

രാജ്യത്ത് അടച്ചു പൂട്ടുന്ന സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നതായാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം തന്നെ സൂചിപ്പിക്കുന്നത്. ലോക്‌സഭയിൽ തിങ്കളാഴ്ച കേന്ദ്ര സർക്കാർ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, പ്രതിവർഷം 10,000 സർക്കാർ സ്കൂളുകളാണ് ഇന്ത്യയിൽ അടച്ചുപൂട്ടുന്നത്. കുട്ടികളില്ലാത്തതും സ്കൂളുകളുടെ ഏകീരണവുമുൾപ്പടെ കാരണങ്ങൾ പലതുണ്ടെങ്കിലും ഇത്രയും വലിയൊരു കണക്ക് ഒരു കാരണവശാലും കണ്ടില്ലെന്ന് നടിക്കാനാവില്ല.
മേഘാലയ,തെലങ്കാന,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം സ്കൂളുകൾ അടച്ചുപൂട്ടുന്നതെന്നാണ് കേന്ദ്ര റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2024-25 കാലയളവിൽ 8,89,806 ആയിരുന്ന സ്കൂളുകളുടെ എണ്ണം 2025-26 ആയപ്പോഴേക്കും 8,79,940 ആയി കുറഞ്ഞു. അതായത് 9,866 സ്കൂളുകളുടെ കുറവ്. സഭയിൽ ഡിഎംകെ എംപി ടി ആർ ബാലുവിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം കണക്ക് അവതരിപ്പിച്ചത്. കുട്ടികളുടെ കുറവ് മൂലം രാജ്യത്ത് എലമെന്ർററി സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അത് തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെ എന്നുമായിരുന്നു എംപിയുടെ ചോദ്യം.
കുട്ടികളില്ല എന്ന കാരണത്താലാണോ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത് എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സ്കൂൾ പഠനം ഉപേക്ഷിക്കുന്നത് തടയുന്നതിനും പ്രവേശനം വർധിപ്പിക്കുന്നതിനുമായി സമഗ്ര ശിക്ഷ, പി.എം പോഷൻ എന്നിവയ്ക്ക് പുറമേ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, റസിഡൻഷ്യൽ സ്കൂളുകൾ, ഹോസ്റ്റലുകൾ, ഗതാഗത സൗകര്യങ്ങൾ, പ്രവേശന പ്രചാരണങ്ങൾ, പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയിലൂടെയും സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളാണ് കൂടുതലായും അടച്ചുപൂട്ടുന്നത്. ഇതിൽ ഒറ്റരാത്രി കൊണ്ട് പ്രവർത്തനം നിലച്ച സ്കൂളുകൾ വരെയുണ്ട്. പല സംസ്ഥാനങ്ങളിലും ഈ സ്കൂളുകൾ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂളുകളുമായി കൂട്ടിച്ചേർക്കപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ സ്കൂളുകൾ അടച്ചുപൂട്ടിയാലും കുട്ടികളുടെ പഠനം മുടങ്ങില്ല.
കുറഞ്ഞ വിദ്യാർത്ഥികളുള്ളതോ അല്ലെങ്കിൽ അടുത്തടുത്ത് പ്രവർത്തിക്കുന്നതോ ആയ സ്കൂളുകളെ തമ്മിൽ ലയിപ്പിച്ച് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒറ്റ വലിയ സ്കൂളായി മാറ്റുന്ന പ്രക്രിയയെയാണ് സ്കൂളുകളുടെ Consolidation അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ/ഏകീകരണം എന്ന് പറയുന്നത്.
ചെറിയ സ്കൂളുകളിലെ വിഭവങ്ങൾ ഒന്നിപ്പിച്ച് ലൈബ്രറി, ലാബുകൾ, സ്പോർട്സ് സൗകര്യങ്ങൾ, ഡിജിറ്റൽ ക്ലാസ് റൂമുകൾ എന്നിവ കൂടുതൽ കാര്യക്ഷമമായി ഒരുക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. എങ്കിലും, ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കേണ്ടി വരുന്നത് ഇതിന്റെ ഒരു പ്രധാന വെല്ലുവിളിയാണ്.
ജീവിത നിലവാരം മെച്ചപ്പെടുന്നതോട് കൂടി, ആളുകൾ സർക്കാർ സ്കൂളുകൾ ഉപേക്ഷിച്ച് കൂടുതൽ സൌകര്യങ്ങളുള്ള പ്രൈവറ്റ് സ്കൂളുകൾ തിരഞ്ഞെടുക്കുന്നതും സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് ഒരു പ്രധാന കാരണമാണ്. യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം അഥവാ UDISE+ നൽകുന്ന വിവരമനുസരിച്ച്, 2024 മുതൽ 2026 വരെയുള്ള അധ്യയന വർഷങ്ങളിൽ 86 ലക്ഷം കുട്ടികളുടെ കുറവാണ് സർക്കാർ സ്കൂളുകളിലുണ്ടായത്. ഈ കാലയളവിൽ 88 ലക്ഷം വിദ്യാർഥികൾ പ്രൈവറ്റ് സ്കൂളുകളിൽ വർധിക്കുകയും ചെയ്തു.
ഫീസ് നൽകേണ്ടി വന്നാൽ പോലും മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, അച്ചടക്കം, അധ്യാപകരുടെ കൃത്യമായ സാന്നിധ്യം, യാത്രാസൗകര്യങ്ങൾ, ഉയർന്ന സാമൂഹിക പദവിയോടുള്ള ആഗ്രഹം എന്നിവയാണ്.
സ്കൂൾ വിദ്യാഭ്യാസ വിവരങ്ങളെക്കുറിച്ചുള്ള നീതി ആയോഗിന്റെ ഈ വിശകലനം ചൂണ്ടിക്കാണിക്കുന്നത്, പല മേഖലകളിലും അടിസ്ഥാന സൗകര്യ സൂചകങ്ങളും അധ്യാപകരുടെ എണ്ണവും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദശകത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ക്രമേണ കുറവുണ്ടായിട്ടുണ്ട് എന്നത് തന്നെയാണ്.
അതേസമയം, സ്കൂൾ ഉപേക്ഷിക്കുന്നവരുടെ നിരക്കിലെ കുറവും ഒരുകോടിയിലധികം വരുന്ന അധ്യാപക ശക്തിയും പോസിറ്റീവ് സൂചകങ്ങളായി കേന്ദ്ര സർക്കാർ എടുത്തുപറയുന്നു.
സ്കൂളുകളുടെ ഏകീകരണം വഴി ആവശ്യത്തിന് അധ്യാപകരും, ഡിജിറ്റൽ സൗകര്യങ്ങളും, മികച്ച പഠന പിന്തുണയുമുള്ള ഒരു സ്കൂളാണ് രൂപപ്പെടുന്നതെങ്കിൽ, അതിന് വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കും. എന്നാൽ യാത്രാസൗകര്യമോ പിന്തുണയോ ഇല്ലാതെ കുട്ടികളെ ദൂരെയുള്ള സ്കൂളുകളിലേക്ക് മാറ്റുകയാണെങ്കിൽ, കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നതിൽ തിരിച്ചടിയുണ്ടായേക്കാം.
Recent reports indicate a sharp rise in the number of government schools being shut down across India. According to data presented by the Central Government in the Lok Sabha on Monday, nearly 10,000 government schools are being closed every year in the country. While reasons such as declining student enrolment and the consolidation of schools are often cited, such a significant figure cannot be ignored.
The Centre's report shows that Meghalaya, Telangana, and Andhra Pradesh have recorded the highest number of school closures. The total number of schools in India fell from 889,806 in 2024–25 to 879,940 in 2025–26, marking a decline of 9,866 schools.
The figures were presented in response to a question raised by DMK MP T.R. Baalu in the Lok Sabha. He had asked whether elementary schools were being closed due to a shortage of students and what measures the government had taken to prevent such closures.