ബംഗ്ലാദേശിൽ വ്യാപകമായി ജീവനെടുത്ത് അഞ്ചാംപനി, 250 കടന്ന് മരണം; ഇന്ത്യയ്ക്കു വെല്ലുവിളിയോ?

രോഗം അതിർത്തി കടന്ന് ഇന്ത്യയിലും മ്യാന്മറിലും പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന
ബംഗ്ലാദേശിൽ വ്യാപകമായി ജീവനെടുത്ത് അഞ്ചാംപനി, 250 കടന്ന് മരണം; ഇന്ത്യയ്ക്കു വെല്ലുവിളിയോ?
Published on

ബംഗ്ലാദേശിൽ വ്യാപകമായി പടർന്നുപിടിച്ച വൈറസ് രോഗമായ മീസിൽസ് അഥവാ അഞ്ചാംപനിയിൽ 250 കടന്ന് മരണം. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നതു വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വളരെ പെട്ടന്ന് പകരുന്ന രോഗമായ അഞ്ചാംപനി ഇന്ത്യയ്ക്കും ഭീഷണിയാണെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

രോഗം അതിർത്തി കടന്ന് ഇന്ത്യയിലും മ്യാന്മറിലും പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നിരക്ക് ഉയർന്നതാണെങ്കിലും ജാഗ്രത പുലർത്തേണ്ട ആവശ്യകത എടുത്തുപറയുകയാണ് ആരോഗ്യ വിദഗ്ധർ.

ബംഗ്ലാദേശിലെ രോഗവ്യാപനത്തിനു പിന്നിൽ

ബംഗ്ലാദേശിലെ എട്ട് ഡിവിഷനുകളിലായുള്ള 64 ജില്ലകളിൽ 58 എണ്ണത്തിലും അഞ്ചാംപനി വ്യാപനം ശക്തമാണ്. മാർച്ച് 15 മുതൽ 43 പേർ വരെ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. അതേസമയം, ഇതേ കാലയളവിൽ സംശയിക്കപ്പെടുന്ന അഞ്ചാംപനി മരണങ്ങളുടെ എണ്ണം 216 ആണ്. ഒരു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് 91 ശതമാനവും അഞ്ചാംപനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബംഗ്ലാദേശിൽ വ്യാപകമായി ജീവനെടുത്ത് അഞ്ചാംപനി, 250 കടന്ന് മരണം; ഇന്ത്യയ്ക്കു വെല്ലുവിളിയോ?
ചിലരെ മാത്രം കൊതുക് കടിക്കില്ല; രസകരമായ ശാസ്ത്രീയ കാരണങ്ങളറിയാം!

ഇന്ത്യയെപ്പോലെ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നിരക്ക് ഉയർന്ന തോതിലുള്ള രാജ്യമായിരുന്നു ബംഗ്ലാദേശ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, പ്രത്യേകിച്ച് 2025-ൽ കുത്തിവയ്പിലുണ്ടായ കുറവാണ് രോഗം ഇപ്പോൾ പടർന്നുപിടിക്കുന്നതിലേക്കും മരണസംഖ്യ ഉയരുന്നതിലേക്കും നയിച്ചത്. ആറു മാസം പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് അടിയന്തര വാക്സിനേഷിന് ഡ്രൈവിന് തുടക്കിമിട്ടുകൊണ്ട് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബംഗ്ലാദേശ് ശ്രമിക്കുന്നുണ്ട്. എന്നാൽ രോഗവ്യാപനത്തിനു ശമനമില്ല.

2020ന് ശേഷം വലിയ തോതിലുള്ള പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടന്നിട്ടില്ല. 2024ൽ നിശ്ചയിച്ച ക്യാമ്പയിൻ രാഷ്ട്രീയ അസ്ഥിരത കാരണം നീണ്ടുപോകുകയും ചെയ്ത. 2025ൽ കുത്തിവയ്പ് നിരക്ക് 59.6 ശതമാനമായി ഇടിഞ്ഞതായാണ് ബംഗ്ലാദേശിലെ ആരോഗ്യ വൃത്തങ്ങൾ നൽകുന്ന വിവരം.

ഇന്ത്യയ്ക്കു മുന്നിലെ വെല്ലുവിളിയും പ്രതിരോധവും

ബംഗ്ലാദേശിലെ ആഴത്തിലുള്ള അഞ്ചാംപനി വ്യാപനം അയൽരാജ്യങ്ങളായ ഇന്ത്യയ്ക്കും മ്യാന്മറിനും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളായ ജഷോർ, ചപ്പായ് നവാബ്ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ത്യക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്ന ഘടകം.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ അതിർത്തി കടന്നുള്ള യാത്ര സജീവമായതിനാൽ രോഗം രാജ്യത്തേക്കു വ്യാപിക്കാനുള്ള സാധ്യത എടുത്തുപറയുന്നതാണ് ലോകാരോഗ്യ സംഘടന ഏപ്രിൽ 23ന് പുറപ്പെടുവിച്ച റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബംഗ്ലാദേശിൽ വ്യാപകമായി ജീവനെടുത്ത് അഞ്ചാംപനി, 250 കടന്ന് മരണം; ഇന്ത്യയ്ക്കു വെല്ലുവിളിയോ?
കാന്‍സർ: വില്ലൻ ജനിതകമല്ല, ജീവിതശൈലിയാണ്! രോഗകാരണങ്ങളും പ്രതിരോധ മാർഗങ്ങളും

അതേസമയം, ഇന്ത്യയിൽ അഞ്ചാംപനി ദേശീയ പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉയർന്ന കുത്തിവെയ്പ് നിരക്കാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2024–25 കാലയളവിൽ ആദ്യ ഡോസ് 93.7 ശതമാനവും രണ്ടാം ഡോസ് 92.2 ശതമാനവും നൽകിയിട്ടുണ്ട്. എന്നാൽ 2022 നും 2023 നും ഇടയിൽ ഇന്ത്യയിൽ അഞ്ചാംപനി കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ആശങ്കയ്ക്കു കാരണമാകുന്നതാണ്. 2022ൽ മുംബൈ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ വ്യാപനം ഉണ്ടായിരുന്നെങ്കിലും തുടർന്ന് നടപ്പാക്കിയ ശക്തമായ പ്രതിരോധ മരുന്ന് വിതരണം മൂലം ഇപ്പോൾ ഭൂരിഭാഗം കുട്ടികൾക്കും പ്രതിരോധശേഷി ലഭിച്ചിട്ടുണ്ട്.

അറിയാതെ പോകരുത് രോഗതീവ്രത!

ഏത് പ്രായക്കാരലേക്കും രോഗം ബാധിക്കാമെങ്കിലും, കുട്ടികളിലാണ് കൂടുതൽ അപകടസാധ്യത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരുടെ മൂക്ക്, വായ്, തൊണ്ട എന്നിവയിലൂടെ വൈറസ് എളുപ്പത്തിൽ മറ്റൊരാളിലേക്ക് പകരുന്നു. ഒരു രോഗിയിൽനിന്നു 12 മുതൽ 18 പേരിലേക്കു വരെ വൈറസ് പടരാൻ സാധ്യതയുണ്ട്. സാധാരണയായി 10 മുതൽ 14 ദിവസത്തിനുശേഷമാണ് രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക.

കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾ ചുവന്നും വെള്ളം വാർന്നും കാണുക, വായ്ക്കുള്ളിൽ ചെറിയ വെള്ളപ്പാടുകൾ (Koplik’s spots) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടർന്ന് മുഖത്ത് വരുന്ന ചുവന്ന പാടുകൾ (rash) ശരീരത്തിലേക്ക് പടരും. ഈ ചുവന്ന പാടുകൾ വരുന്നതിന് നാല് ദിവസം മുമ്പും വന്നതിന് നാല് ദിവസം വരെയും മറ്റുള്ളവരിലേക്ക് രോഗം പെട്ടന്ന് പകരുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.

രണ്ട്-മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടിയാലും തുടർന്നുണ്ടാകുന്ന ന്യൂമോണിയ, എൻസെഫലൈറ്റിസ്, കാഴ്ച നഷ്ടം എന്നിവയുൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകും. ചിലപ്പോൾ മരണത്തിനും കാരണമാകാൻ സാധ്യതയുണ്ട്. പ്രത്യേകമായ ചികിത്സയില്ലാത്തതിനാൽ, പ്രതിരോധ കുത്തിവയ്പ് തന്നെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. കുറഞ്ഞത് 95 ശതമാനം ഇരട്ട ഡോസ് വാക്സിനേഷൻ ഉറപ്പാക്കുകയും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കിയത് മാത്രമേ അസുഖത്തെ മറികടക്കാനാകൂയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ബംഗ്ലാദേശിൽ വ്യാപകമായി ജീവനെടുത്ത് അഞ്ചാംപനി, 250 കടന്ന് മരണം; ഇന്ത്യയ്ക്കു വെല്ലുവിളിയോ?
എല്ലാം ഭക്ഷ്യവിഷബാധയല്ല; വില്ലൻ കനക്കുന്ന ചൂടോ? വയറിലെ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണവും പരിഹാരവും ഇതാ

വാക്സിനേഷൻ ക്യാമ്പയിനുകൾ നടപ്പാക്കുന്നതിനോടൊപ്പം രോഗബാധിതരെ ഉടൻ ഐസൊലേഷൻ/ക്വാറന്റൈനിൽ പാർപ്പിക്കുകയെന്നതാണ് രോഗവ്യാപനം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ളവർക്ക് വൈറസ് സമ്പർക്കത്തിന് പിന്നാലെ പ്രതിരോധ ചികിത്സ നൽകുന്നതും അത്യാവശ്യമാണ്.

English Summary: A severe measles outbreak in Bangladesh, which has claimed over 250 lives—mostly children—has raised global concern. The World Health Organization (WHO) has warned of a high risk of cross-border transmission to countries like India and Myanmar due to travel and proximity. While India’s high vaccination coverage offers strong protection, experts stress the need for vigilance, especially in border regions and among unvaccinated populations. The outbreak has been linked to declining immunisation rates in Bangladesh, highlighting the importance of sustained vaccination drives and surveillance.

Madism Digital
madismdigital.com