

വേനൽക്കാലം കടുക്കുന്നതോടെ സംസ്ഥാനത്ത് അമീബിക് തലച്ചോറ് വീക്കം (Amoebic Meningoencephalitis) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്. നെഗ്ലേരിയ ഫൗളറി, അക്കാന്തമീബ തുടങ്ങിയ സൂക്ഷ്മജീവികളാണ് ഈ ഗുരുതരമായ അസുഖത്തിന് കാരണമാകുന്നത്. മലിനമായ ജലാശയങ്ങളിൽ കാണപ്പെടുന്ന അമീബകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണം ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പുവരുത്തണം, എന്നി കാര്യങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്.
അസുഖത്തിന്റെ ലക്ഷണങ്ങൾ
സാധാരണയായി മൂക്കിലൂടെയാണ് ഈ അണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ മുറിവുകളിലൂടെയും നാഡീവ്യൂഹത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കഠിനമായ പനി, പെട്ടെന്നുണ്ടാകുന്ന തലവേദന, ഛർദ്ദി, കഴുത്ത് വേദന, ബോധക്ഷയം, പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കുക. രോഗം അതിവേഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഒട്ടും വൈകിക്കരുത്.
രോഗപ്രതിരോധ മാർഗങ്ങൾ
അസുഖം തടയുന്നതിനായി കെട്ടിക്കിടക്കുന്ന വെള്ളത്തിലും അഴുക്കുചാലുകളിലും ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക. കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് വൃത്തിയായി സൂക്ഷിക്കണം. നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ നോസ് ക്ലിപ്പുകൾ ധരിക്കാൻ ശ്രദ്ധിക്കണം, ഇത് മൂക്കിലൂടെ വെള്ളം കയറുന്നത് തടയാൻ സഹായിക്കും. കൂടാതെ, വേനൽക്കാലത്ത് ജലസ്രോതസ്സുകൾ വറ്റുന്ന സാഹചര്യത്തിൽ അവയിലെ ശുചിത്വം ഉറപ്പാക്കുന്നത് രോഗവ്യാപനം കുറയാൻ സാധിക്കും
ചികിത്സാരീതികൾ
അമീബിക് അണുബാധ തിരിച്ചറിയാനുള്ള പരിശോധനകൾ കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലെയും മൈക്രോബയോളജി വിഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും 90 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗത്തെ, കൃത്യമായ ഇടപെടലുകളിലൂടെ കേരളത്തിൽ 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ ശരിയായ സമയത്ത് ചികിത്സ തേടുന്നത് ജീവൻ രക്ഷിക്കാൻ ഉപകരിക്കും.
English Summary: Health authorities have warned about the risk of amoebic meningoencephalitis, a rare but deadly brain infection, during summer. The disease spreads through contaminated water, entering the body via the nose, and requires urgent medical attention if symptoms appear