിരിച്ചുവിടും. അന്തരീക്ഷത്തിലെ ഈ വന്യമായ മാറ്റം ഇന്ത്യയുടെ ജീവനാഡിയായ മണ്‍സൂണിനെ ഇല്ലാതാക്കുമെന്നത് കൊണ്ടുതന്നെ, ഇത് നമ്മുടെ ജീവിതത്തെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വലിയ രീതിയിലാണ് ബാധിക്കുക.
ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയിലുണ്ടായ ഭീകരമായ മഹാക്ഷാമങ്ങള്‍ക്ക് പിന്നില്‍ എല്‍ നിനോ എന്ന പ്രതിഭാസത്തിന്റെ കറുത്ത കൈകള്‍ വ്യക്തമായി കാണാം.
1876-1878 ലെ ഗ്രേറ്റ് ഫാമിന്‍: ഈ കാലയളവിലുണ്ടായ എല്‍ നിനോയും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളും ചേര്‍ന്നുള്ള പ്രതിസന്ധി കഴിഞ്ഞ 800 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കടുത്ത വരള്‍ച്ചയ്ക്കാണ് മണ്‍സൂണ്‍ ആശ്രയിത ഏഷ്യന്‍ രാജ്യങ്ങളില്‍ വഴിവെച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് മനുഷ്യരാണ് അന്ന് പട്ടിണി കിടന്ന് മരിച്ചത്.
1899-1900ലെ ക്ഷാമം: കടുത്ത എല്‍ നിനോ വരുത്തിവെച്ച ഈ വരള്‍ച്ചയും ദശലക്ഷക്കണക്കിന് ജീവനുകളാണ് ഇന്ത്യയില്‍ കവര്‍ന്നത്.
1783, 1788-94ലെ ക്ഷാമം: ക്രമരഹിതമായ മഴയും ദീര്‍ഘകാലത്തെ വരള്‍ച്ചയും മൂലം ഇന്ത്യയെ തകര്‍ത്ത ഈ ദുരന്തങ്ങള്‍ക്ക് പിന്നിലും എല്‍ നിനോ ആയിരുന്നുവെന്ന് സയന്റിഫിക് ജേണലുകള്‍ അടിവരയിടുന്നു.
ഈ ചരിത്ര ഡേറ്റകള്‍ക്ക് മുന്നിലാണ് 2026-ല്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ മഴയില്‍ ശരാശരിയേക്കാള്‍ 7 മുതല്‍ 8 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 16 മുതല്‍ 17 ശതമാനം വരെ സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. രാജ്യത്തെ പകുതിയിലധികം കൃഷിയിടങ്ങളും ഇപ്പോഴും മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഈ എല്‍നിനോയുടെ ആഘാതം നമ്മളിലേക്ക് എങ്ങനെയാണ് എത്തുകയെന്ന് കൂടി നോക്കാം.
ഇന്ത്യയിലെ മൊത്തം കൃഷിയിടങ്ങളുടെ 50 ശതമാനത്തിലധികം ഇപ്പോഴും നേരിട്ട് മണ്‍സൂണ്‍ മഴയെ ആശ്രയിച്ചു മാത്രമാണ് നിലനില്‍ക്കുന്നത്. ബാക്കി ഭാഗങ്ങളില്‍ ജലസേചനം ഉണ്ടെങ്കിലും അതിനുള്ള വെള്ളം ലഭിക്കുന്നത് മണ്‍സൂണ്‍ വഴി ഡാമുകളും ഭൂഗര്‍ഭജലവും നിറയുമ്പോഴാണ്. മഴ 7-8% കുറയുമ്പോള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിതയ്ക്കല്‍ വൈകുകയോ മുടങ്ങുകയോ ചെയ്യും. ഇത് ഒരേസമയം നെല്ല്, പരുത്തി, കരിമ്പ്, എണ്ണക്കുരുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനം കുത്തനെ ഇടിയിക്കും.
ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം (ഏതാണ്ട് 45-50%) ഇപ്പോഴും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. കാര്‍ഷിക മേഖല ജിഡിപിയുടെ 16-17 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ എങ്കിലും, അത് രാജ്യത്തെ പകുതി ജനങ്ങളുടെ പോക്കറ്റിലെ പണത്തെയാണ് നിയന്ത്രിക്കുന്നത്.കൃഷി നശിക്കുമ്പോള്‍ കര്‍ഷകരുടെയും കാര്‍ഷിക തൊഴിലാളികളുടെയും വരുമാനം ഇല്ലാതാകുന്നു.ഗ്രാമീണ ജനതയുടെ കൈയില്‍ പണമില്ലാതാകുമ്പോള്‍ അവര്‍ ബൈക്കുകള്‍, സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങുന്നത് നിര്‍ത്തുന്നു. ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉപഭോഗം കുറയ്ക്കും. ഇത് ജിഡിപിയെ നേരിട്ട് ബാധിക്കും.
ഉല്‍പ്പാദനം കുറയുമ്പോള്‍ വിപണിയില്‍ അരി, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടും. ഇതോടെ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരും.വിലക്കയറ്റം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് പലിശനിരക്കുകള്‍ ഉയര്‍ത്തേണ്ടി വരും. പലിശനിരക്ക് ഉയരുമ്പോള്‍ വ്യവസായങ്ങള്‍ക്കും വ്യക്തികള്‍ക്കും ലോണുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടാകുകയും രാജ്യത്തെ പുതിയ നിക്ഷേപങ്ങളും ബിസിനസ്സ് വളര്‍ച്ചയും മന്ദഗതിയിലാവുകയും ചെയ്യും. കാര്‍ഷിക മേഖല ഒറ്റപ്പെട്ട ഒന്നല്ല. രാജ്യത്തെ പ്രമുഖ വ്യവസായങ്ങളായ ടെക്‌സ്‌റ്റൈല്‍സ് പഞ്ചസാര മില്ലുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ എന്നിവയുടെ അസംസ്‌കൃത വസ്തുക്കള്‍ വരുന്നത് കൃഷിയില്‍ നിന്നാണ്. കാര്‍ഷിക ഉല്‍പ്പാദനം ഇടിയുമ്പോള്‍ ഈ മാനുഫാക്ചറിങ് മേഖലയും പ്രതിസന്ധിയിലാകും.
English Summary: The world is heading toward what could become the most severe “Super El Niño” phenomenon in recorded history in 2026. Experts from the National Oceanic and Atmospheric Administration (NOAA) warn that there is a 98% chance of El Niño developing this year. According to NOAA scientists, there is also an 80% probability that it could intensify into a powerful “Super El Niño,” potentially triggering extreme weather events, rising temperatures, droughts, floods, and global climate disruptions.