വിട്ടുമാറാത്ത പുറംവേദന സ്തനാർബുദത്തിന്റെ ലക്ഷണമാകാമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

എല്ലാ ക്യാൻസറുകളും പുസ്തകങ്ങളിൽ പറയുന്നതുപോലെയുള്ള ലക്ഷണങ്ങൾ മാത്രം കാണിക്കണമെന്നില്ല
വിട്ടുമാറാത്ത പുറംവേദന സ്തനാർബുദത്തിന്റെ ലക്ഷണമാകാമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
Published on

സാധാരണയായി ജോലിഭാരം കൊണ്ടോ, തെറ്റായ ഇരുത്തം കൊണ്ടോ, പേശികൾക്കുണ്ടാകുന്ന ആയാസം കൊണ്ടോ ഒക്കെയാകാം പുറംവേദന ഉണ്ടാകുന്നത് എന്ന് കരുതി നാം അവഗണിക്കാറുണ്ട്. എന്നാൽ വിട്ടുമാറാത്ത പുറംവേദന ചിലപ്പോൾ സ്തനാർബുദത്തിന്റെ മുന്നറിയിപ്പാകാമെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധർ.

അടുത്തിടെ എക്സിൽ ഒമർ എന്ന ഡോക്ടർ പങ്കുവെച്ച ഒരു രോഗിയുടെ അനുഭവക്കുറിപ്പ് ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്തനത്തിൽ ഒരു മുഴയുമായാണ് 27 വയസ്സുകാരിയായ ഒരു യുവതി അദ്ദേഹത്തെ സമീപിച്ചത്. പരിശോധനയിൽ ക്യാൻസർ ആകാൻ സാധ്യതയുള്ളതും എന്നാൽ അസാധാരണവുമായ ഒരു മുഴയാണെന്ന് ഡോക്ടർക്ക് സംശയം തോന്നി. വേദനസംഹാരികൾ സ്ഥിരമായി കഴിച്ച് വയറിന് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ഇതിനിടയിൽ യുവതി ഡോക്ടറോട് പറഞ്ഞു. എന്തിനാണ് ഇത്രയധികം വേദനസംഹാരികൾ കഴിക്കുന്നത് എന്ന് ചോദിച്ചപ്പോഴാണ്, കഴിഞ്ഞ ഒരു മാസമായി തനിക്ക് കടുത്ത പുറംവേദനയുണ്ടെന്ന് അവർ പറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനകളിൽ അവർക്ക് സ്റ്റേജ് 4 സ്തനാർബുദമാണെന്നും, അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രത്യേകിച്ച് നട്ടെല്ലിലേക്കും പടർന്നതുകൊണ്ടാണ് കടുത്ത പുറംവേദന ഉണ്ടായതെന്നും കണ്ടെത്തി.

വിട്ടുമാറാത്ത പുറംവേദന സ്തനാർബുദത്തിന്റെ ലക്ഷണമാകാമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
ദീർഘനേരമുള്ള ഇരിപ്പ് അപകടകരമോ? ക്യാൻസർ മരണസാധ്യത വർധിപ്പിക്കുമെന്ന് പഠനം

വിദഗ്ധർ പറയുന്നത് എന്ത്?

സ്തനങ്ങളിൽ കാണപ്പെടുന്ന വേദനയില്ലാത്ത മുഴകളാണ് സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. എന്നാൽ എല്ലാ ക്യാൻസറുകളും പുസ്തകങ്ങളിൽ പറയുന്നതുപോലെയുള്ള ലക്ഷണങ്ങൾ മാത്രം കാണിക്കണമെന്നില്ലെന്ന് താനെയിലെ കിംസ് ആശുപത്രിയിലെ ബ്രെസ്റ്റ് ഓങ്കോസർജറി വിഭാഗം മേധാവി ഡോ. വാണി പർമർ പറയുന്നു. ചിലപ്പോൾ ക്യാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുമ്പോഴാകാം ആ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

ചെറുപ്പക്കാരിൽ ഉണ്ടാകുന്ന പുറംവേദന പലപ്പോഴും ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടാകാം. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വേദന, ക്രമേണ വേദന വർദ്ധിച്ചുവരിക, ഉറക്കത്തിൽ നിന്ന് ഉണർത്തുന്ന രീതിയിലുള്ള കടുത്ത വേദന ഉണ്ടാകുക തുടങ്ങിയ സ്വഭാവത്തോടെയുള്ളതാണ് ഈ വേദനയെങ്കിൽ കൃത്യമായ വൈദ്യപരിശോധന ആവശ്യമാണ്. ചെറുപ്പക്കാർക്ക് ക്യാൻസർ വരില്ലെന്ന ധാരണയും തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജോലിത്തിരക്കുകൾക്കും കുടുംബകാര്യങ്ങൾക്കുമിടയിൽ പലപ്പോഴും യുവതികൾ ശരീരം കാണിക്കുന്ന ഇത്തരം ചെറിയ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്.

ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി

സ്ഥിരമായി പുറംവേദന ഉണ്ടെങ്കിലോ, സ്തനങ്ങളിൽ മുഴ കണ്ടാലോ അത് ക്യാൻസർ ആണെന്ന് കരുതി ഭയപ്പെടേണ്ടതില്ലെന്ന് ഹെഡ് & നെക്ക് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ (HNCII) സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. കനവ് കുമാർ വ്യക്തമാക്കുന്നു. മിക്ക കേസുകളിലും ഇവ ക്യാൻസറുമായി ബന്ധപ്പെട്ടതായിരിക്കില്ല. എന്നാൽ ശരീരം തരുന്ന ഇത്തരം മുന്നറിയിപ്പുകളെ നാം അവഗണിക്കരുത്. എത്രയും നേരത്തെ രോഗം കണ്ടെത്തുന്നുവോ അത്രയും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

വിട്ടുമാറാത്ത പുറംവേദന സ്തനാർബുദത്തിന്റെ ലക്ഷണമാകാമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യ: ഇന്ത്യയിൽ വർധിക്കുന്ന ഇൻസോമ്നിയ

സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

സ്തനങ്ങളുടെ സാധാരണ രൂപവും ഘടനയും മനസ്സിലാക്കി അവയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സ്തനങ്ങളിലോ കക്ഷത്തിലോ പുതിയ മുഴകൾ അനുഭവപ്പെടുക, ചർമ്മത്തിലോ നിപ്പിളുകളിലോ അസാധാരണമായ മാറ്റങ്ങൾ കാണപ്പെടുക എന്നീ സാഹചര്യങ്ങളിൽ ഒട്ടും വൈകാതെ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. കൂടാതെ, വിട്ടുമാറാത്ത ഏത് ശാരീരിക ബുദ്ധിമുട്ടുകളെയും നിസ്സാരമായി കാണാതെ കൃത്യസമയത്ത് ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം.

Summary

Back pain is a common health complaint and is rarely caused by breast cancer. However, persistent or unexplained back pain—especially when accompanied by symptoms such as a breast lump, nipple discharge, skin changes, unexplained weight loss, or fatigue—should not be ignored. In some cases, breast cancer can spread to the spine or bones, causing ongoing back pain. Early diagnosis and timely medical evaluation are essential for better treatment outcomes.

Madism Digital
madismdigital.com