വിമാനങ്ങൾ നിലച്ചു, ബാങ്കുകൾ പണിമുടക്കി, ആപ്പിളും വീണു; അമേരിക്കയിൽ ഡിജിറ്റൽ പ്രതിസന്ധി!

തകരാറുകൾക്ക് പിന്നിൽ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണോ അതോ ബോധപൂർവമായ ഇടപെടലുകളുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
വിമാനങ്ങൾ നിലച്ചു, ബാങ്കുകൾ പണിമുടക്കി, ആപ്പിളും വീണു; അമേരിക്കയിൽ ഡിജിറ്റൽ പ്രതിസന്ധി!
Published on: 

അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ വിവിധ സാങ്കേതിക സംവിധാനങ്ങളിൽ തുടർച്ചയായി തകരാറുകൾ ഉണ്ടായത് വലിയ ചർച്ചയായിരിക്കുകയാണ്. ബാങ്കിങ് ഇടപാടുകൾ തടസ്സപ്പെട്ടതും വിമാന സർവീസുകൾ മുടങ്ങിയതും മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടതും സർക്കാർ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതുമെല്ലാം ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, യുണൈറ്റഡ് എയർലൈൻസ്, ആപ്പിൾ, ചാൾസ് ഷ്വാബ്, മാരിയറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സേവനങ്ങളെയാണ് തകരാറുകൾ ബാധിച്ചത്. കൂടാതെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയായ എൻഎസ്എയുടെ നെറ്റ്‌വർക്കിലും തകരാറുകളുണ്ടായി. തുടർച്ചയായ തകരാറുകൾ സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചും എഐ ഉയർത്തുന്ന ഭീഷണികളെക്കുറിച്ചും പുതിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.

സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി അവ ഉപയോഗിച്ച് സൈബർ ആക്രമണം നടത്താൻ എഐ സഹായിക്കുന്നുണ്ടെന്നാണ് ഈ വാർത്തകൾക്ക് പിന്നാലെ വിദഗ്ധർ പറയുന്നത്. സോഫ്റ്റ്‌വെയർ കമ്പനികൾക്ക് ഈ പിഴവുകൾ പരിഹരിക്കാനാവുന്നതിനേക്കാൾ വേഗത്തിൽ ആക്രമണകാരികൾക്ക് എഐ വഴി അവ കണ്ടെത്താൻ സാധിക്കുന്നു എന്ന് പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധയായ നിക്കോൾ പെർലോത്ത് ചൂണ്ടിക്കാട്ടുന്നു.

2025നെ അപേക്ഷിച്ച് ഈ വർഷം നവംബർ വരെയുള്ള സുരക്ഷാ പിഴവുകൾ മൂന്നിരട്ടിയായെന്നും അവർ പറയുന്നു. എന്നാൽ, ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ സൈബർ ആക്രമണമാണെന്നതിന് തെളിവില്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുന്നത്. ഓരോ സംഭവത്തിന്റെയും കാരണങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. പതിവ് അറ്റകുറ്റപ്പണികൾക്കിടെയാണ് എൻഎസ്എയുടെ നെറ്റ്‌വർക്കിൽ താൽക്കാലിക പ്രശ്നമുണ്ടായതെന്ന് അധികൃതരും അറിയിച്ചിരുന്നു.

വിമാനങ്ങൾ നിലച്ചു, ബാങ്കുകൾ പണിമുടക്കി, ആപ്പിളും വീണു; അമേരിക്കയിൽ ഡിജിറ്റൽ പ്രതിസന്ധി!
എന്താണ് മൈക്രോസോഫ്റ്റിൽ സംഭവിച്ചത്? ആർക്കൊക്കെയാണ് ഇത് തിരിച്ചടിയായത്?

കഴിഞ്ഞ വ്യാഴാഴ്ച മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലുണ്ടായ വലിയ തകരാറോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് അമേരിക്കയിൽ നാലര മണിക്കൂറോളം വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവന്നു. ബാങ്കിങ് സേവനങ്ങളും യുണൈറ്റഡ് എയർലൈൻസിന്റെ 150 വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇന്നലെ ആപ്പിളിന്റെ ഐക്ലൗഡ്, ആപ്പിൾ പേ സേവനങ്ങളെയും സാങ്കേതിക പ്രശ്നം ബാധിച്ചു. ഇത് സൈബർ ആക്രമണമല്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ സാങ്കേതിക സംവിധാനങ്ങളും പുതിയ സോഫ്റ്റ്‌വെയറുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് നോർത്ത് ടെക്സസ് സർവകലാശാലയിലെ ഡോ. ജോസ് ലിനേറോസ് പറഞ്ഞു. ഒരു സംവിധാനത്തിലുണ്ടാകുന്ന ചെറിയ തകരാർ പോലും അതുമായി ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളെ ബാധിക്കാം. എഐ ഉപയോഗിച്ച് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനങ്ങൾ നിലച്ചു, ബാങ്കുകൾ പണിമുടക്കി, ആപ്പിളും വീണു; അമേരിക്കയിൽ ഡിജിറ്റൽ പ്രതിസന്ധി!
എന്താണ് 'ഡിജിറ്റല്‍ അറസ്റ്റ്'? ലക്ഷക്കണക്കിന് ആളുകളെ കുരുക്കുന്ന സൈബര്‍ തട്ടിപ്പിന് തടയിടാന്‍ റിസര്‍വ് ബാങ്ക്

അമേരിക്കയിൽ അവധിക്കാല ഷോപ്പിങ് സീസൺ ആരംഭിക്കാനിരിക്കെ കമ്പനികൾ വലിയ തോതിൽ സാങ്കേതിക സംവിധാനങ്ങൾ പുതുക്കുന്നതും തകരാറുകൾക്ക് കാരണമാകാമെന്നാണ് സതേൺ മെത്തഡിസ്റ്റ് സർവകലാശാലയിലെ ഡോ. ക്ലൈൻ സ്മിത്തിന്റെ അഭിപ്രായം. സംവിധാനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവുന്നതുപോലും അപ്രതീക്ഷിതമായ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഒരേ സമയത്ത് പ്രമുഖ സ്ഥാപനങ്ങളിൽ തകരാറുണ്ടായതുകൊണ്ട് മാത്രം ഇവയെല്ലാം തമ്മിൽ ബന്ധമുണ്ടെന്ന് കരുതാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പതിവ് അറ്റകുറ്റപ്പണികൾക്കിടെ റൂട്ടർ മാറ്റിയതാണ് അമേരിക്കയിൽ വിമാന സർവീസുകൾ നിർത്തിവെക്കാൻ കാരണമായത്. ദേശീയ കാലാവസ്ഥാ സേവന വിഭാഗത്തിലെ അറ്റകുറ്റപ്പണികളും തടസ്സങ്ങളുണ്ടാക്കി. മാരിയറ്റിന്റെ വെബ്സൈറ്റിലും ബോൺവോയ് ആപ്പിലും ലോഗിൻ ചെയ്യുന്നതിന് പ്രശ്നമുണ്ടായെങ്കിലും സൈബർ സുരക്ഷാ ആക്രമണത്തിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. സാങ്കേതിക സംവിധാനങ്ങൾ ഒരിക്കലും തകരാറിലാകില്ലെന്ന് ഉറപ്പിക്കുന്നതിനുപകരം, അപ്രതീക്ഷിത പ്രശ്നങ്ങളെ നേരിടാൻ സജ്ജമായിരിക്കണമെന്നും വേഗത്തിൽ പരിഹരിക്കണമെന്നുമാണ് വിദഗ്ധരുടെ നിർദേശം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംഭവങ്ങളെ നിസ്സാരമായാണ് കണ്ടത്. വലിയ സംവിധാനങ്ങൾ പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നോ ഏതെങ്കിലും ശത്രുരാജ്യമോ സൈബർ കുറ്റവാളികളോ ഇതിന് പിന്നിലുണ്ടെന്നോ മുന്നറിയിപ്പ് ഇല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.

അതേസമയം സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹക്കീം ജെഫ്രിസും രംഗത്തെത്തിയിട്ടുണ്ട്. തകരാറുകൾക്ക് പിന്നിൽ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണോ അതോ ബോധപൂർവമായ ഇടപെടലുകളുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിമാന സർവീസുകൾ നിർത്തിവെക്കാൻ കാരണമായ സംഭവത്തിൽ ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും ജെഫ്രിസ് പറഞ്ഞു. അതേസമയം, വിമാനഗതാഗത നിയന്ത്രണ സംവിധാനത്തിൽ പുതുതായി സ്ഥാപിച്ച റൂട്ടറിന് അമിതമായ പ്രവർത്തനഭാരം ഉണ്ടായതാണ് ആശയവിനിമയ ശൃംഖലയിൽ തകരാറുണ്ടാക്കിയതെന്നാണ് അമേരിക്കൻ ഗതാഗത സെക്രട്ടറി സീൻ ഡഫിയുടെ വിശദീകരണം.

വ്യക്തിഗത വിവരങ്ങളും പണവും സുരക്ഷിതമാക്കാൻ ഉപയോക്താക്കളും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതായുണ്ട്. ബാങ്ക് അക്കൗണ്ടുകളിൽ മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിക്കുന്നത് അക്കൗണ്ടിലേക്കുള്ള അനധികൃത പ്രവേശനം തടയാൻ സഹായിക്കും. പൊതു വൈഫൈ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് ഒഴിവാക്കണം. ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും പണം കൈമാറുമ്പോഴും മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. വീട്ടിലെ വൈഫൈ റൂട്ടറിന്റെ ഡിഫോൾട്ട് പാസ്‌വേഡ് മാറ്റി ശക്തമായ പാസ്‌വേഡ് നൽകുകയും എളുപ്പത്തിൽ ഊഹിക്കാൻ കഴിയാത്ത നീളമുള്ള ഫ്രേസുകൾ ഉപയോഗിക്കുകയും വേണം. അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നതായി അറിയിപ്പ് ലഭിച്ചാൽ ഉടൻ പാസ്‌വേഡ് മാറ്റണം. ഒരേ പാസ്‌വേഡ് മറ്റ് അക്കൗണ്ടുകളിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവയും മാറ്റേണ്ടതാണ്.

തുടർച്ചയായ സാങ്കേതിക തകരാറുകൾക്ക് പിന്നിൽ സംഘടിത സൈബർ ആക്രമണമുണ്ടെന്നതിന് ഇതുവരെ തെളിവുകളില്ലെങ്കിലും സംഭവങ്ങൾ ഉയർത്തുന്ന ആശങ്ക ചെറുതല്ല. പഴയ സാങ്കേതിക സംവിധാനങ്ങളുടെ പരിമിതികളും പുതിയ സോഫ്റ്റ്‌വെയറുകളുടെ അപ്‌ഡേറ്റുകളും എഐയുടെ വളർച്ചയും സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുന്നുണ്ട്. സാങ്കേതികവിദ്യയെ പൂർണമായി ആശ്രയിക്കുന്ന ഇന്നത്തെ ലോകത്ത് ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുന്നതിനൊപ്പം, തകരാറുകൾ ഉണ്ടായാൽ വേഗത്തിൽ പരിഹരിക്കാനും സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കമ്പനികളും സർക്കാരുകളും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

സാങ്കേതിക സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം വർധിക്കുകയും എഐയുടെ ഉപയോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം തകരാറുകൾ ഭാവിയിൽ വലിയ പ്രതിസന്ധികൾക്ക് കാരണമാകുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.

Summary

A series of major technology outages across the US has disrupted Microsoft, Apple, banking services, airlines and the National Security Agency. While experts have raised concerns about aging infrastructure, software updates and AI-related cybersecurity risks, US officials say there is no evidence linking the incidents to cyberattacks or a coordinated plot. The disruptions have highlighted the need for stronger digital security, reliable technology systems and faster recovery measures.