'ദളിതർക്ക് രാജ്യത്ത് ഇടമില്ലേ?': ഖാർഗെയുടെ റാലിക്ക് പിന്നാലെ 'ശുദ്ധീകരണം', കോൺഗ്രസ്-ബിജെപി പോര് കത്തുന്നു

ഓ​ഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന കോൺ​ഗ്രസിന്റെ 'വിജയ് ശംഖ്നാദ്'റാലിയിലാണ് ഈ വിവാദങ്ങളുടെ തുടക്കം.
'ദളിതർക്ക് രാജ്യത്ത് ഇടമില്ലേ?': ഖാർഗെയുടെ റാലിക്ക് പിന്നാലെ 'ശുദ്ധീകരണം', കോൺഗ്രസ്-ബിജെപി പോര് കത്തുന്നു
Published on

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ റാലിക്ക് ശേഷം നടന്ന 'ശുദ്ധീകരണ' കർമ്മത്തെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു.വെറുമൊരു അനുഷ്ഠാനമെന്നതിലുപരി ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതിയും മതവും സജീവ ആയുധങ്ങളാകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ്. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ രാജ്യസഭയെ പ്രക്ഷുബ്ധമാക്കിയ ഈ വിഷയം, ഇരു പാർട്ടികളും തമ്മിലുള്ള ആശയപരമായ പോരാട്ടത്തിന്റെ നേർചിത്രമാണ് നൽകുന്നത്.

ഓ​ഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന കോൺ​ഗ്രസിന്റെ 'വിജയ് ശംഖ്നാദ്'റാലിയിലാണ് ഈ വിവാദങ്ങളുടെ തുടക്കം. കോൺ​​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയായിരുന്നു റാലിയിലെ പ്രധാന പ്രഭാഷകൻ. എന്നാൽ, രണ്ട് ദിവസങ്ങൾക്ക് ശേഷം, ഓ​ഗസ്റ്റ് പത്തിന് ശ്രീരാമസേന എന്ന വലതുപക്ഷ സംഘടന ഇതേ വേദിയിൽ ഒരു 'ശുദ്ധീകരണ' ഹോമം നടത്തി. ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവ് പ്രസംഗിച്ചതുകൊണ്ടാണ് വേദി അശുദ്ധമായതെന്നും, അതുകൊണ്ടാണ് ഇത്തരം ഒരു കർമ്മം നടന്നതെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്.

ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ഇതിനെ ജാതീയമായ വിവേചനത്തിന്റെയും ഇടുങ്ങിയ ചിന്താഗതിയുടെയും തെളിവായി ചൂണ്ടിക്കാട്ടി. ആധുനിക ജനാധിപത്യ ഇന്ത്യയിൽ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൽമാൻ സോസിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇതിനെ ഒരു വിദ്വേഷ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.

'ദളിതർക്ക് രാജ്യത്ത് ഇടമില്ലേ?': ഖാർഗെയുടെ റാലിക്ക് പിന്നാലെ 'ശുദ്ധീകരണം', കോൺഗ്രസ്-ബിജെപി പോര് കത്തുന്നു
2025-ലെ ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ അൽ-ഖ്വയ്ദ ശൃംഖലയെന്ന് യുഎൻ, അടുത്ത ലക്ഷ്യം ബംഗ്ലാദേശോ?

ഈ പ്രതിഷേധങ്ങളുടെ അലയൊലികൾ അവസാനിച്ചത് പാർലമെന്റിലാണ്. രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ച മല്ലികാർജുൻ ഖാർ​ഗെ, ഇന്ത്യയിൽ ദളിതർക്ക് യാതൊരു സ്ഥാനവുമില്ലെന്ന കടുത്ത വിമർശനമാണ് ഉന്നയിച്ചത്. തന്റെ പ്രസം​ഗത്തിൽ താൻ ഒരു ജാതിയെയോ മതത്തെയോ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന രാംലീല മൈതാനത്ത് തന്റെ പ്രസംഗത്തിന് ശേഷം എന്തിനാണ് ബിജെപിക്കാർ ഹോമം നടത്തിയതെന്ന് ചോദിച്ച അദ്ദേഹം, ഇത് രാജ്യത്തെ വിഭജിക്കാനും ജാതീയമായ സംഘർഷങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമമാണെന്നും സഭയിൽ തുറന്നടിച്ചു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നത് ഇങ്ങനെയെല്ലാമാണോ എന്ന ഖാർഗെയുടെ വൈകാരികമായ ചോദ്യം പ്രതിപക്ഷത്തിന് വലിയൊരു രാഷ്ട്രീയ ആയുധമാണ് നൽകിയത്.

എന്നാൽ, ഈ ആരോപണങ്ങളെ പ്രതിരോധിക്കാൻ ബിജെപിയും വലതുപക്ഷ സംഘടനകളും മറ്റൊരു രാഷ്ട്രീയ ഭാഷ്യമാണ് നിരത്തുന്നത്. രാംലീല മൈതാനം ഹിന്ദുമതപരമായ പരിപാടികൾക്ക് മാത്രമുള്ളതാണെന്നും, അവിടെ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചത് വേദിയുടെ പവിത്രത തകർത്തുവെന്നുമാണ് ശുദ്ധീകരണം നടത്തിയ സംഘടനയുടെ വാദം. ഇതിന് പുറമെ, ഖാർഗെയുടെ റാലിയിൽ ചിലർ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ മുഴക്കിയത് സനാതന ധർമ്മ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഉത്തരാഖണ്ഡ് ബിജെപി വക്താവ് ഖജൻ ദാസ് ആരോപിച്ചു. ദളിത് കാർഡ് ഇറക്കി കോൺഗ്രസ് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ ബിജെപി, ബി.ആർ അംബേദ്കർ, ബാബു ജഗ്ജീവൻ റാം, മുൻ കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരി എന്നിവരോട് കോൺഗ്രസ് കാണിച്ച അനാദരവുകൾ ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്തു. ഖാർഗെയുടെ മുൻകാല പ്രസ്താവനകളെയും ഇവർ തങ്ങളുടെ ന്യായീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്.

സംസ്ഥാന തലത്തിൽ ബിജെപി ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ചപ്പോൾ, ദേശീയ നേതൃത്വം വളരെ കരുതലോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ദളിത് വിരുദ്ധരെന്ന പ്രതിച്ഛായ ഒഴിവാക്കുന്നതിന്റെ ഭാഗമായി, ഇത്തരം പ്രവൃത്തികളെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രാജ്യസഭയിൽ വ്യക്തമാക്കി. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെങ്കിലും അതേക്കുറിച്ച് അന്വേഷിക്കുമെന്ന നദ്ദയുടെ ഉറപ്പ്, പാർലമെന്റിലെ ഭരണപക്ഷത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമായിരുന്നു.

'ദളിതർക്ക് രാജ്യത്ത് ഇടമില്ലേ?': ഖാർഗെയുടെ റാലിക്ക് പിന്നാലെ 'ശുദ്ധീകരണം', കോൺഗ്രസ്-ബിജെപി പോര് കത്തുന്നു
ലഡ്ഡുവും ഗുലാബ് ജാമുനും ഇനി കാണാൻ കിട്ടില്ലേ? ഇന്ത്യൻ തീൻമേശകളെ തകർക്കുന്ന കാലാവസ്ഥാ വ്യതിയാനം

ഹൽദ്വാനിയിലെ ഈ സംഭവം കേവലമൊരു പ്രാദേശിക തർക്കമല്ല. ദളിത് വോട്ടുകൾ ഏകീകരിക്കാനും ബിജെപിയുടെ സവർണ്ണ-ഹിന്ദുത്വ മുഖം തുറന്നുകാട്ടാനും കോൺഗ്രസ് ഈ വിഷയത്തെ ഉപയോഗിക്കുമ്പോൾ, ഹൈന്ദവ വികാരങ്ങളെ മുൻനിർത്തി പ്രതിരോധം തീർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദളിത് അവകാശങ്ങളും മതപരമായ പവിത്രതയും തമ്മിലുള്ള ഈ ഏറ്റുമുട്ടൽ വരും നാളുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായ ചർച്ചകൾക്കും ധ്രുവീകരണങ്ങൾക്കും വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Summary

A massive political controversy has erupted following a 'shuddhikaran' (purification) ceremony held at Haldwani's Ramlila Ground just days after Congress President Mallikarjun Kharge addressed a rally there. Congress leaders strongly condemned the act, calling it a casteist insult targeting Kharge's Dalit identity. The issue escalated to the Parliament during the final day of the Monsoon Session, where an emotional Kharge accused the BJP of dividing the nation and leaving "no space for Dalits." In response, BJP National President J.P. Nadda distanced his party from the incident, promising an investigation. Meanwhile, state BJP leaders justified the right-wing group's actions, claiming that inappropriate religious slogans raised during the Congress rally had hurt Sanatan Dharma sentiments.

Madism Digital
madismdigital.com