

ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും മരുമകന്‍ ജാരെഡ് കുഷ്‌നറും ചേര്‍ന്ന് അല്‍ബേനിയയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഭീമന്‍ ആഡംബര തീരദേശ ടൂറിസം പദ്ധതിക്കെതിരെ അല്‍ബേനിയന്‍ ജനത തെരുവില്‍. തലസ്ഥാനമായ തിരാന യിലും പദ്ധതി പ്രദേശങ്ങളിലും വന്‍ ജനകീയ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. മുന്‍ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന അല്‍ബേനിയയെ അന്താരാഷ്ട്ര ആഡംബര ടൂറിസം ഭൂപടത്തില്‍ എത്തിക്കുമെന്ന പ്രധാനമന്ത്രി എഡി രാമയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തകരും പൊതുജനങ്ങളും ശക്തമായ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ഡേവിഡ് സെന്റയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവാന്‍ക ട്രംപ് തന്നെ ഈ പദ്ധതിയുടെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിന്റെ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി നീന്തിക്കയറിയ സാസന്‍ ദ്വീപില്‍ നഗ്‌നപാദരായി നടത്തിയ നടത്തമാണ് ഈ പദ്ധതിയിലേക്ക് തങ്ങളെ എത്തിച്ചതെന്നാണ് ഇവാന്‍കയുടെ അവകാശവാദം.
എന്നാല്‍, ഈ ഭംഗിയുള്ള കഥയ്ക്കു പിന്നില്‍ അല്‍ബേനിയയുടെ ഏറ്റവും വിലപ്പെട്ട പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറാനുള്ള വന്‍ ഗൂഢാലോചനയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുഷ്‌നറുമായി ബന്ധപ്പെട്ട ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് അല്‍ബേനിയന്‍ അധികൃതര്‍ 'പ്രത്യേക നിക്ഷേപക പദവി' ഇതിനകം തന്നെ അനുവദിച്ചുകഴിഞ്ഞു.
400 കോടി യൂറോ (ഏകദേശം 460 കോടി ഡോളര്‍) ചെലവഴിക്കുന്ന ഈ ആഡംബര പദ്ധതിക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്:
1. നാര്‍ട്ട ലഗൂണ്‍ വികസനം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വൈല്‍ഡ് ലൈഫ് റിസര്‍വായ ഇവിടെ വില്ലകളും ആഡംബര അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലുകളും നിര്‍മിക്കും.
2. സാസന്‍ ഐലന്‍ഡ് റിസോര്‍ട്ട്: കമ്യൂണിസ്റ്റ് ഭരണകാലത്ത് സൈനികത്താവളമായിരുന്ന, നിലവില്‍ ജനവാസമില്ലാത്ത ദ്വീപ് പൂര്‍ണമായും ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കും.അഡ്രിയാറ്റിക് തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയും ദേശാടനപ്പക്ഷികളുടെ താവളവുമായ നാര്‍ട്ട ലഗൂണ്‍ ഇല്ലാതാകുന്നതോടെ പ്രകൃതിക്കു വന്‍ നാശമുണ്ടാകുമെന്ന് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.പ്രതിഷേധ റാലികളില്‍ ജനം ഒന്നടങ്കം 'പിങ്ക് ഫ്‌ളെമിംഗോ'കളുടെ കട്ട് ഔട്ടുകളുമായി എത്തിയത് ഈ പരിസ്ഥിതി നാശത്തിലേക്ക് വിരല്‍ചൂണ്ടിയാണ്.
മേയ് അവസാന വാരം മുതല്‍ തന്നെ പ്രദേശത്ത് മണ്ണുമാന്ത്രികളും ഭാരമേറിയ മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് മണല്‍ തിട്ടകള്‍ ഇടിച്ചും പൈന്‍ മരങ്ങള്‍ വെട്ടിമാറ്റിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ ജനങ്ങള്‍ സമാധാനപരമായി പ്രതിഷേധിച്ചപ്പോള്‍ സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ജനരോഷം ഇരട്ടിയാക്കി.
ജൂണ്‍ ഏഴിനു തിരാനയില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവ് കൈയടക്കിയത്. പരീക്ഷണാത്മക നീന്തല്‍ താരം ഇവ ബുസോ വിവാദ ദ്വീപിന് ചുറ്റും 15 കിലോമീറ്റര്‍ നീന്തിക്കൊണ്ട് പ്രകൃതിസംരക്ഷണത്തിനായി വേറിട്ട പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് കടുത്ത അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. പദ്ധതിക്കായി നീക്കിവെച്ച ഭൂമി സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇതിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയയില്‍ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അല്‍ബേനിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതേ നിക്ഷേപ കൂട്ടുകെട്ട് മുന്‍പ് സെര്‍ബിയയില്‍ നടത്തിയ സമാനമായ ഒരു പദ്ധതി വലിയ അഴിമതിയിലാണ് കലാശിച്ചത്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ കുഷ്‌നറുടെ കമ്പനിക്ക് അനുകൂലമായി നിയമനിര്‍മാണം നടത്തിയതിന് ഒരു സര്‍ക്കാര്‍ മന്ത്രി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. പൈതൃക മേഖലയായി സംരക്ഷിച്ചിരുന്ന സൈനിക സമുച്ചയത്തിന്റെ നിയമപരമായ പരിരക്ഷ എടുത്തുമാറ്റിയാണ് അന്ന് അവിടെ അഴിമതിക്ക് വഴിയൊരുക്കിയത്. തുടര്‍ന്ന് കുഷ്‌നര്‍ക്ക് ആ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വന്നിരുന്നു. സമാനമായ ഒരു അഴിമതിയും നിയമലംഘനവുമാണ് അല്‍ബേനിയയിലും ആവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ശ്രമിക്കുന്ന അല്‍ബേനിയക്ക് ഈ ആഡംബര പദ്ധതി അനിവാര്യമാണെന്ന നിലപാടിലാണ് പ്രധാനമന്ത്രി എഡി രാമ. ''ഞാന്‍ ഇവിടെയുള്ളിടത്തോളം കാലം ഈ നിക്ഷേപം തടയാന്‍ ആര്‍ക്കും കഴിയില്ല. 400 കോടി യൂറോ നിക്ഷേപിക്കാന്‍ തയാറായി വരുന്ന അസാധാരണ പങ്കാളികളെ കണ്ട് അല്‍ബേനിയ ഭയപ്പെടേണ്ടതില്ല,'' എഡി രാമ വ്യക്തമാക്കി.
എന്നാല്‍, വികസനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പരമാധികാരവും പ്രകൃതിയും വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് എഴുതിക്കൊടുക്കുന്നതിനെതിരെ അല്‍ബേനിയന്‍ ജനത പോരാട്ടം ശക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ അന്താരാഷ്ട്ര രാഷ്ട്രീയ-കോര്‍പ്പറേറ്റ് സഖ്യത്തിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നാണ് തിരാനയില്‍നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.
English summary:
A €4 billion luxury tourism project in Albania, backed by Jared Kushner and Ivanka Trump, has sparked widespread protests. The development would transform the ecologically sensitive Narta Lagoon and the uninhabited Sazan Island into luxury resorts, hotels, and villas.
Environmental groups warn that the project could damage important wildlife habitats, while critics allege corruption and irregularities in land transfers. Thousands have protested in Tirana, accusing the government of prioritizing foreign investors over environmental protection. Prime Minister Edi Rama strongly supports the investment, arguing it will boost Albania's economy and tourism sector.