ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ്കോങ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആഞ്ഞടിക്കുന്ന അസാധാരണ ഉഷ്ണതരംഗത്തില്‍ തകര്‍ന്നടിഞ്ഞു കൃഷിയും ജനജീവിതവും. ഓഗസ്റ്റ് രണ്ടിന് ദക്ഷിണ കൊറിയയിലെ യാങ്‌സാന്‍ നഗരത്തില്‍ രേഖപ്പെടുത്തിയത് 42.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. 1904-ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. അതിശക്തമായ ചൂട് കാരണം രാജ്യത്തുടനീളം കുറഞ്ഞത് 31 പേരെങ്കിലും മരണപ്പെട്ടതായി കൊറിയന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി അറിയിച്ചു. കൂടാതെ ഒമ്പത് ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളും 14 ലക്ഷത്തോളം വളര്‍ത്തു മീനുകളും ചത്തൊടുങ്ങി.
കൃഷി അടക്കം വീടിനുപുറത്തിറങ്ങി ചെയ്യുന്ന എല്ലാപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുമ്പെങ്ങും അനുഭവപ്പെടാത്ത കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ് പറഞ്ഞു. 'ഈ അസാധാരണ കാലാവസ്ഥാ വ്യതിയാനം സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ദേശീയ ദുരന്ത നിവാരണ സംവിധാനത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്താന്‍ നമ്മള്‍ തയ്യാറാകേണ്ടതുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലും ഹോങ്കോങിലും ചരിത്രത്തിലെ ഏറ്റവും വലിയ ചൂട്
അയല്‍രാജ്യമായ ജപ്പാനില്‍ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ രേഖപ്പെടുത്തി. 40 ഡിഗ്രിക്ക് മുകളിലുള്ള താപനിലയെ സൂചിപ്പിക്കാന്‍ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി പുതുതായി അവതരിപ്പിച്ച 'കൊകുഷോബി' (കഠിനമായ ചൂടുള്ള ദിവസം) എന്ന വിഭാഗം രാജ്യത്ത് ആദ്യമായി രേഖപ്പെടുത്തി. ടോക്കിയോയിലെ ഒരു മൃഗശാലയില്‍ മൂന്ന് സിംഹങ്ങള്‍ സൂര്യാഘാതമേറ്റ് ചത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ കടുത്ത ചൂട് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. മനുഷ്യനിര്‍മ്മിതമായ ആഗോളതാപനം ഇല്ലായിരുന്നുവെങ്കില്‍ ജപ്പാനില്‍ ജൂലൈ മാസത്തില്‍ അനുഭവപ്പെട്ട കഠിനമായ ഉഷ്ണതരംഗം 10,000 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സംഭവിക്കൂ എന്ന് ജപ്പാന്‍ കാലാവസ്ഥാ കേന്ദ്രത്തിലെ ഗവേഷകര്‍ വ്യക്തമാക്കി.
സാധാരണയായി ജപ്പാനില്‍ വേനല്‍ക്കാലത്തെ കഠിനമായ ചൂട് കുറയ്ക്കാന്‍ സഹായിക്കാറുള്ള 'എല്‍ നിനോ' പ്രതിഭാസം നിലനില്‍ക്കുമ്പോഴാണ് ഈ പ്രകൃതിദുരന്തം സംഭവിച്ചത്. ഹോങ്കോങില്‍ ഡാല്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ഉണ്ടായ ചൂടുകാറ്റ് കാരണം 36.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. 1884-ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടാണിത്. താപനില റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടും പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കായുള്ള 'ചൂട് മുന്നറിയിപ്പ് സംവിധാനം' കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇതിനെത്തുടര്‍ന്ന് മുന്നറിയിപ്പ് സംവിധാനം പുനപ്പരിശോധിക്കുമെന്ന് ഹോങ്കോംഗ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.
ചൈനയിലെ പടിഞ്ഞാറന്‍ ഷിന്‍ജിയാങ് മേഖലയില്‍ ജൂലൈയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ രാത്രികളില്‍ പോലും താപനില 25 ഡിഗ്രിക്ക് താഴേക്ക് പോകാത്ത അവസ്ഥയുണ്ടായി. അന്തരീക്ഷ ചുഴലികളുടെ വ്യതിയാനവും ആഗോളതാപനവും ചേര്‍ന്നാണ് ഈ പ്രാദേശിക ഉഷ്ണതരംഗത്തിന് കാരണമായതെന്ന് പുസാന്‍ ദേശീയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ ജൂണ്‍-യി ലീ പറഞ്ഞു. ഏഷ്യയില്‍ 1991 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട താപനില, അതിനു മുന്‍പുള്ള മൂന്ന് പതിറ്റാണ്ടുകളെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് വേള്‍ഡ് മീറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഉഷ്ണതരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് കര്‍ഷകരെയാണ്. വിളവെടുപ്പിനായി പാകമായിനിന്ന കൃഷിയാണ് നശിച്ചത്. തന്റെ 50 വര്‍ഷത്തെ കാര്‍ഷിക ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്ന് കര്‍ഷകനായ ഹോങ് ക്യങ്-ഹീ പറഞ്ഞു. ഇദ്ദേഹത്തിന്റെ തണ്ണിമത്തന്‍ കൃഷി പൂര്‍ണമായും നശിച്ചു. ദക്ഷിണ കൊറിയയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ദ്ദിഷ്ട വിളകള്‍ക്കും പ്രദേശങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍, ഇത്തരം അപ്രതീക്ഷിത കാര്‍ഷിക നഷ്ടങ്ങള്‍ പലപ്പോഴും കര്‍ഷകരെ കടുത്ത കടക്കെണിയിലേക്കാണ് തള്ളിവിടുക.
വരുംദിവസങ്ങളില്‍ ആഗോളതാപനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉഷ്ണതരംഗങ്ങളുടെ തീവ്രതയും ഇടവേളകളും വര്‍ദ്ധിക്കുമെന്ന് പ്രൊഫസര്‍ ജൂണ്‍-യി ലീ മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗവും കനത്ത മഴയും ഒന്നിച്ചെത്തുന്ന പ്രതിഭാസങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്. 'ആഗോളതാപനം പരിമിതപ്പെടുത്തുന്നതിന് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വേഗത്തില്‍ കുറയ്‌ക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ്', അവര്‍ വ്യക്തമാക്കി.
An unprecedented heatwave is devastating agriculture and daily life across East Asia, including South Korea, Japan and Hong Kong. South Korea recorded 42.5°C in Yangsan on August 2, the country's highest temperature since records began in 1904. At least 31 people have died from the extreme heat, while around 900,000 livestock and 1.4 million farmed fish have also perished. Authorities have urged people to suspend outdoor activities, including farming. Japan has recorded temperatures of 40°C or higher in several areas, prompting the country's weather agency to introduce a new category for extremely hot days. Hong Kong also recorded a record 36.9°C, its highest temperature since 1884.