12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭാരം കുറയ്ക്കാൻ GLP-1 മരുന്നുകൾ; ആശങ്കയോടെ ആരോഗ്യലോകം

ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വെറും നാല് മാസത്തിനുള്ളിൽ 341 കുറിപ്പടികളാണ് നൽകിയത്.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭാരം കുറയ്ക്കാൻ GLP-1 മരുന്നുകൾ; ആശങ്കയോടെ ആരോഗ്യലോകം
Published on: 

കളിച്ചുചിരിച്ച് നടക്കേണ്ട പ്രായത്തിൽ കുട്ടികൾ അമിതവണ്ണമെന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നത്തോട് മല്ലിടുകയാണ്. ഇംഗ്ലണ്ടിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ ആരോഗ്യരംഗത്ത് കടുത്ത ആശങ്കകളാണ് ഉയർത്തുന്നത്. അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന GLP-1 വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കുട്ടികളിൽ, പ്രത്യേകിച്ച് 12 വയസ്സിന് താഴെയുള്ളവരിൽ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു.

ദി ​ഗാർഡിയൻ ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമപ്രകാരം NHS ബിസിനസ് സർവീസസ് അതോറിറ്റിയിൽ നിന്ന് ശേഖരിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2025-26 സാമ്പത്തിക വർഷത്തിൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി 419 തവണ ഈ മരുന്നുകൾ കുറിപ്പടി രൂപത്തിൽ നൽകിയിട്ടുണ്ട് (ഇതിൽ 10 എണ്ണം 12 വയസ്സിൽ താഴെയുള്ളവർക്ക്). ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വെറും നാല് മാസത്തിനുള്ളിൽ 341 കുറിപ്പടികളാണ് നൽകിയത്.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭാരം കുറയ്ക്കാൻ GLP-1 മരുന്നുകൾ; ആശങ്കയോടെ ആരോഗ്യലോകം
കണ്ടാല്‍ സംശയം തോന്നില്ല, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യരുത്

എന്നാൽ, ഇതിനേക്കാൾ ഭയപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്. ഈ കണക്കുകൾ കമ്മ്യൂണിറ്റി കേന്ദ്രങ്ങളിൽ നിന്ന് നൽകിയവ മാത്രമാണ്. സ്വകാര്യ ആശുപത്രികൾ, സ്വകാര്യ കുറിപ്പടികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ വഴിയുള്ള കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഒരു സ്വകാര്യ ക്ലിനിക്ക് മാത്രം വെളിപ്പെടുത്തിയത്, തങ്ങളുടെ 200-ലധികം കുട്ടികൾ ഈ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നുണ്ടെന്നാണ്. ചുരുക്കത്തിൽ, പുറത്തുവന്ന കണക്കുകൾ യഥാർത്ഥ പ്രശ്നത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്.

കുട്ടികളിലെ അമിതവണ്ണം നേരിടാൻ 2021ൽ NHS പരീ​ക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതാണ് കോംപ്ലിക്കോഷൻസ് ഫ്രം എക്സസ് വെയ്റ്റ് ക്ലിനിക്കുകൾ. മെയ് മാസത്തിൽ NHS പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 6500ഓളം കുട്ടികളാണ് ഇത്തരം ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ ഏറ്റവും വേദനിപ്പിക്കുന്ന കാര്യം, നാല് വയസിൽ താഴെയുള്ള നാന്നൂറിലധികം പിഞ്ചുകുഞ്ഞുങ്ങൾ ഈ പട്ടികയിലുണ്ട് എന്നതാണ്. ഈ പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ലോകാരോ​ഗ്യ സംഘടന പുറത്തിറക്കിയ ആ​ഗോള മാർ​ഗനിർദേശങ്ങളിൽ വ്യക്തമായി പറയുന്നത് 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് GLP-1 ഉൾപ്പെടെയുള്ള മരുന്നുകൾ നൽകാൻ പാടില്ല എന്നാണ്. എന്നാൽ മറുവശത്ത് കാര്യങ്ങൾ നീങ്ങുന്നത് മറ്റൊരു ദിശയിലാണ്.

'വെഗോവി', 'വിക്ടോസ' എന്നീ മരുന്നുകളുടെ നിർമ്മാതാക്കളായ നോവോ നോർഡിസ്ക്, 6 മുതൽ 12 വയസ്സ് വരെയുള്ള 165 കുട്ടികളിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടി ഈ മരുന്നുകൾ ചെറിയ കുട്ടികൾക്കും ഗുണകരമാണെന്ന് വാദിക്കുന്നു. ഔദ്യോഗിക അനുമതി ലഭിച്ചാൽ 8 വയസ്സിന് മുകളിലുള്ള കുട്ടികളിലേക്കും ഈ ചികിത്സ വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായി CEW ക്ലിനിക്ക് ഡോക്ടറായ ദുനിയ ഇസ്മായിൽ വ്യക്തമാക്കുന്നു. ഇത് വൈദ്യശാസ്ത്രപരമായ ആവശ്യകതയാണോ അതോ മരുന്ന് കമ്പനികളുടെ വിപണി താല്പര്യങ്ങളാണോ എന്ന വിമർശനം ഇവിടെ ശക്തമാകുന്നു.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭാരം കുറയ്ക്കാൻ GLP-1 മരുന്നുകൾ; ആശങ്കയോടെ ആരോഗ്യലോകം
നിശ്ചലമായി അമേരിക്കന്‍ വ്യോമഗതാഗതം; 9/11നുശേഷം രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ്, സംഭവിച്ചതെന്ത്?

മുതിർന്നവരിൽ മികച്ച ഫലം നൽകുന്ന ഈ മരുന്നുകൾ വളരുന്ന കുട്ടികളിൽ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത ആവശ്യമാണ്. സറേ സർവകലാശാലയിലെ പ്രൊഫസർ മാർട്ടിൻ വൈറ്റ് നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്. കുട്ടികളുടെ വളർച്ച, യൗവനാരംഭം, പോഷകാഹാര ഉപഭോഗം, മാനസികാരോഗ്യം എന്നിവയെ ഈ മരുന്നുകൾ എങ്ങനെ ബാധിക്കുമെന്നതിൽ ദീർഘകാല ഡാറ്റകൾ നിലവിലില്ല. വിശപ്പ് കുറയ്ക്കുന്ന ഈ മരുന്നുകൾ കാരണം കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയോ, മരുന്ന് നിർത്തുമ്പോൾ ഭാരം ഇരട്ടിയായി വർധിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്.

അതേസമയം, ഡോക്ടർമാരുടെ ഭാഗത്തുനിന്നും ശക്തമായ ന്യായീകരണങ്ങളുണ്ട്. അമിതവണ്ണം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, രോഗാവസ്ഥയാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഡോ. ജൂലിയൻ ഹാമിൽട്ടൺ-ഷീൽഡ് പറയുന്നതനുസരിച്ച്, ടൈപ്പ് 2 പ്രമേഹം, ഉറക്കത്തിൽ ശ്വാസതടസ്സം, കരൾ രോഗങ്ങൾ, തലച്ചോറിലെ മർദ്ദം കൂടുന്ന അവസ്ഥ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കാണ് ഈ മരുന്നുകൾ നൽകുന്നത്.

സാമൂഹികമായ ഒറ്റപ്പെടലും കളിയാക്കലുകളും കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്കൂളിൽ പോകാത്ത കുട്ടികൾ നിരവധിയുണ്ട്. ഈ മരുന്നുകളിലൂടെ 25-30 കിലോ ഭാരം കുറയുന്നത് അവരുടെ ജീവിതത്തിൽ പുതിയൊരു അർത്ഥം നൽകുന്നു. മറ്റു മാർഗ്ഗങ്ങളില്ലാത്ത സാഹചര്യത്തിൽ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയിൽ നിന്നുള്ള അകാലമരണം ഒഴിവാക്കാൻ ഇതൊരു അനിവാര്യതയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളിലെ അമിതവണ്ണത്തിന് GLP-1 മരുന്നുകൾ ഒരു മാന്ത്രികവടിയല്ല. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഇത് താൽക്കാലിക ആശ്വാസവും ജീവൻരക്ഷാ ഉപാധിയുമാകാം. എന്നാൽ ഒരു സമൂഹമെന്ന നിലയിൽ കുട്ടികളുടെ ആരോഗ്യത്തെ കേവലം മരുന്നുകളിൽ ഒതുക്കുന്നത് അപകടകരമാണ്. അനാരോഗ്യകരമായ ഭക്ഷണരീതികൾ നിയന്ത്രിക്കുക, സ്കൂളുകളിൽ ശാരീരിക പ്രവർത്തനങ്ങൾ ഉറപ്പാക്കുക, ജീവിതശൈലീ മാറ്റങ്ങൾക്ക് കുടുംബങ്ങളെ പ്രാപ്തരാക്കുക എന്നിവയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. രോഗം വന്നതിന് ശേഷം വിലയേറിയ മരുന്നുകൾ നൽകുന്നതിനേക്കാൾ, രോഗം വരാതെ തടയുന്ന സംവിധാനങ്ങൾക്കാണ് ഭരണകൂടം മുൻഗണന നൽകേണ്ടത്.

Summary

A recent Guardian report reveals that hundreds of children in England, including those under 12, are being prescribed GLP-1 weight-loss injections. While doctors defend the practice as a necessary medical intervention for children with severe obesity and related comorbidities, experts raise concerns about the lack of long-term data on physical development and the growing reliance on pharmaceutical solutions over lifestyle changes.