

ഇന്നത്തെ കാലത്ത് കുട്ടികളുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളാണ് പ്രധാന വില്ലൻ. ബിസ്ക്കറ്റുകൾ, ചിപ്‌സുകൾ, ഇൻസ്റ്റന്റ് നൂഡിൽസ് തുടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇത്തരം ഭക്ഷണങ്ങളിൽ നാരുകൾ (Fibre) തീരെ കുറവായതിനാൽ മലം കട്ടിയാകാനും അത് പുറന്തള്ളാൻ പ്രയാസമുണ്ടാകാനും കാരണമാകുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലെ കുറവ് ഈ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ശരീരത്തിൽ ആവശ്യത്തിന് വെള്ളം എത്താത്തത് മലബന്ധത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. നാരുകളുള്ള ഭക്ഷണം കഴിച്ചാലും അത് ഫലപ്രദമാകണമെങ്കിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇതിനുപുറമെ, കുട്ടികൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നതും ശാരീരിക അധ്വാനം കുറഞ്ഞതും കുടലുകളുടെ ചലന വേഗത കുറക്കുന്നു. മാത്രമല്ല ഫോൺ സ്ക്രീൻ ടൈം കൂടുന്നതും കളിക്കളങ്ങളിൽ നിന്ന് കുട്ടികൾ അകലുന്നതും ദഹനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
മലബന്ധം കേവലം ഒരു വയറു വേദനയിൽ അവസാനിക്കുന്ന പ്രശ്നമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മലദ്വാരത്തിലെ മുറിവുകൾ (Anal fissures), വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. മലം പിടിച്ചുവെക്കുന്ന സ്വഭാവം കുട്ടികളിൽ മാനസികമായ അസ്വസ്ഥതകൾക്കും ദേഷ്യത്തിനും കാരണമാകാറുണ്ട്. ഇത് കുട്ടികളുടെ വളർച്ചയെപ്പോലും ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച പ്രതിവിധി. പരിപ്പുവർഗ്ഗങ്ങൾ, ഇലക്കറികൾ, നട്‌സ്, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ ശൗചാലയത്തിൽ പോകുന്ന ശീലവും ധാരാളം വെള്ളം കുടിക്കുന്നതും നിർബന്ധമാക്കുക. വീട്ടിലെ പ്രതിവിധികൾ കൊണ്ട് മാറാത്ത മലബന്ധമാണെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഒരു പീഡിയാട്രീഷ്യന്റെ സഹായം തേടേണ്ടതാണ്.
English Summary: Doctors warn that constipation in children should not be ignored, as poor diet, low water intake and lack of physical activity are increasing digestive problems. If untreated, constipation can lead to pain, anal fissures and long-term health issues.