

1049 കോടി രൂപയുടെ സ്വത്ത്. 19,233 ഗ്രാം സ്വർണം, 1,31,813 ഗ്രാം വെള്ളി, 1,217 കാരറ്റ് വജ്രം, 32 ഗ്രാം പ്ലാറ്റിനം, കുടുംബത്തിന്റെ ആകെ ആസ്തി 5,863 കോടി രൂപ... പറഞ്ഞുവരുന്നത് തമിഴ്‌നാട് കണ്ടതിൽ വെച്ചേറ്റവും ധനികയായ എംഎൽഎ ലീമാ റോസ് മാർട്ടിനെക്കുറിച്ചാണ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ലീമയുടെ സ്വത്തുവകകളുടെ കണക്കെടുത്താൽ അത് മുഖ്യമന്ത്രി വിജയ്‌യുടെ മുഴുവൻ സ്വത്തിന്റെ ഒൻപത് മടങ്ങുണ്ടാകും.
കഴിഞ്ഞ വർഷം മാത്രം 9.82 കോടി രൂപയാണ് ലീമയുടെ വരുമാനം. സമ്പന്നതയുടെ പരകോടിയിൽ നിൽക്കുന്ന കുടുംബം. അളവറ്റ സ്വത്തും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലോട്ടറി ബിസിനസിലുള്ള ബന്ധങ്ങളും ലീമാ റോസിന് നൽകിയത് വലിയ കുപ്രസിദ്ധിയാണ്.
ഒറ്റയ്ക്കുണ്ടാക്കിയ സ്വത്തോ വിവാദങ്ങളോ അല്ലെങ്കിൽ പോലും തമിഴ്‌നാട് നിയമസഭയിൽ ഇന്നേറ്റവും കൂടുതൽ വാർത്താമൂല്യമുള്ള എംഎൽഎയാണ് ലീമാ റോസ്. ലോട്ടറി കുംഭകോണം, അനധികൃത സ്വത്ത് സമ്പാദനം, ഇ.ഡി റെയ്ഡ്, ഇലക്ടറൽ ബോണ്ട്.... ഇങ്ങനെ ലീമാ റോസിന്റെ പേരുചേർന്ന വിവാദങ്ങൾ അനേകമുണ്ട്. പേരിനൊപ്പമുള്ള മാർട്ടിൻ, ഇന്ത്യയിലെ പ്രബലമായ ലോട്ടറി ബിസിനസിന്റെ വിഹിതമാണെന്നതാണ് ഒട്ടും അതിശയോക്തി ഇല്ലാത്ത വസ്തുത. ഇന്ത്യയിലെ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ പത്‌നിയാണ് ലീമാ റോസ്.
കേരളം, സിക്കിം, കർണാടക എന്നീ സംസ്ഥാനങ്ങളിലായി നിയമവിരുദ്ധമായ ലോട്ടറി പ്രവർത്തനം, നികുതി വെട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം എന്നിങ്ങനെ വലിയ ആരോപണങ്ങൾ സാന്റിയാഗോ മാർട്ടിനും മാർട്ടിൻ ഗ്രൂപ്പും നേരിട്ടിട്ടുണ്ട്. മാർട്ടിൻ കുടുംബത്തിന്റെ വസ്തുവകകൾ ഇഡി റെയ്ഡ് ചെയ്ത സാഹചര്യങ്ങൾ നിരവധി തവണ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. സ്വാഭാവികമായും അതിലൊക്കെയും ലീമാ റോസും പേരുചേർക്കപ്പെട്ടു.
ലോട്ടറി ബിസിനസുമായി ബന്ധപ്പെട്ട, കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനത്തിൽ ലീമാ റോസിന്റെ പേരും എഫ്‌ഐആറിൽ ഉണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി കൃത്രിമരേഖകൾ സമർപ്പിച്ചുവെന്ന കുറ്റത്തിന് 2013ൽ ഏതാനും ദിവസം റിമാൻഡിലും കഴിഞ്ഞു. 2019-2024 കാലയളവിൽ 1,368 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയും മാർട്ടിൻ കുടുംബം വാർത്തകളിലിടം പിടിച്ചിരുന്നു. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊളിറ്റിക്കൽ ഡോണർ ആയി ലീമാ റോസും കുടുംബവും മാറി.
ഇതാദ്യമായാണ് എംഎൽഎ സ്ഥാനത്തേക്ക് ലീമ മത്സരിക്കുന്നത്. അതും എൻഡിഎ ടിക്കറ്റിൽ എഐഎഡിഎംകെ സ്ഥാനാർഥിയായി. 2,739 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ടിവികെയുടെ കു.പ കൃഷ്ണനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്ത് വീണ്ടുമൊരു പൊളിറ്റിക്കൽ സർപ്രൈസ്.
വിവാദങ്ങൾ പിന്നാലെയുണ്ടെങ്കിൽ കൂടിയും ലീമാ റോസിന്റെ വിജയം രാഷ്ട്രീയ നാഴികക്കല്ലാണെന്നതാണ് വസ്തുത. പൊതുജനത്തിന് അത്ര പരിചിതമല്ലാതിരുന്ന ഒരു മുഖം ചുരുങ്ങിയ കാലയളവിൽ നേടിയെടുത്ത ജനശ്രദ്ധ എത്ര അവഗണിച്ചാലും കണ്ടില്ലെന്ന് നടിക്കാനാവില്ല.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പട്ടികകളിൽ അതിസമ്പന്നർ ഇതിനു മുൻപും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ആസ്തികളുടെ അതിവിപുലമായ തോതാണ് ലീമാ റോസിനെ വാർത്തകളിലെത്തിച്ചത്. ലീമയിലൂടെ, അതിസമ്പന്നരുടെ രാഷ്ട്രീയപ്രവേശം ബിസിനസിനും രാഷ്ട്രീയത്തിനുമിടയിലുണ്ടാക്കുന്ന സ്വാധീനം വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നൽകുന്ന സ്വത്തുവിവരങ്ങൾ, എങ്ങനെ ഒരു സ്ഥാനാർഥി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനു കാരണമാകുന്നുവെന്നും ലീമാ റോസിന്റെ വിജയം ചൂണ്ടിക്കാട്ടുന്നു.